പ്രണയത്തിലെന്നല്ല ഏതൊരു ബന്ധത്തിലും വിശ്വാസ്യതയാണ് പ്രധാനം. കാരണം, വിശ്വാസ്യത നഷ്ടപ്പെട്ടാൽ ആ ബന്ധം തന്നെ തകർന്നെന്നാണ് അതിന്റെ അർത്ഥം. ഇപ്പോൾ ഒരു പുതിയ പഠനം വന്നിരിക്കുകയാണ്. ചതിയനായ പുരുഷനെ അയാളുടെ ശബ്ദത്തിൽ നിന്ന് തന്നെ തിരിച്ചറിയാമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഒരു പുരുഷന്റെ ശബ്ദത്തിന്റെ ആഴം നോക്കി അയാൾ നമ്മളെ എത്രത്തോളം ചതിക്കുമെന്ന് തിരിച്ചറിയാൻ കഴിയുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
ഒരു ബന്ധത്തിൽ, അത് പ്രണയമാകട്ടെ മറ്റ് എന്തു തരത്തിലുള്ള ബന്ധമാകട്ടെ, പുരുഷന്റെ ശബ്ദത്തിന്റെ സ്വഭാവ സവിശേഷതകൾ നോക്കി ബന്ധത്തിൽ അയാൾക്കുള്ള ആത്മാർത്ഥതയും ചതിക്കാനുള്ള സാധ്യതയും അറിയാൻ കഴിയുമെന്നാണ് ഒരു സംഘം ഗവേഷകർ അവകാശപ്പെടുന്നത്. എന്നാൽ, സ്ത്രീകളുടെ ശബ്ദം നോക്കി ഇക്കാര്യങ്ങളൊന്നും തിരിച്ചറിയാൻ കഴിയില്ലെന്നും പഠനം നടത്തിയ ഗവേഷകർ പറയുന്നു.
സ്ത്രീയുടെ ശബ്ദവും ഒരു ബന്ധത്തിൽ സ്ത്രീകൾ എങ്ങനെ പെരുമാറുന്നു എന്നതും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ശക്തമായ ബന്ധം കണ്ടെത്താൻ ഗവേഷകർ കിണഞ്ഞുശ്രമിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിരുന്നാലും കൂടുതൽ പരുഷശബ്ദമുള്ള പുരുഷൻമാർ പ്രണയബന്ധങ്ങളിൽ അവിശ്വാസം പ്രകടിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. അത്ര പൗരുഷമില്ലാത്ത പുരുഷൻമാരുടെ ശബ്ദവുമായി കണക്കാക്കുമ്പോൾ പൗരുഷമുള്ള ശബ്ദത്തിന് ഉടമയായ പുരുഷൻമാർ പ്രണയത്തിൽ വഞ്ചന കാണിക്കാനുള്ള സാധ്യത കൂടുതലാണ്.
ഹ്രസ്വകാലത്തേക്ക് പ്രണയബന്ധങ്ങളിൽ ഏർപ്പെടുന്നവരേയാണ് പ്രധാനമായും പഠനത്തിനായി തിരഞ്ഞെടുത്തത്. 116 പുരുഷൻമാരും 145 സ്ത്രീകളും ഇതിൽ പങ്കാളികളായി. ശബ്ദത്തിന്റെ ആഴമറിയുന്നതിനു വേണ്ടി എല്ലാം റെക്കോഡ് ചെയ്യുകയും ചെയ്തു. ഒരു ബന്ധത്തിൽ അവർ എത്രത്തോളം പ്രതിജ്ഞാബദ്ധരാണെന്നും വഞ്ചിക്കാൻ എത്രത്തോളം സാധ്യതയുണ്ടെന്നും അവരോട് ചോദിച്ചു. കൂടുതൽ വിശകലനത്തിൽ നിന്ന് ഗ്രൂപ്പിൽ ആഴത്തിലുള്ള ശബ്ദമുള്ള പുരുഷൻമാരാണ് പങ്കാളികളെ കൂടുതൽ വഞ്ചിക്കാൻ സാധ്യതയുള്ളതെന്ന നിഗമനത്തിൽ ഗവേഷകർ എത്തി. അതേസമയം, പഠനത്തിന് തീർച്ചയായും ഒട്ടനവധി പരിമിതികൾ ഉണ്ടെന്നും ഗവേഷകർ സമ്മതിച്ചു.
'പ്രധാനമായും ചെറിയ പ്രായത്തിലുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ആയിരുന്നു ഇതിൽ പങ്കെടുത്തത്. അവരുടെ പ്രണയബന്ധങ്ങൾ താരതമ്യേന ഹ്രസ്വമായിരുന്നു. അവരുടെ പങ്കാളികളെക്കുറിച്ചുള്ള ധാരണകളും വിവാഹസങ്കൽപവും പ്രായം കൂടുന്നതിന് അനുസരിച്ച് മാറുകയും ചെയ്യും. പ്രധാനമായും പാശ്ചാത്യ സംസ്കാരത്തെ ആശ്രയിച്ചുള്ള ഗവേഷണത്തിലാണ് പഠനം നടന്നത്. ചില പഠനങ്ങൾ ചൈനീസ് പങ്കാളികളുടെ ശബ്ദത്തെ ആസ്പദമാക്കിയും നടന്നു' - ഗവേഷകർ വ്യക്തമാക്കുന്നു.
ഈ മേഖലയിൽ മറ്റ് ഗവേഷകരും നിരവധി പഠനങ്ങൾ നടത്തണമെന്നും വ്യത്യസ്ത പ്രായപരിധിയിൽ ഉള്ളവരേയും പഠനവിധേയമാക്കണമെന്നും പങ്കെടുക്കുന്നവരുടെ ഹോർമോൺ നിലകൾ പോലും പരിശോധിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. ഗവേഷകസംഘത്തിന്റെ പഠനത്തിന് സൗത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ എത്തിക്സ് കമ്മിറ്റി അംഗീകാരം നൽകി. എന്നാൽ, പഠനത്തിൽ പങ്കെടുത്തവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. പഠനത്തിന്റെ മുഴുവൻ ഭാഗവും പേഴ്സണാലിറ്റി ആൻഡ് ഇൻഡിവിജ്വൽ ഡിഫറൻസസ് ജേണലിൽ വായിക്കാവുന്നതാണ്.