Gold | ജീവനക്കാർക്ക് ശമ്പളം സ്വർണത്തിൽ; വേറിട്ട രീതിയുമായി കമ്പനി; ലക്ഷ്യം പണപ്പെരുപ്പം നേരിടാൻ
- Published by:Jayashankar Av
- news18-malayalam
Last Updated:
20 ജീവനക്കാരാണ് നിലവിൽ ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്.
ജീവനക്കാർക്ക് ശമ്പളമായി സ്വർണം (Gold) നൽകാൻ ആരംഭിച്ച് ഇംഗ്ലണ്ടിലെ ഒരു കമ്പനി. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഏറ്റവും മികച്ചൊരു രീതിയാണ് ഈ മാർഗമെന്നും കമ്പനി പറയുന്നു. റ്റാലി മണി (TallyMoney) എന്ന കമ്പനിയാണ് നൂതന ആശയം നടപ്പിലാക്കിയത്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പണപ്പെരുപ്പം ഉയർന്നു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഇത് എന്തു കൊണ്ടും മികച്ച രീതിയാണെന്ന് കമ്പനി സിഇഒ കാമറൂൺ പാരി (Cameron Parry) പറഞ്ഞു. 20 ജീവനക്കാരാണ് നിലവിൽ ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്.
പണപ്പെരുപ്പം (Inflation) ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ പണമായി ശമ്പളം നൽകുന്നത് അനുയോജ്യമല്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും പാരി പറയുന്നു. ജീവിതച്ചെലവു തന്നെ കണ്ടെത്താനാകാത്ത നിലവിലെ സാഹചര്യത്തിൽ യുകെ കറൻസിയായ പൗണ്ടിൽ ശമ്പള വർദ്ധനവ് നൽകുന്നതു കൊണ്ട് അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സ്കീമിന്റെ പരീക്ഷണ ഘട്ടത്തിൽ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നീട് മുഴുവൻ ജീവനക്കാർക്കുമായി ഈ നയം വിപുലീകരിക്കാനാണ് നീക്കം. സ്വർണ്ണത്തിൽ ശമ്പളം വാങ്ങണോ അതോ പണമായിത്തന്നെ വാങ്ങണോ എന്നത് ജീവനക്കാർക്ക് തീരുമാനിക്കാം.
advertisement
സ്വർണ്ണത്തിൽ ശമ്പളം നൽകുക എന്നാൽ ലോഹക്കഷണങ്ങൾ നൽകുന്നു എന്ന് അർഥമില്ല. പകരം, നിലവിലെ സ്വർണ്ണം-പൗണ്ട് നിരക്ക് അടിസ്ഥാനമാക്കി അവർക്ക് പണം പിൻവലിക്കാൻ കഴിയും.
പൗണ്ട് രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് താഴ്ന്നിരിക്കുന്നത്. 2022 സാമ്പത്തിക മാന്ദ്യത്തിന്റെ വർഷമായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചിപ്പിച്ചിട്ടുമുണ്ട്.
കുത്തനെ ഇടിഞ്ഞ് ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരിക്കുകയാണ് ഇന്ത്യൻ രൂപയും. യുഎസ് ഡോളറിനെതിരെ 77 രൂപ 50 പൈസ എന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് മെയ് അവസാനത്തോടെ രൂപയുടെ മൂല്യം 78 കടന്നേക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ തുടർച്ചയായി വിറ്റഴിക്കുന്നതും ക്രൂഡ് ഓയിൽ വില ഉയർന്നതും ആഭ്യന്തര പണപ്പെരുപ്പം ഉയരുന്നതുമൊക്കെയാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിൽ. പലിശ നിരക്കുകൾ കർശനമാക്കുന്നതോടെ പണപ്പെരുപ്പം ഇനിയും ഉയരാനാണ് സാധ്യത. ഇത് ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ താഴ്ത്തിയേക്കാം എന്നും വിലയിരുത്തലുകളുണ്ട്. ആഗോളതലത്തിൽ ഊർജ്ജത്തിന്റെ വില ഉയരുന്നതിനാൽ ഇറക്കുമതി ചരക്കുകളിലെ പണപ്പെരുപ്പത്തെക്കുറിച്ച് ഇന്ത്യ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വികസിതവും വളർന്നു വരുന്നതുമായ സമ്പദ്‌വ്യവസ്ഥകളിൽ ഉത്പന്നങ്ങളുടെ വിലക്കയറ്റം ഒരു ആഗോള പ്രശ്‌നമായി വീണ്ടും ഉയർന്നു വന്നിട്ടുണ്ടെന്നും 2022 ലെ സാമ്പത്തിക സർവേയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സമ്പദ്‌വ്യവസ്ഥ 2022-23 ലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തമാണെന്ന് സർവേ പറയുന്നു. കൂടാതെ, വർഷത്തിൽ ഭൂരിഭാഗവും ഭക്ഷ്യ വിലക്കയറ്റം അപകടകരമല്ലാത്തിനാൽ പ്രധാന പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്ന് സാമ്പത്തിക സർവേ 2022 എടുത്തു പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2022 8:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Gold | ജീവനക്കാർക്ക് ശമ്പളം സ്വർണത്തിൽ; വേറിട്ട രീതിയുമായി കമ്പനി; ലക്ഷ്യം പണപ്പെരുപ്പം നേരിടാൻ