പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിങ്ങനെ വമ്പൻ താരനിരകൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രൊജക്ട് കെ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു പുതിയ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്
പ്രൊജക്ട് കെയിൽ കമൽഹാസനും?
പ്രൊജക്ട് കെയുടെ നിർമ്മാതാക്കൾ സൂപ്പർസ്റ്റാർ കമൽഹാസനെയും സമീപിച്ചിട്ടുണ്ടെന്നാണ് അടുത്തിടെ പുറത്ത് വന്ന ചില റിപ്പോർട്ടുകൾ. നിർമ്മാതാക്കളും കമൽഹാസനും തമ്മിലുള്ള ചർച്ചകൾ നടക്കുന്നതായാണ് വിവരം. ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ മെഗാസ്റ്റാറിന് ഓഫർ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. എന്നാൽ കമൽഹാസൻ ഇതുവരെ ഔദ്യോഗികമായി കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നാണ്അടുത്ത വൃത്തങ്ങൾനൽകുന്ന സൂചന.
150 കോടി രൂപ പ്രതിഫലം
പ്രൊജക്ട് കെയ്‌ക്കായി കമൽഹാസന് 150 കോടി രൂപ വാഗ്ദാനം ചെയ്തതായി നിരവധി മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതിൽ സത്യമില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന ഒരു റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. “കമൽഹാസനുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം ഇതുവരെ ഇത് സംബന്ധിച്ച കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹം ഓഫർ സ്വീകരിച്ചോ ഇല്ലയോ എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ ഒന്നോ രണ്ടോ ആഴ്‌ച എടുക്കും, ” എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ നൽകുന്ന സൂചന.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രൊജക്ട് കെ ദീപിക പദുക്കോണിന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. 500 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ‘വിഷ്ണുവിന്റെ ആധുനിക അവതാര’ത്തെക്കുറിച്ചായിരിക്കും പ്രൊജക്ട് കെ എന്ന് നിർമ്മാതാവ് അശ്വിനി ദത്ത് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. “സയൻസ് ഫിക്ഷന്റെ ഫാന്റസിയും മറ്റ് ഘടകങ്ങളും സിനിമയിലുണ്ടാകും. ഇത് വിഷ്ണുവിന്റെ ആധുനിക കാലത്തെ അവതാരത്തെക്കുറിച്ച് പറയുന്ന സിനിമയാണ്, സിനിമയിലെ ആക്ഷൻ സീക്വൻസുകൾക്കായി അഞ്ചോളം അന്താരാഷ്ട്ര സ്റ്റണ്ട് കൊറിയോഗ്രാഫർമാരെയാണ് നിയോഗിച്ചിരിക്കുന്നത്. സിനിമയിൽ നിങ്ങൾ കാണുന്നതെല്ലാം നിങ്ങളെ സ്തംഭിപ്പിക്കും,” എന്നായിരുന്നു അദ്ദേഹം ഒരു തെലുങ്ക് യൂട്യൂബ് ചാനലിനോട് പറഞ്ഞത്. ചിത്രം 2024 ജനുവരിയിൽ തിയേറ്ററുകളിൽ എത്താനാണ് സാധ്യത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kamal haasan, Prabhas