മുമ്പ് ഇന്തോനേഷ്യയിൽ ഒരു വീടിനു മുകളിൽ ഉൽക്കാശില പതിക്കുകയും വീട്ടുടമ കോടീശ്വരനായി മാറുകയും ചെയ്തതായി വാർത്തകൾ പുറത്തു വന്നിരുന്നു. 33 കാരനായ ജോഷ്വ ഹുട്ടഗലുങ് തന്റെ വീടിന് മുകളിൽ വന്ന് വീണ ഉൽക്കാശില വിറ്റ് ഏകദേശം 10 കോടി രൂപ സമ്പാദിച്ചെന്നാണ് വിവരം. എന്നാൽ സമാനമായ ഒരു സംഭവം അമേരിക്കയിൽ നിന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ഒരു സ്ത്രീയുടെ വീടിന് മുകളിൽ ഒരു കല്ല് വന്ന് വീഴുകയായിരുന്നുവത്രേ. ആദ്യം ഇത് ഒരു സാധാരണ കല്ലാണെന്നാണ് അവർ കരുതിയത്, പക്ഷേ വിദഗ്ധരുടെ അഭിപ്രായത്തിൽ അത് ഏകദേശം 5 കോടി വർഷം പഴക്കമുള്ള ഉൽക്കാശിലയാണെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച ഉച്ചയോടെ ഹോപ്‌വെൽ ടൗൺഷിപ്പിലെ വീടിന്റെ മേൽക്കൂരയിലേക്കാണ് ലോഹവസ്തു പോലുള്ള കല്ല് വീണതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അത് വീടിന്റെ മേൽക്കൂരയിലേക്ക് വീണതിന് ശേഷം കല്ല് കിടപ്പുമുറിയിലേയ്ക്ക് പതിക്കുകയായിരുന്നുവെന്ന് സുസി കോപ് എന്ന സ്ത്രീ പറഞ്ഞു. ആരോ വീടിന് നേരെ കല്ലെറിഞ്ഞിട്ടുണ്ടാകുമെന്നാണ് അവർ കരുതിയത്. എന്നാൽ മുകളിലേക്ക് നോക്കിയപ്പോൾ മേൽക്കൂര തകർത്താണ് കല്ല് താഴേക്ക് പതിച്ചതെന്ന് മനസിലായി. കല്ല് വന്ന് വീണത് അവരുടെ അച്ഛന്റെ കിടപ്പുമുറിയിലാണ്.
ചതുരാകൃതിയിലുള്ള ഉൽക്കാശിലയ്ക്ക് 4×6 ഇഞ്ച് വലിപ്പമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാറയുടെ ഭാരം ഏകദേശം 1.8 കിലോഗ്രാം ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോപ്‌വെൽ ടൗൺഷിപ്പ് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ അഭിപ്രായത്തിൽ ഹാലിയുടെ ധൂമകേതുവിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകുമ്പോൾ എല്ലാ വർഷവും ഏപ്രിൽ 19 നും മെയ് 28 നും ഇടയിൽ സംഭവിക്കുന്ന എറ്റ അക്വാറിഡ്‌സ് ഉൽക്കാവർഷത്തിന്റെ ഭാഗമായുള്ള ബഹിരാകാശ പാറയാകാം ഇത്. കല്ലിൽ നിന്ന് റേഡിയോ ആക്ടീവ് റേഡിയേഷൻ പടരുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർ ഇത് സ്‌കാൻ ചെയ്യുകയും അപകടമില്ലെന്ന് സ്ഥിരീകരികുകയും ചെയ്തു.
500 കോടി വർഷം പഴക്കമുള്ള ഈ പാറക്കല്ല് സൗരയൂഥത്തിന്റെ ആദ്യകാല അവശിഷ്ടമാകാമെന്ന് ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫെൽസ് പ്ലാനറ്റോറിയത്തിലെ മുഖ്യ ജ്യോതിശാസ്ത്രജ്ഞനും ഡയറക്ടറുമായ ഡെറിക് പിറ്റ്‌സ് പറഞ്ഞു.ഒരു ഉൽക്കാശില ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴെല്ലാം അത് ഘർഷണവും ഉയർന്ന താപനിലയും മൂലം തീ പിടിക്കുകയും കത്തി നശിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചിലപ്പോൾ അത് സംഭവിക്കാറുമില്ല. അതിനാലാണ് ചില കഷണങ്ങൾ ഭൂമിയിൽ പതിക്കുന്നതെന്നും ജ്യോതിശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Meteorite, US, Viral news