മുംബൈ: ഐപിഎല്ലിലെ ഈ സീസണിൽ മികച്ച തുടക്കം ലഭിച്ചിട്ടും പ്ലേ ഓഫ് കാണാതെ പോയ പുറത്തുപോയ ടീമാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയ ടീമിന് ഇത്തവണ ജയിക്കാനാകുമായിരുന്ന കളികള്‍ പോലും ഡെത്ത് ബോളിങ്ങിലെ പിഴവുകൾ കാരണം കൈവിട്ടു. സീസണിന്റെ തുടക്കത്തിൽ അര്‍ധസെഞ്ചുറികളുമായി ടീമിനെ മുന്നോട്ടുനയിച്ച സഞ്ജുവിനും പിന്നീടങ്ങോട്ട് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
ക്രീസിലെത്തിയ ഉടൻ തന്നെ അടിച്ചുകളിക്കാനുള്ള ശ്രമമാണ് പലപ്പോഴും സഞ്ജുവിന്റെ വിക്കറ്റ് വീഴ്ചയ്ക്ക് കാരണമായത്. കളിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരണമെന്ന് സുനിൽ ഗാവസ്കർ ഉപദേശിച്ചെങ്കിലും സഞ്ജു അത് ഉൾക്കൊള്ളാൻ തയാറായില്ലെന്ന് മുൻ ഇന്ത്യൻ താരവും മലയാളി ക്രിക്കറ്ററുമായ എസ് ശ്രീശാന്ത് പറഞ്ഞു. സ്റ്റാർ സ്പോർട്സ് ടോക്ക് ഷോയിലായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.
''ഇത്തവണത്തെ ഐപിഎലിൽ സഞ്ജു 2-3 മത്സരങ്ങളിൽ മോശം പ്രകടനത്തിലൂടെ പുറത്തായി. രാജസ്ഥാന്‍റെ അവസാന ലീഗ് മത്സരത്തിലും ഇത്തരത്തില്‍ പുറത്തായപ്പോൾ ഗാവസ്കർ സർ സഞ്ജുവിനോട് 'ക്രീസിലെത്തിയാൽ ഒരു 10 പന്തെങ്കിലും പിടിച്ച് നിൽക്കൂ' എന്ന് പറഞ്ഞു. പിച്ചിന്‍റെ സ്വഭാവം മനസിലാക്കിയശേഷം അടിച്ചു കളിക്കൂ. നീ ഒരുപാട് കഴിവുള്ളവനാണെന്ന് ഞങ്ങൾക്ക് അറിയാം. 12 പന്തില്‍ ഒരു റൺ പോലും എടുത്തില്ലെങ്കിലും നിനക്ക് 25 പന്തില്‍ 50 റൺ നേടാമെന്ന് സഞ്ജുവിനോട് പറഞ്ഞു. എന്നാൽ ഇതാണെന്റെ ശൈലിയെന്നും ഇങ്ങനെ മാത്രമേ തനിക്ക് കളിക്കാനാകൂയെന്നുമാണ് സഞ്ജു മറുപടി നൽകിയത്. ഇത് എനിക്ക് ദഹിക്കുന്നില്ല''- ശ്രീശാന്ത് വ്യക്തമാക്കി.
ഐപിഎൽ മത്സരത്തിലൂടെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കണമെന്ന മനോഭാവം സഞ്ജു മാറ്റണമെന്ന് ശ്രീശാന്ത് ഉപദേശിച്ചു. ''എന്റെ കീഴിലാണ് സഞ്ജു അണ്ടർ-14 കളിച്ചു തുടങ്ങിയത്. അതുകൊണ്ട് ഞാനവനെ പിന്തുണയ്ക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഞാനവനെ കാണുമ്പോഴെല്ലാം പറയാറുണ്ട്, ഐപിഎലിൽ മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കണമെന്ന്. ഇഷാന്‍ കിഷനും ഋഷഭ് പന്തും ഇപ്പോഴും സഞ്ജുവിനേക്കാൾ മുൻപിലാണ്''- ശ്രീശാന്ത് പറഞ്ഞു.