'കോവിഡ് വാക്സിനെടുത്തവർ രണ്ടു വർഷത്തിനകം മരിക്കും'; വാട്സാപ്പിൽ വ്യാജ സന്ദേശം
- Published by:Rajesh V
- news18-malayalam
Last Updated:
ഫ്രഞ്ച് നൊബേൽ ജേതാവിന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ഇത് ഷെയർ ചെയ്യരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഔദ്യോഗിക ട്വിറ്റർ പേജിലൂടെ വ്യക്തമാക്കി.
കോവിഡ്-19 മഹാമാരിയെ തുരത്തുന്നതിന് വാക്സിൻ സ്വീകരിക്കുന്നതിനാണ് ലോകാരോഗ്യ സംഘടനയും ലോക രാഷ്ട്രങ്ങളും ആരോഗ്യ പ്രവർത്തകരും നിരന്തരമായി ആവശ്യപ്പെടുന്നത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വാക്സിൻ നിർണായകമാണെന്നും പ്രതിരോധത്തിനായി എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും ലോക ആരോഗ്യ സംഘടന വിവിധ മാർഗങ്ങളിലൂടെ ജനങ്ങളെ ബോധവത്കരിക്കുകയാണ്. എന്നാൽ വാക്സിനെക്കുറിച്ച് ഭീതിയുണ്ടാക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ നിരവധി സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് സർക്കാരുകൾക്കും ആരോഗ്യ പ്രവർത്തകർക്കും വെല്ലുവിളിയാവുന്നു.
ഇത്തരത്തിൽ വാട്സാപ്പിലൂടെയും മറ്റുമായി പ്രചരിപ്പിക്കപ്പെടുന്ന വ്യാജ സന്ദേശമാണ് ഫ്രഞ്ച് വൈറോളജിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ ലൂക് മോണ്ടനീർ പറഞ്ഞതെന്ന പേരിലുള്ളത്. കോവിഡിനെതിരായ മാസ് വാക്സിനേഷൻ സ്വീകാരിക്കാനാവില്ലെന്നും വാക്സിൻ സ്വീകരിക്കുന്നവർ രണ്ടു വർഷത്തിനകം മരണപ്പെടുമെന്നുമാണ് വ്യാജ സന്ദേശത്തിൽ പറയുന്നത്. നിരവധിപ്പേരാണ് വാട്സാപ്പിലൂടെ ഈ വ്യാജ സന്ദേശം ഷെയർ ചെയ്തിരിക്കുന്നത്.
Also Read- ഫേസ്ബുക്ക്, ട്വിറ്റർ നിരോധനം; ഓർക്കുട്ടിന്റെ ഓർമകളുമായി പഴയ തലമുറയിലെ സോഷ്യൽ മീഡിയാ ഫാൻസ്
advertisement
ലൂക് മോണ്ടനീറുടെ ചിത്രം സഹിതമുള്ള വ്യാജ സന്ദേശമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 'വാക്സിൻ സ്വീകരിച്ചവർ രണ്ട് വർഷത്തിനകം മരണപ്പെടുമെന്നും ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നും നൊബേൽ സമ്മാന ജേതാവായ ലോക പ്രശസ്ത വൈറോളജിസ്റ്റ് ലൂക് മോണ്ടനീർ സ്ഥിരീകരിച്ചു. വാക്സിൻ സ്വീകരിച്ചവർക്ക് ഒരു ചികിത്സയുമില്ലെന്നും പ്രതീക്ഷക്ക് വകയില്ലെന്നും ഒരു ഇന്റർവ്യൂവിലാണ് അദ്ദേഹം പറഞ്ഞത്. ഭാവിയിൽ മരിക്കുന്നവരുടെ സംസ്കാരം നടത്താൻ നമ്മൾ തയ്യാറായിരിക്കണം. ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ പ്രവർത്തനഫലമായാവും ഇവരെല്ലാം മരിക്കുക. വാക്സിനെക്കുറിച്ച് പഠിച്ചതിന് ശേഷം പ്രശസ്ത വൈറോളജിസ്റ്റുകളും ഈ കണ്ടെത്തലുകളെ പിന്തുണക്കുന്നു' - എന്നിങ്ങനെയാണ് പ്രചരിപ്പിക്കപ്പെടുന്ന വ്യാജ സന്ദേശത്തിലുള്ളത്.
advertisement
ഫ്രഞ്ച് നൊബേൽ ജേതാവിന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ഇത് ഷെയർ ചെയ്യരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഔദ്യോഗിക ട്വിറ്റർ പേജിലൂടെ വ്യക്തമാക്കി. വാട്സാപ്പ് സന്ദേശത്തിലെ ചിത്രം സഹിതമാണ് പിഐബി പോസ്റ്റ് ചെയ്തിരിക്കുന്നത്. അസം പൊലീസും ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
advertisement
An image allegedly quoting a French Nobel Laureate on #COVID19 vaccines is circulating on social media
The claim in the image is #FAKE. #COVID19 Vaccine is completely safe
Do not forward this image#PIBFactCheck pic.twitter.com/DMrxY8vdMN
— PIB Fact Check (@PIBFactCheck) May 25, 2021
advertisement
അതേസമയം, വാക്സിനെതിരായ നിലപാടിലൂടെ അറിയപ്പെടുന്ന ലൂക് മോണ്ടനീർ കൊറോണ വൈറസ് മനുഷ്യ നിർമ്മിതമാണെന്നും എച്ച്ഐവിയുടെ ജനറ്റിക് മെറ്റീരിയലുകൾ ഉൾക്കൊള്ളുന്നുവെന്നും തെറ്റായി അവകാശപ്പെട്ടതായി ഒരു റിപോർട്ടിനെ ഉദ്ധരിച്ച് ആൾട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു.
സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ വാക്സിൽ സ്വീകരിക്കാനിരിക്കുന്നവരിൽ അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ഉത്കണ്ഠയും ഭീതിയും സൃഷ്ടിക്കുന്നതായി ബാംഗ്ലൂർ നിംഹാൻസിലെ സൈക്യാട്രി പ്രഫസർ ഡോ. പ്രഭ എസ് ചൗധരി പറയുന്നു. ഇന്ത്യയിലെ മുതിർന്നയാളുകൾ പ്രായപൂർത്തിയായതിനു ശേഷം വാക്സിൻ സ്വീകരിച്ചിട്ടില്ല എന്നതും ഉത്കണ്ഠക്ക് കാരണമാവുന്നുണ്ട്. കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ നിന്നും വൈറസ് പകരുമോ എന്ന ഭീതിയാണ് മറ്റു ചിലർക്കുള്ളത്. വാക്സിനെക്കുറിച്ചുള്ള ഉത്കണ്ഠ മാറ്റുന്നതിന് നേരത്തെ ഇത് സ്വീകരിച്ചവരുടെ അനുഭവം തേടണം. വാക്സിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കി, വേണ്ടിവന്നാൽ ഡോക്ടറുടെ ഉപദേശം തേടണമെന്നും ഡോ. പ്രഭ ചൗധരി പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2021 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കോവിഡ് വാക്സിനെടുത്തവർ രണ്ടു വർഷത്തിനകം മരിക്കും'; വാട്സാപ്പിൽ വ്യാജ സന്ദേശം