സിക്ക് ലീവെടുത്ത ജീവനക്കാരന്‍ 16,000 ചുവട് നടന്നതിന് പിരിച്ചുവിട്ടു; 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി
- Published by:Sneha Reghu
- news18-malayalam
Last Updated:
ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് നിയമവിരുദ്ധമാണെന്ന് കോടതി
സിക് ലീവെടുത്ത ജീവനക്കാരൻ നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ കമ്പനിയ്ക്ക് തിരിച്ചടി. ജീവനക്കാരന് 14 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടു. ചൈനയിലെ ജിയാംഗു പ്രവിശ്യയിലാണ് സംഭവം. കാലിന് പരിക്കേറ്റുവെന്ന് കാട്ടി സിക്ക് ലീവ് എടുത്ത ജീവനക്കാരൻ 16,000 ചുവട് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. തുടർന്ന് ജീവനക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.
ഈ സംഭവം ചൈനയിലെ ജോലിസ്ഥലത്തെ നിരീക്ഷണത്തെക്കുറിച്ചും തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരെ എത്ര നിരീക്ഷിക്കാൻ അനുവദിക്കണം എന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾക്ക് തിരികൊളുത്തിയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ചെൻ എന്ന ജീവനക്കാരനാണ് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. ഇയാൾ ജിയാംഗ്‌സുവിലെ ഒരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. 2019ന്റെ തുടക്കത്തിൽ ജോലിസ്ഥലത്തുവെച്ച് നടുവിന് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം രണ്ടുതവണ മെഡിക്കൽ ലീവിന് അപേക്ഷിച്ചു. ചെൻ തന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി ആശുപത്രിയിൽ നിന്നുള്ള രേഖകൾ കമ്പനിയിൽ നൽകി. തുടർന്ന് രണ്ട് അപേക്ഷകളും കമ്പനി അംഗീകരിച്ചു. ഏകദേശം ഒരു മാസം നീണ്ട വിശ്രമത്തിന് ശേഷം ചെൻ ജോലിക്ക് തിരികെയെത്തി. എന്നാൽ, പകുതി ദിവസം ജോലി ചെയ്തതിന് ശേഷം കാലിൽ വേദനയുണ്ടായതിനെ തുടർന്ന് സിക്ക് ലീവ് എടുത്തു. അദ്ദേഹത്തിന്റെ കാലിന് പരിക്കുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഒരാഴ്ച വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
advertisement
കമ്പനിയുടെ സംശയം പിരിച്ചുവിടലിലേക്ക് നയിച്ചു
ചെൻ വീണ്ടും അവധിയെടുത്തപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് കമ്പനി സംശയിച്ചു. പുതിയ മെഡിക്കൽ രേഖകളുമായി ഓഫീസിലെത്താൻ കമ്പനി ചെന്നിനോട് നിർദേശിച്ചു. എന്നാൽ, അദ്ദേഹം ഓഫീസിൽ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ അകത്തു കടക്കുന്നത് തടഞ്ഞു. ജോലിയിൽ ഹാജരാകാത്തതിന് അദ്ദേഹത്തെ പുറത്താക്കിയതായി കമ്പനി അറിയിച്ചു. ആരോഗ്യാവസ്ഥയെക്കുറിച്ച് ചെൻ നുണ പറഞ്ഞതായി കമ്പനി ആരോപിച്ചു.
തുടർന്ന ചെൻ ഒരു ലേബർ ആർബിട്രേഷൻ പരാതി നൽകി. തന്‌റെ മെഡിക്കൽ അവധി സാധുതയുള്ളതാണെന്നും ഡോക്ടർമാർ അംഗീകരിച്ചതാണെന്നും വാദിച്ചു. തുടർന്ന് ചെന്നിന്റെ വാദം ശരിയാണെന്ന് കോടതി സമ്മതിക്കുകയും കമ്പനിയോട് 118,779 യുവാൻ(ഏകദേശം 14 ലക്ഷം രൂപ)നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു.
advertisement
നിയമപോരാട്ടം
ഈ വിധിക്കെതിരേ കമ്പനി കോടതിയിൽ അപ്പീൽ നൽകി. കാൽവേദന റിപ്പോർട്ട് ചെയ്ത ദിവസം ചെൻ ഓഫീസിലേക്ക് ഓടി എത്തുന്ന സിസിടിവി കാമറാ ദൃശ്യങ്ങൾ അവർ ഹാജരാക്കി. ചെൻ ആ ദിവസം 16,000ലധികം ചുവടുകൾ നടന്നതായി വ്യക്തമാക്കുന്ന റെക്കോഡിംഗ്‌സും അവർ പങ്കിട്ടു. തുടർന്ന് അദ്ദേഹം വ്യാജമായി പരിക്ക് അഭിനയിക്കുകയാണെന്ന് കമ്പനി അവകാശപ്പെട്ടു.
ആരോപണങ്ങൾ നിഷേധിച്ച ചെൻ തെളിവുകൾ വ്യാജമാണെന്ന് അവകാശപ്പെട്ടു. തന്റെ വാദത്തെ പിന്തുണയ്ക്കുന്നതിനായി തന്റെ നടുവ്, കാൽ എന്നിവയുടെ സ്‌കാനിംഗ് റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചു
advertisement
ചെന്നിന് അനുകൂലവിധി
കേസിൽ കോടതി രണ്ട് തവണ വാദം കേട്ടു. തുടർന്ന് ചെന്നിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചു. ആശുപത്രിയിൽ നിന്നുള്ള രേഖകൾ നിയമാനുസൃതമാണെന്നും ശരിയായ തെളിവില്ലാതെയാണ് കമ്പനി അദ്ദേഹത്തെ പിരിച്ചുവിട്ടതെന്നും കോടതി കണ്ടെത്തി. തുടർന്ന് ചെന്നിന് 14 ലക്ഷം നഷ്ടപരിഹാരം നൽകാനും ഉത്തരവിടുകയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
November 10, 2025 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സിക്ക് ലീവെടുത്ത ജീവനക്കാരന്‍ 16,000 ചുവട് നടന്നതിന് പിരിച്ചുവിട്ടു; 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി


