സ്കന്‍സാനോ: ചുറ്റും പച്ചപ്പ് നിറഞ്ഞ കുന്നുകൾ, വിശാലമായ മുന്തിരിത്തോപ്പുകള്‍, ഒലീവ് മരങ്ങള്‍ ആരും അസൂയപ്പെട്ടു പോകുന്ന പ്രകൃതിരമണീയ കാഴ്ച. ഇതാണ് 12കാരനായ ഗിയൂലിയോ ഗിയോവാനിയുടെ പഠന സ്ഥലം. ഇറ്റലിക്കാരനായ ഗിയൂലിയോ അമ്മയ്ക്കൊപ്പം ദിവസം ഒന്നരക്കിലോമീറ്റർ യാത്ര ചെയ്താണ് ഇവിടെയെത്തുന്നത്.
കൊറോണ അതിഭീകരമായി തന്നെ ബാധിച്ച ഇറ്റലിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിനടക്കം കർശന നിയന്ത്രണങ്ങൾ. അധ്യയന വർഷം നഷ്ടമാകാതിരിക്കുന്നതിനായ സ്കൂളുകൾ ഓൺലൈനായി ക്ലാസുകൾ നടത്തി വരികയാണ്. തനിക്ക് ക്ലാസുകൾ നഷ്ടമാകാതിരിക്കാനാണ് ഗിയൂലിയോയുടെ ഈ യാത്ര. കാരണം വീടിരിക്കുന്ന സ്ഥലത്ത് ഇന്റർനെറ്റ് സിഗ്നൽ വളരെ മോശമാണ്. ഇവിടെ നിന്ന് ഒന്നരക്കിലോമീറ്റർ യാത്ര ചെയ്താൽ അതിമനോഹരമായ ഒരു സ്ഥലത്ത് ഒരു മരത്തിന് താഴെ സിഗ്നൽ നന്നായി ലഭിക്കുകയും ചെയ്യും. എല്ലാ കുട്ടികളും വീടുകളിലിരുന്ന് പഠിക്കുമ്പോൾ ഇളം സൂര്യന് താഴെ കുളിർമയുള്ള കാറ്റേറ്റാണ് ഗിയൂലിയോയുടെ പഠനം.
ക്ലാസുകൾ ഉള്ള ദിവസം ചെറിയ ടേബിളും സ്റ്റൂളും ടാബും പുസ്തകങ്ങളും തുടങ്ങി പഠിക്കാനുള്ള എല്ലാ സാധനങ്ങളുമായി അമ്മയ്ക്കൊപ്പം ഗിയൂലിയോ മരച്ചുവട്ടിലെത്തും. 'വീട്ടിലെ ഫോണ്‍ ലൈൻ മാസങ്ങളായി തകരാറിലായതിനാൽ ഇന്റർനെറ്റ് സിഗ്നൽ ലഭിക്കുന്നില്ല.. അതുകൊണ്ട് മകന് പാഠഭാഗങ്ങൾ നഷ്ടമാകാതിരിക്കുന്നതിനാണ് ഞങ്ങൾ ഇവിടെയെത്തുന്നത്...' എന്നാണ് ഗിയൂലിയോയുടെ അമ്മയുടെ വാക്കുകൾ... തകരാർ പരിഹരിക്കാൻ കാലതാമസം എടുക്കുന്നതിനാൽ ഫോൺ കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണിവർ.
ആരും മോഹിക്കുന്ന സ്ഥലത്തിരുന്നാണ് പഠനമെങ്കിലും സ്കൂൾ തന്നെയാണ് തനിക്കിഷ്ടമെന്നാണ് ഗിയൂലിയോ പറയുന്നത്. അവിടെയാണെങ്കിൽ കൂട്ടുകാർക്കൊപ്പമിരിക്കാം.. ഇവിടെയും സ്ക്രീനിലൂടെ കാണാമെങ്കിലും അതു പോര നേരിട്ട് തന്നെ കാണണമെന്നാണ് ഈ പന്ത്രണ്ടുകാരൻ പറയുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.