നെടുങ്കണ്ടം: വീടിനുള്ളിൽ കയറിയ കള്ളൻ ബാഗിൽ മുക്കുപണ്ടം വച്ചശേഷം സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ബാലഗ്രാം പാലമൂട്ടിൽ പി.കെ. റെജിയുടെ വീട്ടിലെ അലമാരയിൽ നിന്നാണ് 23 പവൻ സ്വർണാഭരണം മോഷണം പോയത്. മോഷണം അറിയാതിരിക്കാനാണ് ഇതു ചെയ്തതെന്നാണ് പ്രഥമിക നിഗമനം.
2/ 6
മകളുടെ വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന 23 പവനാണ് മോഷ്ടിക്കപ്പെട്ടത്. റെജിയുടെ ഭാര്യ ഹൃദയസംബദ്ധമായ അസുഖത്തെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു പോയിരുന്ന സമയത്താണ് മോഷണം നടന്നത്.
3/ 6
ഈ മാസം 2, 8 തീയതികളിലാണ് വീട് പൂട്ടിയ ശേഷം റെജി ആശുപത്രിയിൽ കുടുംബസമേതം പോയത്. ഇന്നലെ അലമാര തുറന്നു പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ മോഷണം പോയെന്നറിഞ്ഞത്.
4/ 6
വീടിന്റെ മുൻവാതിലോ അടുക്കളവാതിലോ തുറന്ന് ആരും അകത്തു കയറിയതായി കാണുന്നില്ല. ആശുപത്രിയിൽ പോയ സമയത്ത് കിടപ്പുമുറയിലെ കിടക്കയുടെ അടിയിലാണ് അലമാരയുടെ താക്കോൽ സൂക്ഷിച്ചത്. ഇതെടുത്ത് അലമാര തുറന്നാണ് മോഷണം നടത്തിയത്.
5/ 6
വീട്ടിൽ നിന്നും അസ്വാഭാവികമായ ഒരു വിരലടയാളം കണ്ടെത്തിയിട്ടുണ്ട്. കമ്പംമെട്ട് സിഐ ജി.സുനിൽകുമാർ, നെടുങ്കണ്ടം എസ്ഐ റസാഖ് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന നടത്തി. നിർണായകമായ വിവരങ്ങൾ പൊലീസിനു ലഭിച്ചതായാണു സൂചന.
6/ 6
ആറു മാസത്തിനിടെ റെജിയുടെ വീട്ടിൽ രണ്ടാം തവണയാണ് മോഷണം. നേരത്തെ 14 കിലോഗ്രാം ഉണക്ക ഏലക്കാ മോഷണം പോയിരുന്നു. 10 വർഷം മുൻപ് വീടിന്റെ ഒരു സ്പെയർ താക്കോലും നഷ്ടപ്പെട്ടിരുന്നു.