ഇവരുടെ സമാധാനപരമായ ജീവിതത്തിൽ ഇടപെടാൻ ഒരു വ്യക്തിക്കോ കുടുംബത്തിനോ എന്തിന് ഭരണകൂടത്തിന് പോലുമോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മിശ്രവിവാഹം, ലൗ ജിഹാദ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ സുപ്രധാന പ്രസ്താവന.
വിഷ്ണുപുര സ്വദേശികളായ സലാമത്ത് അനസാരി എന്നയാൾ ഉൾപ്പെടെ നാല് പേർ നൽകിയ ഒരു ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം. സലാമത്ത്, പ്രിയങ്ക ഖർവാർ എന്ന പെൺകുട്ടിയെ കുടുംബത്തിന്‍റെ എതിർപ്പകളെ അവഗണിച്ച് വിവാഹം ചെയ്തിരുന്നു. മുസ്ലീം മതാചാരപ്രകാരം ഇവർ വിവാഹിതരാവുകയും പ്രിയങ്ക മതപരിവർത്തനം നടത്തുകയും ചെയ്തു. എന്നാൽ തന്‍റെ മകളെ തട്ടിക്കൊണ്ടു പോയെന്ന് കാട്ടി പ്രിയങ്കയുടെ പിതാവ് നൽകിയ പരാതിയിൽ സലാമത്തിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പോക്സോ നിയമപ്രകാരമായിരുന്നു പരാതി. ഈ എഫ്ഐആർ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടായാണ് ഇയാൾ കോടതിയെ സമീപിച്ചത്.
advertisement
Also Read-'ലവ് ജിഹാദ്' തടയാൻ നിയമനിർമാണത്തിന് മധ്യപ്രദേശ്; നിയമലംഘകർക്ക് 5 വർഷം വരെ തടവ്
ഹർജി പരിഗണിച്ച കോടതി, എഫ്ഐആർ റദ്ദു ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ഇപ്പോൾ 21കാരിയായ പെൺകുട്ടിയുടെ വയസ് സംബന്ധിച്ച് യാതൊരു സംശയവും നിലനിൽക്കുന്നില്ലെന്ന് അറിയിച്ചാണ് എഫ്ഐആർ റദ്ദാക്കാൻ ഉത്തരവിട്ടത്. യുവതിയെ ഭർത്താവിനൊപ്പം ജീവിക്കാൻ അനുവദിച്ച കോടതി, ഈ കേസിൽ പോക്സോ ആക്ട് നിലനിൽക്കില്ലെന്നും വ്യക്തമാക്കി.
എന്നാൽ വിവാഹത്തിനായുള്ള മതപരിവർത്തനത്തിന് വിലക്കുണ്ടെന്നാണ് പ്രിയങ്കയുടെ പിതാവ് കോടതിയിൽ വാദിച്ചത്. ഇത്തരം വിവാങ്ങൾക്ക് നിയമസാധുതയില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു. അതിന് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പുകളെ അവഹേളിക്കുന്നത് തെരഞ്ഞെടുക്കാനുള്ള അയാളുടെ അവകാശത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് കോടതി മറുപടി പറഞ്ഞത്. ഇവിടെയെത്തിയ ദമ്പതികളെ ഹിന്ദുവായോ മുസ്ലീമായോ അല്ല മറിച്ച് പ്രായപൂർത്തിയായ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കുന്ന പങ്കാളികളായാണ് കാണുന്നതെന്നും ജസ്റ്റിസ് പങ്കജ് നഖ്വി, ജസ്റ്റിസ് വിവേക് അഗര്‍വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് അറിയിച്ചു.
സ്വന്തം താത്പ്പര്യത്തിനും ഇഷ്ടത്തിനും അനുസരിച്ചുള്ള വ്യക്തിക്കൊപ്പം സമാധാനപരമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ആർട്ടിക്കിൾ 21 ഉറപ്പാക്കുന്നുണ്ട്. മറ്റൊരാൾക്കും അതിൽ ഇടപെടാൻ കഴിയില്ലെന്നും കോടതി പ്രസ്താവിച്ചു.