അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ സ്വഭാവികമായും നമ്മള് അമ്പരക്കുകയോ ഭയപ്പെടുകയോ ചെയ്യും. അത് മനുഷ്യസഹജമാണ്. ഇവിടെ അയല്പക്കത്തിലെ പുല്‍ത്തകിടിയില്‍ മുതലയെ കണ്ട് ഭയന്നിരിക്കുകയാണ് ഒരു യുവതി. ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷെയറിലെ ഒരു യുവതിയാണ് അയല്‍വാസിയുടെ പുല്‍ത്തകിടിയില്‍ ഒരു മുതല സ്വതന്ത്രമായി കിടക്കുന്നത് കണ്ട് ഞെട്ടിയത്. മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുസരിച്ച്, സാറ ജെയ്ന്‍ എല്ലിസ് എന്ന യുവതി തന്റെ അയല്പക്കാരുടെ പൂന്തോട്ടത്തിലെ പുല്‍ത്തകിടിയില്‍ സ്വതന്ത്രമായി കറങ്ങുന്ന 4 അടി നീളമുള്ള ജീവി മുതലയാണെന്ന് തന്നെ വിശ്വസിക്കുന്നു.
ഈ ജീവിയെ കണ്ടയുടനെ, അതിനെ ക്യാമറയില്‍ പകര്‍ത്തിയെന്നും യഥാര്‍ത്ഥത്തില്‍ ഈ ജീവിയെ കണ്ടുവെന്നും അതിന് മൂന്നോ നാലോ അടി നീളമുണ്ടെന്നും സാറ പറഞ്ഞു. മുതലയെ കണ്ടപ്പോള്‍ അത് അനങ്ങിയിരുന്നില്ല, പക്ഷേ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം അത് അപ്രത്യക്ഷമായി എന്നാണ് ആ കാഴ്ചയെക്കുറിച്ച് സാറ പറയുന്നത്. തന്റെ കിടപ്പുറയിലേക്ക് വെളിച്ചം വരുന്നത് തടയുന്നതിനായുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് സാറ, അപ്പുറത്തെ പുല്‍ത്തകിടിയില്‍ മുതലയെ കണ്ടത്. ആ പ്രദേശത്ത് ഇത്തരമൊരു ജീവിയെ കാണുന്നത് ഇത് ആദ്യമാണെന്നും സാറ പറയുന്നു.
സാറാ ഒരു നഴ്സാണ്. വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഐര് നദിയ്ക്ക് സമീപമാണ് ഇവര്‍ താമസിക്കുന്നത്. ഹഡേഴ്സ്ഫീല്‍ഡില്‍ ഒരു ഡെപ്യൂട്ടി ഹെഡ് ടീച്ചറായ തന്റെ അനിയത്തി കേറ്റ് എല്ലിസ് ഹോംസിനെയും മറ്റ് കുടുംബാംഗങ്ങളേയും മുതലയുടെ ചിത്രം കാണിച്ചിരുന്നു. ഫോട്ടോ കണ്ടതിന് ശേഷം അവളുടെ കുടുംബം ഒരേപോലെ സ്തബ്ധരായിയെന്ന് കേറ്റ് പറഞ്ഞു. ഇത് വിചിത്രവും വളരെ രസകരവുമായ കഥയാണെന്നാണ് താന്‍ ആദ്യം കരുതിയതെന്നാണ് കേറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 'സാറ ഇത് പറയുമ്പോള്‍ ഞാന്‍ ശരിക്കും അവളെ അവിശ്വസിച്ചു. ചിത്രം കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു.' കേറ്റ് പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഈ പ്രദേശത്ത് ഒരു ഉരഗജീവിയെ കാണുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം മേയില്‍, യോര്‍ക്ക്ഷെയറില്‍ നിന്നുള്ള വന്യജീവി ഫോട്ടോഗ്രാഫര്‍ ലീ കോളിംഗ്സ് കാസില്ഫോര്ഡിലെ ഫെയര്‍ബേണ്‍ ഇന്‍ഗ്സ് റിസര്‍വില്‍ മുതല വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ജീവിയെ കണ്ടെത്തിയിരുന്നു. പക്ഷെ അന്ന് ആ ജീവി രക്ഷപ്പെടുന്നതിന് മുമ്പ് ഒരു ചിത്രം എടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ലീ കോളിംഗ് ജീവിയെ കണ്ടതായി അവകാശപ്പെട്ടതിനുശേഷം, പലരും സമാന അവകാശവാദങ്ങളുമായി മുന്നോട്ട് വന്നു. സമീപത്തുള്ള മറ്റൊരു തടാകത്തില്‍ തങ്ങളും മുതല വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളെ കണ്ടിട്ടുണ്ടെന്നാണ് അവര്‍ അവകാശപ്പെട്ടത്.
അന്ന് ഒരു മാധ്യമത്തോടെ ലീ കോളിംഗ് പറഞ്ഞത് ഇങ്ങനെയാണ്, ''എനിക്ക് 46 വയസ്സായി, 30 വര്‍ഷത്തിലേറെയായി ഒരു പക്ഷി നിരീക്ഷകനാണ് ഞാന്‍. ഞാന്‍ ഇവിടെ ഇതുപോലൊന്ന് കണ്ടിട്ടില്ല. ആ ജീവി പതുക്കെയാണ് നീങ്ങിയത്, എന്നാല്‍ ഫോട്ടോ എടുക്കാന്‍ കഴിയുന്നതിനും മുമ്പ് അത് കടന്നുകളഞ്ഞു. ഇതിന് 3 അടി മുതല്‍ 4 അടി വരെ നീളവും ഏകദേശം 4 ഇഞ്ച് മുതല്‍ 5 ഇഞ്ച് വരെ ഉയരവുമുണ്ടായിരുന്നു.''
ഐര് നദിയ്ക്ക് സമീപ പ്രദേശങ്ങളില്‍ ഇത്തരം ജീവികളെ കണ്ടതായി പലരും അവകാശപ്പെടുന്നുണ്ട്. തുടര്‍ച്ചയായി പ്രദേശവാസികള്‍ ഇത്തരം ജീവികളെ കാണുന്നതിനാല്‍ ഈ പ്രദേശത്തെ ഉരഗങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സാറ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.