WTC Final 2023 | ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രീശാന്തും; സൗരവ് ഗാംഗുലിക്കൊപ്പം നിര്‍ണായക റോളില്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഐപിഎല്‍ ആവേശത്തിന് പിന്നാലെ മറ്റൊരു സുപ്രധാന മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജൂണ്‍ 7ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനുള്ള അവസാനവട്ട തയാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. കഴിഞ്ഞ തവണ ന്യൂസിലാന്‍ഡുമായി നടന്ന മത്സരത്തില്‍ ഏറ്റ തോല്‍വിക്ക് കിരീടം കൊണ്ട് മറുപടി നല്‍കുകയാണ് രോഹിതിന്‍റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ ലക്ഷ്യം.
advertisement
അതേസമയം മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത കൂടി ടെസ്റ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ എസ്. ശ്രീശാന്ത് ലോക ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാകും. അതും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഗാംഗുലിക്കൊപ്പം.
advertisement
കളിക്കളത്തില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച ഇരുവരും കമന്‍റി ബോക്സിലൂടെയാകും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാവുക. ഓവലില്‍ ജൂണ്‍ 7ന് ആരംഭിക്കുന്ന മത്സരത്തിന്‍റെ ഹിന്ദി കമന്‍റേറ്റര്‍മാരുടെ നിരയിലാണ് ഗാംഗുലിക്കൊപ്പം ശ്രീശാന്തും ഇടംനേടിയത്. സ്റ്റാര്‍ സ്പോര്‍ട്സാകും മത്സരം തത്സമയം സംപ്രേഷണം ചെയ്യുക.
advertisement
ബിസിസിഐ പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം 2019 മുതല്‍ ഗാംഗുലി കമന്‍ററി ബോക്സില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2019ലെ ലോകകപ്പ് ക്രിക്കറ്റിലാണ് ഗാംഗുലിയെ അവസാനമായി കമന്‍റേറ്ററുടെ റോളില്‍ കണ്ടത്. ശ്രീശാന്തിന് പുറമെ ഹര്‍ഭജന്‍ സിങ്ങും ദീപ് ദാസ് ഗുപ്തയും ദാദക്കൊപ്പം ഹിന്ദി കമന്‍ററി ബോക്സിലുണ്ടാകും.
advertisement
മുന്‍ ഇന്ത്യന്‍ താരങ്ങളായ രവി ശാസ്ത്രി, സുനില്‍ ഗവാസ്കര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരും സ്റ്റാര്‍ സ്പോര്‍ടിന്‍റെ കമന്‍റേറ്റര്‍മാരായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനെത്തും. മുന്‍ ഓസ്ട്രേലിയന്‍ താരങ്ങളായ റിക്കി പോണ്ടിങ്, മാത്യു ഹെയ്ഡന്‍ എന്നിവരും ഇവര്‍ക്കൊപ്പം ഇംഗ്ലീഷ് കമന്‍ററി ബോക്സിലുണ്ടാകും. പ്രമുഖ കമന്‍റേറ്റര്‍ ഹര്‍ഷാ ബോഗ്ലെയാണ് കമന്‍ററി ബോക്സിലെ മറ്റൊരും സുപ്രധാന അംഗം.