കളഞ്ഞുകിട്ടിയ പഴകിയ പഴ്സിൽ പത്തരമാറ്റ് തങ്കം; സത്യവാങ്മൂലത്തിലെ വിലാസം വഴി ഉടമയ്ക്ക്; ഒരു പൊലീസ് കുറിപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
സ്വർണാഭരണം ഉരുക്കിയ തനി തങ്കം പഴ്സിനകത്ത് അറയിൽ സൂക്ഷിച്ചിരുന്നത് ഉടമ മറന്നുപോയിരുന്നു.
തൃശൂർ സിറ്റി പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോക്ക്ഡൗണിനിടെ കളഞ്ഞുകിട്ടിയ പഴ്സിനെ കുറിച്ചാണ് കുറിപ്പ്. കളഞ്ഞുകിട്ടിയ പഴ്സ് ഒരു യുവാവാണ് പൊലീസിനെ ഏൽപിച്ചത്. പഴകിയ പഴ്സിലുണ്ടായിരുന്ന സത്യവാങ്മൂലത്തിൽ നിന്നാണ് യഥാർത്ഥ ഉടമയെ പൊലീസ് കണ്ടെത്തിയത്. എന്നാൽ പഴയ പഴ്സായതുകൊണ്ടും അതിൽ കാര്യമായി ഒന്നും ഇല്ലാത്തതുകൊണ്ടും തിരികെ വന്ന് വാങ്ങാൻ ഉടമ ഒന്നുമടിച്ചു. എന്നാൽ പഴ്സ് തുറന്നു പരിശോധിച്ച പൊലീസിന് ലഭിച്ചത് ലക്ഷങ്ങൾ വിലവരുന്ന തനിതങ്കവും.
കുറിപ്പ് ഇങ്ങനെ
#ഒരു സത്യവാങ്ങ്മൂലം അപാരത.
തൃശൂർ കിഴക്കേക്കോട്ട ജംഗ്ഷനിൽ വാഹന പരിശോധന ഡ്യൂട്ടിയിലായിരുന്നു അസി. സബ് ഇൻസ്പെക്ടർ യൂസഫും, പോലീസുദ്യോഗസ്ഥരായ അജിത്ത്, വൈശാഖ് എന്നിവരും.
ആ സമയം ഒരു ചെറുപ്പക്കാരൻ അവരുടെ അടുത്തെത്തി.
“വഴയോരത്തു നിന്നും കളഞ്ഞു കിട്ടിയതാ സാറേ”
മഴപെയ്ത് നനഞ്ഞ നിലയിൽ പുരുഷൻമാർ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു പഴ്സ് അയാൾ പോലീസുദ്യോഗസ്ഥർക്കു നേരെ നീട്ടി. യൂസഫ് അതു വാങ്ങി. പഴ്സ് പോലീസിനെ ഏൽപ്പിച്ച യുവാവിന്റെ പേരും വിലാസവും കുറിച്ചു വെച്ച് അയാളെ പറഞ്ഞയച്ചു.
advertisement
പോലീസുദ്യോഗസ്ഥൻ പഴ്സ് വിശദമായി പരിശോധിച്ചു. അതിനുള്ളിൽ നിന്നും നനഞ്ഞു കീറിയ ഒരു കടലാസ് ലഭിക്കുകയുണ്ടായി.
അത്യാവശ്യകാര്യങ്ങൾക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ പോലീസ് പരിശോധനക്ക് കാണിക്കേണ്ട സത്യവാങ്ങ് മൂലം ആയിരുന്നു അത്. അതിൽ അയാളുടെ വിലാസവും ഫോൺ നമ്പറുമുണ്ട്. പോലീസുദ്യോഗസ്ഥൻ ഉടൻ തന്നെ ആ മൊബൈൽ നമ്പറിൽ വിളിച്ചു.
ഹലോ, സെനിൽ ജോർജ്ജ് അല്ലേ...
അതേ,
താങ്കളുടെ ഒരു പേഴ്സ് കളഞ്ഞു പോയിട്ടുണ്ടോ..?
ഉണ്ട് സർ,
അത് പിന്നെ, പഴയ പെഴ്സ് ആയതുകൊണ്ട് ഞാൻ അന്വേഷിക്കാതിരുന്നതാണ് സാറേ,
advertisement
കിഴക്കേ കോട്ടയിലെ പോലീസ് ഡ്യൂട്ടി പോയിന്റിൽ പഴ്സ് സൂക്ഷിച്ചിട്ടുണ്ട്. താങ്കൾ തിരിച്ചറിയൽ രേഖകളുമായി വന്ന് കൈപ്പറ്റിക്കൊള്ളുക.
സാറേ, ഞാൻ പിന്നെ വരാം സാറേ,
അയാൾ ഫോൺ കട്ട് ചെയ്തു.
പോലീസുദ്യോഗസ്ഥൻ ആ പഴ്സ് വീണ്ടും നോക്കി. പഴ്സിന്റെ ഉള്ളിലെ അറകളിൽ വിശദമായി പരിശോധിച്ചു. അതിനകത്ത് കട്ടിയുള്ള ഏതോ വസ്തു സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. അത് തുറന്ന് പുറത്തെടുത്തു. എന്നിട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസുദ്യോഗസ്ഥരെ കാണിച്ചു.
യൂസഫിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന അജിത്ത് ഇതിനുമുമ്പ് സ്വർണാഭരണ നിർമ്മാണ ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നയാളാണ്.
advertisement
“ഇത് സ്വർണമാണല്ലോ, സാറേ,”
“സ്വർണാഭരണങ്ങൾ ഉരുക്കിയ തനി തങ്കം ആണിത്. ഏകദേശം നാൽപ്പത് ഗ്രാം തൂക്കമുണ്ട് ഇതിന്. “
“നാൽപ്പത് ഗ്രാം തനി തങ്കം. ഇപ്പോഴത്തെ മാർക്കറ്റ് വിലയിൽ ഇതിന് രണ്ടു ലക്ഷത്തിലധികം രൂപയുടെ മൂല്യമുണ്ട്.”
അജിത്ത് ഉറപ്പിച്ചു പറഞ്ഞു.
യൂസഫ് ഉടൻ തന്നെ വിലാസക്കാരനായ സനിൽ ജോർജ്ജിന്റെ ഫോൺ നമ്പറിൽ വീണ്ടും വിളിച്ചു.
“താങ്കൾ ഉടൻ തന്നെ കിഴക്കേക്കോട്ട ജംഗ്ഷനിൽ എത്തണം. പഴ്സ് കൈപ്പറ്റണം”.
അൽപ്പനേരം കഴിഞ്ഞപ്പോഴേക്കും ഒരു മോട്ടോർ സൈക്കിളിൽ അയാൾ എത്തി.
advertisement
എന്താണ് പേര് ? സെനിൽ ജോർജ്ജ്.
വിലാസം: ജോതിരത്ന, ചേലക്കോട്ടുകര, തൃശൂർ.
സത്യവാങ്ങ്മൂലത്തിലെ പേരും വിലാസവും ശരിയാണെന്നു മനസ്സിലായി.
എന്താണ് ജോലി ?
“എനിക്ക് ജൂവല്ലറിയാണ് സാറേ…”
“തൃശൂർ കിഴക്കേക്കോട്ടയ്കടുത്ത് ജോതിരത്ന എന്ന പേരിൽ ഒരു ജ്വല്ലറി മാനുഫാക്ടറിങ്ങ് യൂണിറ്റ് നടത്തുന്നുണ്ട്. ഇപ്പോൾ ലോക്ക് ഡൌൺ കാരണം എല്ലാം അടഞ്ഞു കിടക്കുകയാണ്.”
പേഴ്സിനുള്ളിൽ എന്തെങ്കിലും സൂക്ഷിച്ചിരുന്നോ ?
“കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. അതാണ് പിന്നെ ഞാൻ പഴ്സ് നഷ്ടപ്പെട്ടപ്പോൾ അന്വേഷിക്കാതിരുന്നത്.”
advertisement
എന്നാൽ ഒന്നുകൂടി ആലോചിച്ചു നോക്കൂ, പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന്.
അയാൾ ആലോചിച്ചു.
അയാൾ പെട്ടെന്ന് എന്തോ ഓർത്തെടുത്തു.
“സോറി സാറേ,
എന്റെ ജൂവല്ലറി പണിശാലയിലെ കുറച്ച് സ്വർണാഭരണം ഉരുക്കിയ തനി തങ്കം പഴ്സിനകത്ത് അറയിൽ സൂക്ഷിച്ചിരുന്നു. ഇപ്പോഴാണ് അതിനെക്കുറിച്ച് എനിക്ക് ഓർമ്മവന്നത്”.
അയാൾ അതിനെക്കുറിച്ച് വിശദീകരിച്ചു. പോലീസുദ്യോഗസ്ഥർ ഇതിനോടകം അയാളുടെ വീട്ടിൽ വിളിച്ച് അന്വേഷിച്ചു. വിശദീകരണം തൃപ്തികരമായി തോന്നുകയും പഴ്സും പഴ്സിനകത്തെ സ്വർണവും അയാളുടേതു തന്നെയെന്ന് അന്വേഷിച്ച് ഉറപ്പിച്ചു.
advertisement
തുടർന്ന് എ.എസ്.ഐ യൂസഫ് ഇക്കാര്യം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ അറിയിക്കുകയും അദ്ദേഹത്തിന്റെ അനുവാദപ്രകാരം, സ്വർണം അടങ്ങിയ പഴ്സ് ഉടമയായ സെനിൽ ജോർജ്ജിന് കൈമാറുകയും ചെയ്തു.
സെനിൽ ജോർജ്ജിന്റെ സത്യവാങ്ങ്മൂലം അപാരത ഇവിടെ അവസാനിക്കുന്നു.
എന്നാൽ പോലീസുദ്യോഗസ്ഥരുടെ കാവൽ ഇവിടെ തീരുന്നില്ല. നിങ്ങളുടെ സുരക്ഷക്കായി യൂസഫിനെപ്പോലുള്ള ആയിരക്കണക്കിന് പോലീസുദ്യോഗസ്ഥരാണ് റോഡുകളിൽ കാവൽ നിൽക്കുന്നത്. അവർക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിവാദനങ്ങൾ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 10, 2021 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കളഞ്ഞുകിട്ടിയ പഴകിയ പഴ്സിൽ പത്തരമാറ്റ് തങ്കം; സത്യവാങ്മൂലത്തിലെ വിലാസം വഴി ഉടമയ്ക്ക്; ഒരു പൊലീസ് കുറിപ്പ്


