സെയ്ഫ് അലിഖാന് 15000 കോടിയുടെ കുടുംബസ്വത്ത് കൈവിട്ടുപോകുമോ ?
- Published by:ASHLI
- news18-malayalam
Last Updated:
ഈ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന 2015ലെ സ്റ്റേ ഹൈക്കോടതി നീക്കിയിട്ടുണ്ട്
നടന്‍ സെയ്ഫ് അലിഖാന്റെ മധ്യപ്രദേശിലെ 15000 കോടിരൂപ വിലമതിക്കുന്ന കുടുംബസ്വത്ത് സംസ്ഥാന സര്‍ക്കാരിന് കീഴിലായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന 2015ലെ സ്റ്റേ ഹൈക്കോടതി നീക്കിയിട്ടുണ്ട്. ഇതോടെയാണ് കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്തുക്കള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഭോപ്പാലിലെ പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ ശത്രുസ്വത്തായി (enemy property) പ്രഖ്യാപിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവിനെതിരെ സെയ്ഫ് അലിഖാന്‍ സമര്‍പ്പിച്ച ഹര്‍ജി 2024 ഡിസംബര്‍ 13ന് മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിവേക് അഗര്‍വാളിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അപ്പലേറ്റ് ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സെയ്ഫ് അലിഖാനോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഭോപ്പാലിലെ അവസാന നവാബിന്റെ സ്വത്തുക്കള്‍ 1968ലെ ശത്രുസ്വത്ത് നിയമപ്രകാരം (enemy property act,1968) ഏറ്റെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഭോപ്പാലില്‍ പട്ടൗഡി കുടുംബത്തിന് 15000 കോടിരൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അവ നിലവില്‍ സെയ്ഫ് അലിഖാന്റെയും അമ്മ ശര്‍മ്മിള ടാഗോറിന്റെയും കുടുംബത്തിന്റെ കൈവശമാണുള്ളത്. ഭോപ്പാലില്‍ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്ന വസ്തുവകകളാണിവ.
advertisement
സെയ്ഫ് അലിഖാന്റെ നിയമപോരാട്ടം
ഭോപ്പാലിലെ പട്ടൗഡി കുടുംബത്തിന്റെ സ്വത്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചുകൊണ്ട് 2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപ്പര്‍ട്ടി വിഭാഗം സെയ്ഫ് അലിഖാന് നോട്ടീസ് അയച്ചത്. 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ 2024 ഡിസംബര്‍ 13ന് ഹൈക്കോടതി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളുകയും സ്റ്റേ നീക്കുകയും ചെയ്തു. കൂടാതെ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാന്‍ സെയ്ഫിനും കുടുംബത്തിനും ഹൈക്കോടതി 30 ദിവസത്തെ സമയവും അനുവദിച്ചിരുന്നു. സമയപരിധി അവസാനിച്ചിട്ടും നവാബ് കുടുംബത്തിലെ ഒരു അംഗവും ഹൈക്കോടതി വിധിയ്‌ക്കെതിരെ ഇതുവരെ അപ്പീല്‍ നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ നിയമപ്രകാരം സര്‍ക്കാരിന് ഈ സ്വത്തുവകകള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നതാണ്.
advertisement
ശത്രുസ്വത്ത് നിയമം (enemy property act,1968)
വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയി അവിടുത്തെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷമാണ് ഈ നിയമം പാസാക്കിയത്.
പട്ടൗഡി കുടുംബത്തിന്റെ സ്വത്തുക്കളും ശത്രുസ്വത്ത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഭോപ്പാല്‍ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മകള്‍ ആബിദ സുല്‍ത്താന്‍ പാകിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തില്‍പ്പെട്ടത്. ഭോപ്പാലിലെ അവസാന നവാബായിരുന്ന ഹമീദുള്ള ഖാന്റെ ചെറുമകനാണ് സെയ്ഫ് അലിഖാന്‍.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 22, 2025 1:26 PM IST