രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായിത്തന്നെ തുടരുന്ന സാഹചര്യത്തിൽ ഹൃദയം തകർക്കുന്ന നിരവധി വാർത്തകളാണ് ദിവസേനയെന്നോണം നാം കേൾക്കുന്നത്. എന്നാൽ, അതോടൊപ്പം പ്രതീക്ഷയുടെ തുരുത്തുകളായി ആവശ്യക്കാർക്ക് നേരെ ഉപാധികളില്ലാതെ സഹായഹസ്തം നീട്ടുന്ന ചില നല്ല മനുഷ്യരെയും നമ്മൾ അങ്ങിങ്ങായി കാണുന്നു. ഓക്സിജൻ, ആശുപത്രി കിടക്കകൾ, വാക്സിനുകൾ എന്നിവയുടെ ക്ഷാമം രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടപ്പോൾ സഹായം ആവശ്യമുള്ള ജനങ്ങൾക്ക് അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ നിരവധി ആളുകൾ മുന്നിട്ടിറങ്ങി. അതിന് ഒരു ഉദാഹരണമാണ് അർഷി എന്ന് പേരുള്ള 26 വയസുകാരിയായ യുവതി.
ഷാജഹാൻപൂർ സ്വദേശിയായ അർഷി ഇപ്പോൾ അറിയപ്പെടുന്നത് 'സിലിണ്ടർ വാലി ബിടിയ' എന്നാണ്. അതിന് പിന്നിലെ കാരണം വളരെ ലളിതമാണ്. കോവിഡ് ബാധിതരായ രോഗികൾക്ക് ഓക്സിജൻ എത്തിച്ചു കൊടുക്കാൻ സഹായിച്ചു വരികയാണ് അർഷി. തന്റെ സ്‌കൂട്ടറിൽ ഓക്സിജൻ സിലിണ്ടറുകളുമായി യാത്ര ചെയ്യുന്ന അർഷി ഓക്സിജൻ സിലിണ്ടർ ആവശ്യമുള്ള ഓരോ വീടുകളിലും കയറിയിറങ്ങി അത് വിതരണം ചെയ്യുകയും നിരവധി പേരുടെ ജീവൻ സംരക്ഷിക്കുകയും ചെയ്യുന്നു.
Also Read 'അസുരന്' വില്ലന് നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു
വ്യക്തിപരമായ ഒരു അനുഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നന്മ നിറഞ്ഞ ഈ പ്രവർത്തനത്തിലേക്ക് ഇറങ്ങിത്തിരിക്കാൻ അർഷി തീരുമാനിച്ചത്. അർഷിയുടെ അച്ഛന് കോവിഡ് ബാധ ഉണ്ടായപ്പോൾ ഓക്സിജൻ ആവശ്യമായി വന്നിരുന്നു. അച്ഛന് ജീവവായു ലഭ്യമാക്കാൻ അർഷിയ്ക്ക് ഒരുപാട് അലയേണ്ടി വന്നു. അദ്ദേഹം വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുകയായിരുന്നതിനാൽ പ്രാദേശിക അധികൃതർ ഓക്സിജൻ സിലിണ്ടർ നൽകാൻ വിസമ്മതിക്കുകയായിരുന്നു. "തുടർന്ന് ഉത്തരാഖണ്ഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ സന്നദ്ധ സംഘടനയെ ഞാൻ വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ടു. അവർ അച്ഛന് ഓക്സിജൻ എത്തിച്ചു നൽകുകയും അങ്ങനെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുകയും ചെയ്തു", പി ടി ഐയോട് സംസാരിക്കവെ അർഷി പറഞ്ഞു. അങ്ങനെയാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ ഓക്സിജന്റെ പ്രാധാന്യം എത്രത്തോളമാണെന്നും അത് കിട്ടാനുള്ള പ്രയാസം വലുതാണെന്നും അർഷി തിരിച്ചറിഞ്ഞത്.
അങ്ങനെ സ്വന്തമായി ആവശ്യക്കാരുടെ വീടുകളിൽ ഓക്സിജൻ സിലിണ്ടർ എത്തിച്ചു കൊടുക്കാൻ അർഷി തീരുമാനിച്ചു. തന്റെ സഹോദരന്മാരുടെ സഹായത്തോടെ ഇതിനകം 20 ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യാൻ അർഷിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമീപ ജില്ലകളായ ഷഹബാദ്, ഹർദ്ദോയി എന്നിവിടങ്ങളിലെ ആളുകൾക്കും അർഷി ഓക്സിജൻ സിലിണ്ടർ എത്തിച്ചു കൊടുത്തിട്ടുണ്ട്. അതിനൊന്നും പണം ഈടാക്കിയിട്ടുമില്ല.
തന്റെ നല്ല പ്രവൃത്തികളുടെ പേരിൽ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 'സിലിണ്ടർ വാലി ബിടിയ' ആദരവ് പിടിച്ചുപറ്റുന്നുണ്ട്. ജില്ലയിലെ സമാജ്‌വാദി രാഷ്ട്രീയ പാർട്ടിയുടെ നേതാവായ തൻവീർ ഖാൻ അർഷിയുടെ പ്രയത്നത്തെ പ്രശംസിച്ചു. "കോവിഡ് 19 വ്യാപനത്തിനിടയിൽ തന്റെ ജീവനെക്കുറിച്ച് പോലും ആശങ്കപ്പെടാതെ അർഷി ചരിത്രപരമായ പ്രവൃത്തിയിലാണ് ഏർപ്പെടുന്നത്", അദ്ദേഹം വാർത്താ ഏജൻസികളോട് പ്രതികരിച്ചു.
Keywords:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Covid 19, Oxygen Concentrator