ബിഗ് ബോസിന്റെ തുടക്കം മുതൽ ഓരോ ഘട്ടത്തിലും സജീവമായി മോഹൻലാലും ഉണ്ടാകും. ഓരോ എപ്പിസോഡും വളരെ സൂക്ഷ്മമായാണ് മോഹൻലാൽ വീക്ഷിക്കുന്നത്. അത് മത്സരാർത്ഥികളുമായി സംവദിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. ചിലപ്പോൾ മത്സരാർത്ഥികളെ ശാസിക്കാനും മറ്റും ചിലപ്പോൾ ചേർത്തു പിടിക്കാനുമെല്ലാം ബിഗ് ബോസിൽ കാണാവുന്നതാണ്.
എത്ര തിരക്കുണ്ടെങ്കിലും താൻ എല്ലാ എപ്പിസോഡും കാണാറുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്. മത്സരാർത്ഥികളുടെ ഗുണങ്ങൾ എന്താണെന്ന് തുറന്നു പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് ഒപ്പം പോരായ്മകളും തുറന്നു പറയാറുണ്ട്. ബിഗ് ബോസ് ഹൗസിൽ ഇടയ്ക്കിടെ മത്സരാർത്ഥികളെ കാണാനെത്തുന്ന മോഹൻലാൽ അവരുമായി സംവദിക്കുമ്പോൾ പ്രേക്ഷകർക്കും അക്കാര്യം വ്യക്തമാകാറുണ്ട്.
എന്നാൽ, ഇനി വരാൻ പോകുന്ന പുതിയ ബിഗ് ബോസ് സീസണിൽ അവതാരകനായി മോഹൻലാൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. നടനായി മലയാളികളുടെ മനതാരിൽ ഇരിപ്പിടം ഉറപ്പിച്ച മോഹൻലാൽ ഇപ്പോൾ സംവിധായകന്റെ വേഷവും അണിഞ്ഞിരിക്കുകയാണ്. ബാറോസ് ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. ഈ സിനിമയുടെ സംവിധാന തിരക്കിൽ ആയതും മറ്റ് നിരവധി സിനിമകളുടെ തിരക്കിൽ ആയതിനാലും ആയിരിക്കും ബിഗ് ബോസ് അവതാരക വേഷത്തിൽ നിന്ന് മോഹൻലാൽ പിൻമാറുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, മോഹൻലാൽ ബിഗ് ബോസ് അവതാരക സ്ഥാനത്ത് നിന്ന് ഒഴിയുമ്പോൾ പകരം ആര് എന്നത് ഒരു വലിയ ചോദ്യമാണ്. എന്നാൽ, മിനിസ്ക്രീനിൽ നമുക്ക് കണ്ടു പരിചയമുള്ള രണ്ടു പ്രശസ്ത നടൻമാർ ആണ് ബിഗ് ബോസ് അവതാരകനാകാൻ പരിഗണനയിലുള്ളത് എന്നാണ് റിപ്പോർട്ടുകൾ. ഒന്ന് മുകേഷും മറ്റൊരാൾ സുരേഷ് ഗോപിയും ആണ്. ഇവർ രണ്ടു പേരും നേരത്തെ അവതാരകരായി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ളവർ ആണ്. വ്യത്യസ്തമായ അവതരണശൈലി കൊണ്ട് പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയവരുമാണ്. എന്നാൽ, അടുത്ത ബിഗ് ബോസ് ഹൗസിനെ ആര് നയിക്കുമെന്ന് അറിയാൻ ഔദ്യോഗികമായ അറിയിപ്പ് വരുന്നതു വരെ കാത്തിരിക്കുക തന്നെ വേണം.