നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പട്ടാപ്പകൽ ദേഹത്തു കയറിപ്പിടിച്ച യുവാവിനെ കൈയോടെ പിടികൂടി യുവതി; വീഡിയോ വൈറൽ

  പട്ടാപ്പകൽ ദേഹത്തു കയറിപ്പിടിച്ച യുവാവിനെ കൈയോടെ പിടികൂടി യുവതി; വീഡിയോ വൈറൽ

  വഴി ചോദിക്കാനെന്ന വ്യാജേന സമീപത്ത് സ്കൂട്ടർ നിർത്തിയ ശേഷം യുവാവ് ഭാവനയുടെ ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു

  Bhavana_Kashyap

  Bhavana_Kashyap

  • Share this:
   ഗുവാഹത്തി​: നടുറോഡിൽവെച്ച് പട്ടാപ്പകല്‍ കയറിപ്പിടിച്ച യുവാവിനെ കൈയോടെ പിടികൂടി യുവതി. ലൈംഗികാതിക്രമം നടത്തി രക്ഷപെടാൻ ശ്രമിച്ചപ്പോൾ സ്കൂട്ടറിൽ മുറുകെ പിടിച്ചാണ് യുവാവിനെ കുടുക്കിയത്. യുവതി പിടിച്ചുനിർത്തിയതോടെ സ്കൂട്ടർ നിയന്ത്രണം വിട്ടു ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ ഓടിരക്ഷപെടാൻ ശ്രമിച്ച യുവാവിനെ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ആസം സ്വദേശിനിയായ ഭാവന കശ്യപാണ് സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. തനിക്കുണ്ടായ അനുഭവം ഭാവന ഫേസ്ബുക്കിലൂടെ വിവരിക്കുകയായിരുന്നു. നിരവധി പേരാണ് ഭാവനയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

   ഗുവാഹത്തിയിലെ രുക്മിണി നഗറിലാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. വഴി ചോദിക്കാനെന്ന വ്യാജേന സമീപത്ത് സ്കൂട്ടർ നിർത്തിയ ശേഷം യുവാവ് ഭാവനയുടെ ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു. യുവാവ് ചോദിച്ച സ്ഥലം തനിക്ക് അറിയില്ലായിരുന്നു. മറ്റാരോടെങ്കിലും ചോദിക്കാൻ യുവതി പറഞ്ഞു. ഇതിന് പിന്നാലെയാണ് യുവാവ് തന്നെ കടന്നുപിടിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ഭാവന പറയുന്നു.

   ഇതോടെ താൻ ഉറക്കെ ബഹളം വെച്ചു. സമീപത്തുണ്ടായിരുന്നവർ ഇതുകേട്ട് ഓടിയെത്താൻ തുടങ്ങി, ഇതോടെ യുവാവ് സ്കൂട്ടറിൽ രക്ഷപെടാൻ ശ്രമിച്ചു. ഈ സമയം സ്കൂട്ടറിന്‍റെ പിന്നിൽ സർവ്വശക്തിയുമെടുത്ത് പിടിച്ചുനിർത്തുകയായിരുന്നു. ഇതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിയുകയായിരുന്നു. അതിനുശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച യുവാവിനെ ഭാവനെ ഷർട്ടിൽ പിടിച്ചു നിർത്തുകയായിരുന്നു.
   അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാരും യുവാവിനെ തടഞ്ഞുവെച്ചു. ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതായി ഗുവാഹത്തി പൊലീസ് അറിയിച്ചു.

   Also Read- നഷ്ടപ്പെട്ട നായയെ രണ്ട് വർഷത്തിന് ശേഷം തിരികെ കിട്ടി; കണ്ടെത്തിയത് ചാനൽ പരിപാടിയിൽ നിന്ന്

   ഏതായാലും അക്രമിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച ഭാവന കശ്യപ് സമൂഹമാധ്യമങ്ങളിലും താരമായി മാറി. ഭാവനയുടെ ധീരതയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഭാവന ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും നാലായിരത്തിലേറെ തവണ ഷെയർ ചെയ്യുകയും ചെയ്തു. തന്റെ പോസ്റ്റിൽ അസം പോലീസിനെ ടാഗ് ചെയ്യുകയും കുറ്റവാളിക്കെതിരായ പെട്ടെന്നുള്ള നടപടികൾക്ക് ഭാവന കശ്യപ് നന്ദി പറയുകയും ചെയ്തു. പ്രതിക്കെതിരെ ദിസ്പൂർ പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതിയെ ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

   മുമ്പ് ഡൽഹിയിൽ ആയിരുന്നപ്പോൾ സമാനമായ അനുഭവം തനിക്ക് ഉണ്ടായ കാര്യവും ഭാവന ഫേസ്ബുക്കിൽ പറഞ്ഞു. തന്റെ സുഹൃത്തുക്കളോടൊപ്പമുണ്ടായിരുന്നപ്പോഴാണ് മോശം അനുഭവം ഉണ്ടായത്. എന്നാൽ അന്ന് തന്നെ ഉപദ്രവിച്ചയാൾ രക്ഷപെട്ടു. അതിൽനിന്ന് പഠിച്ച പാഠമാണ് ഇത്തവണ തനിക്ക് കരുത്തായതെന്നും ഭാവന പറയുന്നു. പൊതുനിരത്തുകളിൽ പെൺകുട്ടികൾക്കു നേരെ മോശമായി പെരുമാറുന്ന രീതിക്കെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ടാണ് ഭാവന കശ്യപ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
   Published by:Anuraj GR
   First published:
   )}