ചൈനയുടെ സീറോ കോവിഡ് നയവും ഇന്ത്യയുടെ കോവിഡിനൊപ്പം ജീവിക്കുന്ന നയവും; വിജയിച്ചതാര്?
- Published by:Vishnupriya S
- news18-malayalam
Last Updated:
ചൈനീസ് സർക്കാരിന്റെ സീറോ-കോവിഡ് നയത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുകയാണ്.
ഒരു മാസത്തിലേറെയായി, ചൈനയിലെ സീറോ-കോവിഡ് നയത്തിനെതിരെയും ഷി ജിൻപിംഗിന്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെയും രാജ്യത്ത് ബഹുജന പ്രതിഷേധം അരങ്ങേറുകയാണ്. ഈ അവസരത്തിൽ പലരും മറന്നുപോയേക്കാവുന്ന ഒരു കാര്യമുണ്ട്. ലോകാരോഗ്യ സംഘടനയും ആഗോള മാധ്യമങ്ങളുമെല്ലാം ചൈനയുടെ കോവിഡ് പ്രതിരോധത്തെയും അവരുടെ വാക്സിനുകളെയുമൊക്കെ ഒരിക്കൽ പ്രശംസിച്ചിരുന്നു. ചൈനയുടെ കോവിഡ് പ്രതിരോധത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മറ്റു രാജ്യങ്ങൾ പ്രവർത്തിക്കണം എന്നാണ് തങ്ങളുടെ ആദ്യ ഓൺ-ഗ്രൗണ്ട് ടീമിനെ ചൈനയിലേക്ക് അയച്ചതിന് ശേഷം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
വാക്സിനേഷൻ ആരംഭിച്ച സമയത്ത് ചൈനീസ് വാക്സിനുകൾക്ക് അന്താരാഷ്ട്ര സമൂഹത്തിലും മാധ്യമങ്ങളിലും വലിയ സ്വീകാര്യതയുണ്ടായിരുന്നു. അവയുടെ ഫലപ്രാപ്തിയെക്കുറിച്ചു പോലും ആരും സംസാരിച്ചില്ല. അത് ഇന്നും ചോദ്യം ചെയ്യാനാവാത്തതായി തുടരുന്നു. തൊണ്ണൂറിലധികം രാജ്യങ്ങൾ ഈ വ്യാജ പ്രചരണത്തിൽ അകപ്പെടുകയും ചൈനീസ് വാക്സിനുകൾ വാങ്ങുകയും ചെയ്തു. പിന്നീടാണ് അതിന്റെ ഫലപ്രാപ്തി എത്രത്തോളം കുറവാണെന്ന് മനസിലാക്കിയത്. യുഎഇ അതിന് ഒരു ഉദാഹരണമാണ്. രാജ്യത്തെ പൗരന്മാർക്ക് ആദ്യം രണ്ട് ഡോസ് ചൈനീസ് വാക്‌സിനുകൾ നൽകിയിരുന്നു. എന്നാൽ ഇതിന് ഗുണനിലവാരമില്ലെന്നു മനസിലാക്കി, ചൈനീസ് നിർമിതമല്ലാത്ത, കൂടുതൽ ഫലപ്രദമായ മറ്റൊരു വാക്‌സിന്റെ രണ്ട് ഡോസ് വീതം വീണ്ടും നൽകുകയാണ് ചെയ്തത്. എന്നാൽ അവർ ചൈനീസ് വാക്സിൻ വാങ്ങുന്ന സമയത്ത് ചൈനയുടെ നയതന്ത്ര ശ്രമങ്ങൾ, ആഗോള സഹകരണം, വികസനം, ഗവേഷണം, നിർമാണ വൈദഗ്ദ്ധ്യം എന്നിവയെല്ലാം പ്രശംസിക്കപ്പെട്ടിരുന്നു.
advertisement
ചൈനീസ് വാക്സിൻ വാങ്ങാൻ ഇന്ത്യക്കുമേലും സമ്മർദം ഉണ്ടായിരുന്നു. അതേക്കുറിച്ച് സർക്കാരിനോട് പലരും സംസാരിക്കുകയും ചെയ്തു. ‘ഇന്ത്യ എന്തുകൊണ്ട് ചൈനീസ് വാക്‌സിനുകൾ വാങ്ങണം’ എന്ന വിഷയത്തിൽ 2021-ൽ ഒരു ആഗോള മാധ്യമം ചർച്ച പോലും നടത്തുകയുണ്ടായി. ഇന്ത്യ ചൈനയിൽ നിന്നും വാക്സിൻ വാങ്ങണം എന്ന് മറ്റൊരു ഇന്ത്യൻ മാധ്യമ സ്ഥാപനവും നിർദേശിച്ചു. ഈ ശുപാർശകൾക്കെല്ലാം പിന്നിൽ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. 2020 ജൂണിൽ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള ഗാൽവാൻ തർക്കത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നം രൂക്ഷമായ സമയമായിരുന്നു അത്. അതിർത്തി തർക്കങ്ങൾക്ക് അയവു വരുത്തുന്നതിന്റെ ഭാഗമായി കൂടി ചൈയിൽ നിന്നും വാക്സിൻ വാങ്ങാൻ കേന്ദ്രസർക്കാരിനെ ചിലർ ഉപദേശിച്ചു. മറ്റു പല രാജ്യങ്ങളും ചൈനീസ് വാക്സിൻ വാങ്ങുന്നുണ്ടെന്നും തന്റെ അഭിമാനം മാറ്റിവെക്കാനും നരേന്ദ്രമോദിയോട് പലരും പറഞ്ഞു.
advertisement
എന്നാൽ വാക്‌സിൻ നിർമാണത്തിനും വിതരണത്തിനും നേതൃത്വം നൽകിയ പ്രധാനമന്ത്രി നരരേന്ദ്ര മോദിക്ക് ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനുകൾ കൂടുതൽ മികച്ചതാണെന്ന് നന്നായി അറിയാമായിരുന്നു. ഇന്ത്യയിലെ വാക്‌സിൻ ക്ഷാമം ഹ്രസ്വകാലത്തേക്കു മാത്രം ഉള്ളതാണെന്നും 2021ന്റെ അവസാന പകുതിയിൽ രാജ്യത്തെ വാക്‌സിനുകളുടെ ഉത്പാദനം ഗണ്യമായി വർദ്ധിക്കുമെന്നും മോദിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമും മനസിലാക്കിയിരുന്നു.
advertisement
ആരംഭഘട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രതിരോധമാണ് ഇന്ത്യ സ്വീകരിച്ചത്. മാസ്‌കുകൾ, പിപിഇ കിറ്റുകൾ, വെന്റിലേറ്ററുകൾ എന്നിവ പോലുള്ള ആരോഗ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രതിരോധത്തിനും ചികിത്സയ്ക്കും പരിധി ഉണ്ടായിരുന്നതിനാൽ ടെസ്റ്റ്, ട്രാക്ക്, ഐസൊലേറ്റ്, ട്രീറ്റ് എന്നീ മാർഗങ്ങൾ ഇന്ത്യ ഫലപ്രദമായി നടപ്പിലാക്കി. ഒപ്പം രാജ്യത്തെ ജനങ്ങൾക്ക് വാക്സിനുകളും നൽകി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന വാക്സിനുകളുടെ ഉത്പാദന ശേഷി ഉയർത്തുക മാത്രമല്ല, മറ്റു രാജ്യങ്ങളിലേക്ക് അവ കയറ്റുമതിയും ചെയ്തു.
advertisement
ഇന്ന് ചൈനീസ് സർക്കാരിന്റെ സീറോ-കോവിഡ് നയത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുകയാണ്. സർക്കാരിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങളും വിതരണത്തിനായി ചൈനക്കാരെ ആശ്രയിക്കുന്ന ബിസിനസുകാർക്കിടയിലെ അതൃപ്തിയും പുറത്തു വന്നതോടെയാണ് ഇക്കാര്യങ്ങൾ പുറം ലോകമറിഞ്ഞത്. ജോലിക്കായി യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ചൈനയിലെ യുവാക്കളുടെ തൊഴിലില്ലായ്മ 20 ശതമാനത്തിലെത്തി, എക്കാലത്തെയും ഉയർന്ന നിരക്കാണിത്. പ്രമുഖ ബിസിനസ് കമ്പനികൾ ഇതിനകം തന്നെ അവരുടെ ഉത്പാദന യൂണിറ്റുകൾ മറ്റു രാജ്യങ്ങളിലേക്ക് മാറ്റാൻ ആലോചിക്കുകയാണ്. അവരുടെ ലക്ഷ്യസ്ഥാനങ്ങളിലൊന്ന് ഇന്ത്യയാണ്.
advertisement
തെറ്റായ കോവിഡ് പ്രതിരോധം മൂലം ലോകമെമ്പാടുമുള്ള പ്രധാന സമ്പദ്‌വ്യവസ്ഥകൾ ഇപ്പോൾ സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണ്. മറുവശത്ത്, ഡെൽറ്റ വേരിയന്റിന് ശേഷം ഇന്ത്യ തിരിച്ചു വരവിന്റെ സൂചനകൾ നൽകുകയാണ്. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിൽ സർക്കാർ വിജയിച്ചു. കൃത്യമായ ആസൂത്രണം കൊണ്ട് ആഗോള നിക്ഷേപകരുടെ പോലും ശ്രദ്ധനേടാനും വളർച്ചയുടെ കാര്യത്തിൽ പ്രധാന സമ്പദ്‌വ്യവസ്ഥകളെയെല്ലാം മറികടക്കാനും ഇന്ത്യക്ക് കഴിഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഇന്ത്യ സ്വയം രക്ഷിച്ചു എന്നു തന്നെ പറയാം.
കോവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള യുഎസ് സെനറ്റ് കമ്മിറ്റി അന്വേഷണം ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലാബിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോവിഡ്-19 വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സിദ്ധാന്തം പൂർണ്ണമായും ഇല്ലാതാക്കുന്ന റിപ്പോർട്ടാണിത്. ഇതു കൂടാതെ ചൈനീസ് വാക്സിനുകളുടെ നിലവാരമില്ലായ്മ വ്യക്തമായതും അത് പല രാജ്യങ്ങൾക്കും വിറ്റതും രാജ്യത്തു നടക്കുന്ന ബഹുജന പ്രതിഷേധവുമെല്ലാം മൂലം ലോക രാജ്യങ്ങളിൽ പലർക്കും ഇപ്പോൾ ചൈനയോട് അത്ര മതിപ്പില്ല. മുൻപുണ്ടായിരുന്ന സാഹചര്യമെല്ലാം മാറി. ഇന്ത്യയിൽ നിർമിച്ച വാക്സിനുകൾ വാങ്ങാൻ ചൈന ഇന്ത്യയെ സമീപിക്കേണ്ട സമയമാണിത്. പ്രതിവർഷം അഞ്ചു ബില്ല്യനിലധികം ഡോസുകൾ നിർമിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. നമ്മുടെ വാക്‌സിനുകൾ ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദവും സുരക്ഷിതവും താങ്ങാനാവുന്നതുമാണ്. വിതരണത്തിനായി COWIN എന്ന ആപ്പുമുണ്ട്. ഇത് സ്വേച്ഛാധിപത്യ ഷി ഭരണകൂടത്തിന് സമ്മതിക്കാൻ കഴിയുന്ന കാര്യമാണോ എന്നറിയില്ല.
advertisement
ഈ വസ്തുതകൾക്കെല്ലാമിടയിലും ചില ചോദ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് – ഇന്ത്യക്കു മേൽ സമ്മർദം ചെലുത്താനും ചൈനീസ് താൽപര്യങ്ങൾ സംരക്ഷിക്കാനും വേണ്ടി വ്യാഖ്യാനങ്ങളും അജണ്ടകളും നിർമിച്ച വിദഗ്ധരും മാധ്യമ സ്ഥാപനങ്ങളും തങ്ങൾ മുൻപു പറഞ്ഞത് തെറ്റാണെന്നു സമ്മതിക്കുമോ? മഹാമാരിയിൽ നിന്നും കരകയറാൻ ചൈനയ്ക്ക് ഇന്ത്യയുടെ സഹായം എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആഗോള മാധ്യമങ്ങൾ ഇപ്പോൾ നൽകുമോ? അത് നടക്കുമെന്നു തോന്നുന്നില്ല. സ്വതന്ത്രവും നീതിയുക്തവുമായി നിലകൊള്ളേണ്ട മാധ്യമങ്ങൾ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നത്.
(ലേഖിക ഒരു നയതന്ത്രജ്ഞയാണ്. ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന വീക്ഷണങ്ങൾ രചയിതാവിന്റേത് മാത്രമാണ്. സ്ഥാപനത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല).
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2022 9:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ചൈനയുടെ സീറോ കോവിഡ് നയവും ഇന്ത്യയുടെ കോവിഡിനൊപ്പം ജീവിക്കുന്ന നയവും; വിജയിച്ചതാര്?