ഐപിഎല്‍ 2023 സീസണ്‍ ആവേശകരമായ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ലക്നൌ സൂപ്പര്‍ ജയിന്‍റ്സ്, മുംബൈ ഇന്ത്യന്‍സ് എന്നി ടീമുകളാണ് പ്ലേഓഫിലേക്ക് കടന്നത്. ഇക്കുറിയും കിരീട പ്രതീക്ഷയില്‍ മുന്‍പന്തിയിലുള്ള ചെന്നൈ ടീമില്‍ നിന്ന് പുറത്തുവരുന്ന കാര്യങ്ങള്‍ ആരാധകര്‍ക്ക് അത്ര ആശ്വാസം ഉള്ളതല്ല. ക്യാപ്റ്റന്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും തമ്മില്‍ ചില്ലറ തര്‍ക്കങ്ങള്‍ ഉടലെടുത്തെന്നാണ് വിവിധ സ്പോര്‍ട്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശനിയാഴ്ച അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ജയം നേടി പ്ലേ ഓഫ് ഉറപ്പിച്ചതിന് പിന്നാലെയാണ് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മത്സരരത്തിലെ ജഡേജയുടെ പ്രകടനത്തില്‍ ക്യാപ്റ്റന്‍ ധോണി തൃപ്തനായിരുന്നില്ല എന്നാണ് വിവരം. മത്സരശേഷം മൈതാനത്തുവച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 77 റണ്‍സിന് ഡല്‍ഹി പരാജയപ്പെടുത്തിയ ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം.
ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനമാണ് ജഡേജ മത്സരത്തില്‍ കാഴ്ചവെച്ചത്. നേരിട്ട 7 പന്തുകളില്‍ നിന്ന് 20 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. എന്നാല്‍ ബോളിങ്ങിലെ ജഡേജയുടെ പ്രകടനമാണ് ക്യാപ്റ്റന്‍ കൂളിനെ കലിപ്പിലാക്കിയത്. 4 ഓവര്‍ പന്ത് എറിഞ്ഞ ജഡേജ 50 റണ്‍സ് വഴങ്ങിയാണ് 1 വിക്കറ്റെടുത്തത്. ഇതിനെ ചൊല്ലിയായിരുന്നത്രേ ഇരുവരും തമ്മില്‍ വാഗ്വാദ്വം ഉണ്ടായത്. എന്നാല്‍ മത്സരശേഷം സഹതാരത്തിന്‍റെ പ്രകടനത്തില്‍ തൃപ്താനാകാതിരുന്ന ക്യാപ്റ്റന്‍റെ വികാരവിക്ഷോഭമായി മാത്രം ധോണിയുടെ ശകാരത്തെ കണ്ടാല്‍ മതിയെന്നാണ് ഒരു കൂട്ടം ആരാധകരുടെ അഭിപ്രായം.
കഴിഞ്ഞ സീസണിന്‍റെ തുടക്കത്തില്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കി മത്സരത്തിനിറങ്ങിയ ചെന്നൈ തുടര്‍തോല്‍വികളെ തുടര്‍ന്ന് ജഡേജയെ മാറ്റി ധോണിയെ വീണ്ടും ക്യാപ്റ്റനായിക്കിയിരുന്നു. പിന്നീട് ടൂര്‍ണമെന്‍റിന് ഒടുവില്‍ ജഡേജ ചെന്നൈ ടീം വിടുമെന്ന തരത്തിലുള്ള വാര്‍ത്തകളും വ്യാപകമായി പ്രചരിച്ചിരുന്നു. കൂടാതെ ജഡേജ ചെന്നൈ ടീമിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍നിന്നു നീക്കം ചെയ്യുകയും ചെയ്തതും കലഹം പരസ്യമാക്കിയതിന്‍റെ തെളിവായി ആരാധകര്‍ക്കിടയില്‍ പരന്നു. എന്നാല്‍ ഈ സീസണ് മുൻപ് ധോണി ഇടപെട്ട് ജഡേജയും ടീം മാനേജ്മെന്‍റുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചുെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ സംഭവം വീണ്ടും ചര്‍ച്ചയായത്. ഡല്‍ഹിക്കെതിരായ മത്സരത്തിന് ശേഷം ഞായറാഴ്ച ജഡേജ ട്വിറ്ററില്‍ പങ്കുവെച്ച ട്വീറ്റിലെ വാചകങ്ങളാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടത്.‘‘കർമ്മം നിങ്ങളിലേക്ക് മടങ്ങിവരും, എത്രയും വേഗം അല്ലെങ്കിൽ പിന്നീട്. തീർച്ചയായും അതു വന്നിരിക്കും’’ എന്നെഴുതിയ പോസ്റ്റർ ‘തീർച്ചയായും’ എന്ന കുറിപ്പോടെയാണ് ജഡേജ പങ്കുവച്ചത്.
ഇതോടെ ധോണിയുമായുള്ള പ്രശ്നമാണ് ജഡേജ ഉദ്ദേശിച്ചതെന്ന തരത്തിലുള്ള ചർച്ചകൾ ആരംഭിച്ചു. ജഡേജയുടെ ഭാര്യയും ഗുജറാത്ത് ബിജെപി എംഎൽഎയുമായ റിവാബ ജഡേജ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തതോടെ ധോണിയുമായുള്ള താരത്തിന്‍റെ തര്‍ക്കം വേറെ തലത്തിലേക്ക് വഴിമാറിയെന്നാണ് സ്പോര്‍ട്സ് മാധ്യമങ്ങളുടെ നിരീക്ഷണം. കിരീടം നേട്ടം മാത്രം ലക്ഷ്യം വെച്ച് ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ നേരിടാന്‍ ഒരുങ്ങുന്ന ചെന്നൈയ്ക്ക് ഇരുവര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന തര്‍ക്കം പ്രതിസന്ധി സൃഷ്ടിക്കുമോ എന്നാണ് ആരാധകരുടെ സംശയം.