ന്യൂയോര്‍ക്ക്: വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്ക് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്വവര്‍ഗ അനുരാഗികളുമായി ബന്ധപ്പെട്ട കണ്ടന്റ് കാണുന്ന ഉപയോക്താക്കളെ നിരീക്ഷിച്ച് വരികയാണെന്ന് റിപ്പോര്‍ട്ട്. അത്തരം ഉപയോക്താക്കളുടെ ഒരു പട്ടികയും ടിക് ടോക്ക് അധികൃതര്‍ തയ്യാറാക്കിയതായി ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്‍ജിബിടിക്യൂ വിഷയം സംബന്ധിച്ച വീഡിയോകള്‍ കാണുന്ന ഉപയോക്താക്കളെ ടിക് ടോക്ക് ട്രാക്ക് ചെയ്തു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ്എ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഈ പ്രശ്നം ഉന്നയിച്ച് രംഗത്തെത്തിയതായും വാള്‍സ്ട്രീറ്റ് ജേണലില്‍ പറയുന്നു. ബാഹ്യ ശക്തികള്‍ക്ക് ഈ വിവരം ഉപയോഗപ്പെടുത്തി ഭീഷണിപ്പെടുത്താനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
മുമ്പും ടിക് ടോക്കിന്റെ ഡേറ്റ സംരക്ഷണ രീതികള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് ടിക് ടോക്കിന്റെ വാദം. അതേസമയം ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍കൈ എടുക്കണമെന്ന് ടെക് കമ്പനികളോട് എല്‍ജിബിടിക്യൂ ഗ്രൂപ്പായ ഗ്ലാഡ് (GLAAD) ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ടിക് ടോക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ നിയമജ്ഞരും രംഗത്തെത്തിയിരുന്നു. ചൈനീസ് ആപ്പായ ടിക് ടോക്കിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും അത് തങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നും യുഎസിലെ നിയമജ്ഞര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ നിരവധി രാജ്യങ്ങളാണ് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയും വിവരങ്ങളും ചോരുന്നുവെന്ന് കാട്ടിയാണ് പല രാജ്യങ്ങളും ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍, അമേരിക്കയിലെ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ടിക് ടോക്കിന്റെ മാതൃ കമ്പനി നിരീക്ഷിച്ച് വരികയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഒരു സൈബര്‍ സെക്യൂരിറ്റി സ്ഥാപനമാണ് ഇതു സംബന്ധിച്ച രേഖകള്‍ പുറത്ത് വിട്ടത്.
Also read- പാകിസ്ഥാനിൽ 40കാരനെ ആൾക്കൂട്ടം മര്‍ദിച്ച് കൊന്നു; മതനിന്ദാ പ്രസംഗം നടത്തിയെന്ന് ആരോപണം
ചെറിയ വീഡിയോകള്‍ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാന്‍സ് എന്ന ചൈനീസ് ഐ.ടി കമ്പനി വികസിപ്പിച്ചെടുത്ത ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ബൈറ്റ്ഡാന്‍സ് ഉടമസ്ഥതയില്‍, ചൈനയില്‍ 2016 സെപ്റ്റംബറില്‍ ഡുവൈന്‍ എന്ന പേരില്‍ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത്. ഏകദേശം ഒരു വര്‍ഷത്തിനു ശേഷം ടിക് ടോക്ക് എന്ന പേരില്‍ ഇത് വിദേശ രാജ്യങ്ങളില്‍ ഈ ആപ്പ് രംഗപ്രവേശം ചെയ്യുകയായിരുന്നു.
2018 ല്‍ ഏഷ്യ, അമേരിക്ക തുടങ്ങി ലോകത്തിന്റെ പലഭാഗത്തും ടിക്ടോക്ക് ജനപ്രിയത നേടി. 2018 ഒക്ടോബറിലെ കണക്ക് അനുസരിച്ച് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. 2018 ല്‍ ഇത് 150 ലധികം രാജ്യങ്ങളിലും 75 ഭാഷകളിലും ലഭ്യമായി. ഉപയോക്താക്കള്‍ക്ക് 3-60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോകള്‍ സൃഷ്ടിക്കാന്‍ ഈ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സാധിക്കും. 2020 ജൂലൈ 29ന് ആണ് ടിക് ടോക് ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ പൂര്‍ണമായും നിരോധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Homosexuals, LGBT, Tik Tok