അമേരിക്കയിലെ ഹവായി ദ്വീപിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് ലാവാപ്രവാഹം; വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
ഹവായിയിലെ രണ്ടാമത്തെ വലിയ അഗ്നിപർവതമായ കിലോയ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ കിലോയ മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പൊട്ടിത്തെറിച്ചു. അമേരിക്കൻ സംസ്ഥാനവും ദ്വീപമേഖലയുമായ ഹവായിയിലാണ് ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെത്തുടർന്ന് ലാവാപ്രവാഹം തുടങ്ങി. കിലോയയുടെ കൊടുമുടികളിലൊന്നായ കാൽഡിറയിലെ ഹാലെമൗമൗ അഗ്നിമുഖത്താണ് സ്ഫോടനം നടന്നത്.
ലാവാപ്രവാഹം കാണാൻ ദ്വീപിലെ ദേശീയ ഉദ്യാനത്തിലേക്ക് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഹവായ് ടൂറിസം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഹവായിയിലെ രണ്ടാമത്തെ വലിയ അഗ്നിപർവതമായ കിലോയ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്. എന്നാൽ ആളുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. ഹവായിയിലെ ദ്വീപുകൾ അഗ്നിപർവത സ്ഫോടനങ്ങളും തുടർന്നുള്ള ലാവാപ്രവാഹങ്ങളും മൂലം നിർമിതമാണ്. പ്രധാനമായും 5 അഗ്നിപർവതങ്ങളാണ് ഹവായിയിലുള്ളത്. ഇവയിലൊന്നാണ് കിലോയ.
advertisement
ハワイ時間6月7日午前4:44、ハワイ島のキラウエアのハレマウマウ火口で噴火が確認されました! 現地ではその様子を見ようとハワイ火山国立公園に向かう人で混雑しているそうです🌋 #ihearthawaii #Kilauea
🎥 Hawaii Volcanoes National Park ↓https://t.co/B8HErW5tPB pic.twitter.com/FQxHvVZBW4
— iHeart_Hawaii (@iHeart_Hawaii) June 8, 2023
1983 മുതൽ ഇടയ്ക്കിടെ തീതുപ്പുന്ന അഗ്നിപർവതമാണ് കിലോയ. അഞ്ച് അഗ്നിപർവതങ്ങൾ ചേർന്നാണ് ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രവും പസിഫിക് സമുദ്രത്തിലെ ദ്വീപുമായ ഹവായ്ക്കു രൂപം നൽകിയത്. 2018 മേയ് ആദ്യവാരമാണ് സമീപകാലത്ത് കിലോയയുടെ ഏറ്റവും വലിയ പൊട്ടിത്തെറി സംഭവിച്ചത്. കിലോയയുടെ അഗ്നിമുഖങ്ങളിൽ ഒന്നായ ‘പൂഓ’യുടെ ചുറ്റും ബലൂൺ പോലെ വീർത്തുയർന്നു. തുടർന്നാണ് വിസ്ഫോടനത്തോടെ ലാവാപ്രവാഹമുണ്ടായത്. ഹവായിയിലെ ജനവാസ മേഖലയായ ലെയ്ലാനി എസ്റ്റേറ്റ്സിന് കനത്ത നാശം സംഭവിച്ചു. 700 വീടുകൾ, മറ്റു ടൂറിസം കേന്ദ്രങ്ങൾ, റോഡുകൾ എന്നിവയൊക്കെ തകർന്നിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 09, 2023 11:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അമേരിക്കയിലെ ഹവായി ദ്വീപിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് ലാവാപ്രവാഹം; വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ്