51-ന്റെ നിറവില്‍ കജോള്‍; മുംബൈ മുതല്‍ ലണ്ടന്‍ വരെയുള്ള 180 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ താരറാണി
- Published by:Sarika N
- news18-malayalam
Last Updated:
ബേഖുദി എന്ന ചിത്രത്തിലൂടെയാണ് കജോള്‍ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്
ബോളിവുഡ് താരറാണിയും അജയ് ദേവ്ഗണിന്റെ പ്രിയപ്പെട്ടവളുമായ കജോളിന് ഇന്ന് 51-ാം പിറന്നാള്‍. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാ മേഖലയില്‍ തിളങ്ങുന്ന കജോളിന് അധികം ജനശ്രദ്ധ നേടാത്ത ഒരു റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യം കൂടിയുണ്ട്. 180.5 കോടി രൂപയാണ് ഇതിന്റെ മൂല്യം. കജോളിന്റെ മൊത്തം ആസ്തിയുടെ മൂന്നില്‍ ഒരു ഭാഗം വരുമിത്. 240 കോടി രൂപയാണ് അവരുടെ മൊത്തം സമ്പത്ത്.
advertisement
സിനിമകളിലും ഒടിടി റിലീസുകളിലും ടെലിവിഷന്‍ പരിപാടികളിലും കജോള്‍ നിലവില്‍ സജീവമാണ്. ബേഖുദി എന്ന ചിത്രത്തിലൂടെയാണ് കജോള്‍ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗേ, കഭി ഖുഷി കഭി ഗം തുടങ്ങിയ ക്ലാസിക്കുകളിലെ ശക്തമായ പ്രകടനത്തിലൂടെ ബോളിവുഡില്‍ തിളങ്ങി. 2003-ല്‍ പ്രശസ്ത ഹിന്ദി താരം അജയ് ദേവ്ഗണിനെ കജോള്‍ വിവാഹം കഴിച്ചു.
advertisement
കജോളിന്റെ ദാമ്പത്യവും സിനിമാ ജീവിതവും ഏറേകുറേ ആരാധകര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ കജോളിന്റെ നിക്ഷേപങ്ങള്‍ മറ്റൊരു കഥ പറയുന്നു. പ്രധാന എന്റര്‍ടെയ്ന്‍മെന്റ് വാര്‍ത്താ പോര്‍ട്ടലായ കോയ്‌മോയ് പറയുന്നതനുസരിച്ച് 240 കോടി രൂപയാണ് കജോളിന്റെ ആസ്തി. അഭിനയം, മോഡലിംഗ്, ഒലെ, ആല്‍പെന്‍ലീബെ, ടാറ്റ ഇന്‍ഡികോം, നോര്‍, തനിഷ്‌ക് തുടങ്ങിയ ബ്രാന്‍ഡുകളുടെ പ്രചരണം എന്നിവയില്‍ നിന്നും കജോള്‍ സമ്പാദിക്കുന്നുണ്ടെങ്കിലും അവരുടെ സമ്പത്തിന്റെ ഒരു പ്രധാന ഭാഗം റിയല്‍ എസ്റ്റേറ്റില്‍ നിന്നാണ്.
advertisement
2025 മാര്‍ച്ചില്‍ ഗോരോഗാവിലെ ലിങ്കിംഗ് റോഡില്‍ 4,365 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഒരു വാണിജ്യ സ്ഥലം കൂടി സ്വന്തമാക്കികൊണ്ട് കജോള്‍ തന്റെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യം വിശാലമാക്കി. 30 കോടി രൂപയ്ക്കാണ് ഈ സ്ഥലം സ്വന്തമാക്കിയത്. കജോളിന്റെ അഞ്ചാമത്തെ വലിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടാണിത്. ജുഹുവില്‍ ഏകദേശം 60 കോടി രൂപ വിലമതിക്കുന്ന ശിവശക്തി ബംഗ്ലാവ് ഇതിനോടകം കജോള്‍ വാങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് അജയ് ദേവ്ഗണുമായി ഇവിടെയാണ് കജോള്‍ താമസിക്കുന്നത്. 2022-ല്‍ ജുഹുവില്‍ 12 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ളാറ്റുകളും 16.5 കോടി രൂപ വിലമതിക്കുന്ന മറ്റൊരു അപ്പാര്‍ട്ട്‌മെന്റും അവര്‍ വാങ്ങി. അതേ വര്‍ഷം 7.5 കോടി രൂപയ്ക്ക് ഒരു വാണിജ്യ യൂണിറ്റും കജോള്‍ വാങ്ങിയതായാണ് വിവരം.
advertisement
ലണ്ടനിലെ പാര്‍ക്ക് ലെയ്‌നില്‍ 54 കോടി രൂപയുടെ വിശാലമായ ഒരു വസതിയും കജോളും അജയ് ദേവ്ഗണും സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലെ ഈ ആസ്തി കൂടി കണക്കാക്കിയാല്‍ റിയല്‍ എസ്‌റ്റേറ്റില്‍ കജോളിന്റെ മൊത്തം ആസ്തി 180.5 കോടി രൂപയുടേതാണ്. സിനിമയ്ക്കും റിയല്‍ എസ്റ്റേറ്റിനും പുറമേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കജോള്‍ സജീവമാണ്. തന്റെ ട്രസ്റ്റായ റിലീഫ് പ്രോജക്ട്‌സ് ഇന്ത്യയിലൂടെ നവജാത ശിശുക്കളെയും അനാഥരായ പെണ്‍കുട്ടികളെയും അവര്‍ പിന്തുണയ്ക്കുന്നു.