മധുര:
ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതിനു പിന്നാലെ ജോലി നഷ്ടപ്പെട്ട് ഭിക്ഷാടനത്തിന് ഇറങ്ങിയ യുവഡോക്ടർക്ക് സഹായവുമായി തമിഴ്നാട് പൊലീസ്. മധുര നഗരത്തിലെ ആശുപത്രിയിൽ ഒരു വർഷത്തോളം പ്രാക്ടീസ് ചെയ്ത ഡോക്ടറെയാണ് ഭിക്ഷാടകർക്കൊപ്പം കണ്ടെത്തിയതെന്ന് പൊലീസ് ഇൻസ്പെക്ടർ ജി. കവിത പറഞ്ഞു.
ഭിക്ഷാടകർക്കൊപ്പമുള്ളത് ഒരു ഡോക്ടറാണെന്നത് ആദ്യം വിശ്വസിക്കാനായില്ലെന്നും സർട്ടിഫിക്കറ്റുകൾ പരിശോധിച്ചും മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടുമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും കവിത വ്യക്തമാക്കി.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെയാണ് ഡോക്ടർക്ക് ജോലി നഷ്ടമായത്. ബന്ധുക്കളും ഉപേക്ഷിച്ചു. ജീവിക്കാൻ നിവൃത്തി ഇല്ലാതായതോടെയാണ് തെരുവിൽ ഭിക്ഷയെടുക്കാൻ യുവ ഡോക്ടർ തീരുമാനിച്ചത്.
മധുര മെഡിക്കൽ കോളജിൽ നിന്നും 2018 ൽ ഉയർന്ന മാർക്കോടെയാണ് മെഡിക്കൽ ബിരുദം സ്വന്തമാക്കിയത്. തുടർന്ന് മധുരയിലെ തന്നെ ഒരു ആശുപത്രിയിൽ ഒരു വർഷത്തോളം ജോലി ചെയ്തു. ഇതിനു ശേഷമാണ് ശസ്ത്രക്രിയയിലൂടെ സ്ത്രീയായത്.
എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ ഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. താമസസ്ഥലത്ത് നിന്നും ഇറക്കിവിട്ടു. ഇതോടെ നഗരത്തിലെ ഒരു ട്രാൻസ്ജെൻഡറിനൊപ്പം താമസം ആരംഭിച്ചു. ജീവിക്കാൻ മറ്റുവഴികളില്ലാതായതോടെ ഡോക്ടർ ഭിക്ഷാടനത്തിലേക്കു തിരിഞ്ഞതെന്ന് ഇൻസ്പെക്ടർ. ജി. കവിത പറയുന്നു.
മെഡിക്കൽ കോളജിലെ സഹപാഠിയിൽ നിന്നാണ് ഡോക്ടറെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് മനസിലാക്കിയത്. 20 ദിവസമായി ഡോക്ടറെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഹൗസ് സർജൻസി കഴിഞ്ഞതിനു ശേഷം ഡോക്ടറെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നുവെന്നും മധുര മെഡിക്കൽ കോളജിലെ ഡീൻ ഡോക്ടർ ജെ സങ്കുമണി പറഞ്ഞു.
Also Read
നഗരത്തിൽ പുലിയിറങ്ങി; വൈറലായി ഗാസിയാബാദിലെ സി.സി ടി.വി ദൃശ്യങ്ങൾതെരുവിൽ ഭിക്ഷാടകർ കൂടുന്നെന്ന വ്യാപാരികളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെ കണ്ടെത്തിയത്.
ഏതായാലും യുവഡോക്ടറെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്. പൊലീസും മെഡിക്കൽ ലാബ് ഉടമയും ചേർന്ന് മധുരയിൽ ഡോക്ടർക്കായി ഒരു ക്ലിനിക് സജ്ജമാക്കിയിട്ടുണ്ട്. സ്റ്റെതസ്കോപ്, കോട്ട് തുടങ്ങിയ വാങ്ങി നൽകുകയും ചെയ്തു. വാർത്ത പുറത്തു വന്നതോടെ നിരവധി പേരാണ് ഡോക്ടറെ സഹായിക്കാൻ താൽപര്യമറിയിച്ച് മുന്നോട്ടുവന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.