പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പ്രസംഗം ചെവിയിൽ നൂഡിൽസ് വെച്ച് കേട്ട റഷ്യൻ എം.പി മിഖായേൽ അബ്ദാൽക്കിനെതിരെ നടപടിക്ക് സാധ്യത. പുടിനെ പരിഹസിച്ചതിനാണ് റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മിഖായേലിനെതിരെ അന്വേഷണം നടത്തുന്നത്. “നൂഡിൽസ് ചെവിയിൽ തൂക്കിയിടുക” എന്ന പദത്തിന്റെ അർത്ഥം പുടിൻ ഈ സാഹചര്യത്തിൽ മറ്റുള്ളവരെ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയോ കബളിപ്പിക്കുകയോ ചെയ്യുന്നു എന്നാണ്.
എന്നാൽ എം.പിയുടെ നടപടി ഗൌരവമായാണ് കാണുന്നതെന്ന് കമ്മ്യൂണിസ്റ്റ് പാർടിയുടെ വക്താവ് അലക്സാണ്ടർ യുഷ്ചെങ്കോ പ്രതികരിച്ചു. "അത് ശ്രദ്ധിക്കാതെ വിടുകയില്ല"- എന്നായിരുന്നു അദ്ദേഹം പറഞ്ഞു. അതിനിടെ മിഖായേലിനെതിരെ പരാതിയുമായി മറ്റൊരു റഷ്യൻ എംപിയായ അലക്‌സാണ്ടർ ഖിൻഷ്‌റ്റെയ്‌ൻ രംഗത്തെത്തി. മിഖായേലിന്‍റെ നടപടി വിചിത്രമാണ്, ഇത് ഒരു ഉക്രേനിയൻ നിയമനിർമ്മാതാവിന് കൂടുതൽ അനുയോജ്യമാകും, ഒരു റഷ്യൻ നിയമനിർമ്മാതാവിന് അനുയോജ്യമല്ലാത്ത പ്രവർത്തിയാണിത്, അബ്ദാൽക്കിനെതിരെ നടപടിയെടുക്കണമെന്നും ഖിൻഷെയിൻ പറഞ്ഞു.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾക്ക് മുമ്പ് നടത്തിയ ഒരു പ്രധാന യുദ്ധ പ്രസംഗത്തിൽ, യുദ്ധം അഴിച്ചുവിട്ടതിന് പാശ്ചാത്യരാജ്യങ്ങളെ കുറ്റപ്പെടുത്തുകയും അത് നിയന്ത്രിക്കാൻ റഷ്യ ബലപ്രയോഗം നടത്തുകയും ചെയ്തുവെന്ന് പുടിൻ അവകാശപ്പെട്ടിരുന്നു. "യുദ്ധക്കളത്തിൽ റഷ്യയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന വസ്തുത പാശ്ചാത്യ രാജ്യങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല, അതിനാൽ പാശ്ചാത്യ രാജ്യങ്ങൾ ഇൻഫർമേഷൻ വാർ നടത്തുന്നു, റഷ്യയ്ക്കെതിരെ തെറ്റായ കാര്യങ്ങൾ പടച്ചുവിടുന്നു" പുടിൻ പറഞ്ഞു.