അടുത്ത 5 വർഷത്തിൽ 17 കോടി തൊഴിലവസരങ്ങള്‍; കഴിവുകൾ മെച്ചപ്പെടുത്താത്തവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്ന് ലോക സാമ്പത്തിക ഫോറം
- Published by:Sneha Reghu
- news18-malayalam
Last Updated:
1000 കമ്പനികളിലെ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് റിപ്പോര്‍ട്ട് 2025 തയ്യാറാക്കിയിരിക്കുന്നത്
2023 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 17 കോടി പുതിയ തൊഴിലവസങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം, ഈ കാലയളവിനുള്ളില്‍ 9.2 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നും സാമ്പത്തിക ഫോറം പുറത്തിറക്കിയ 'ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് റിപ്പോര്‍ട്ട് 2025'ല്‍ പറയുന്നു. ആഗോള സാമ്പത്തിക പുരോഗതി, സാമ്പത്തിക മേഖലയിലെ ട്രെന്‍ഡുകള്‍, ജനസംഖ്യയിലെ മാറ്റങ്ങള്‍, പരിസ്ഥിതി സൗഹൃദ പരിവര്‍ത്തനങ്ങള്‍ എന്നിവയാല്‍ മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ മേഖലയ്ക്ക് തൊഴിലാളികളെ സജ്ജമാക്കുന്നതിന് അടിയന്തരമായി നൈപുണ്യ വികസനം വര്‍ധിപ്പിക്കേണ്ടത് നിര്‍ണായകമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. മാറുന്ന പ്രവണതകൾക്ക് അനുസരിച്ച് കഴിവുകൾ മെച്ചപ്പെടുത്താത്തവർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
എഐ, ബിഗ് ഡാറ്റ, ജനസംഖ്യാപരമായ മാറ്റങ്ങള്‍ എന്നിവ തൊഴില്‍ വിപണിയെ രൂപപ്പെടുത്തുന്നതിനാല്‍ ലോകമെമ്പാടുമുള്ള വ്യവസായങ്ങള്‍ ആഴത്തിനുള്ള പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ ഗണ്യമായി വളരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഡെലിവറി, കെയര്‍ ഗിവിംഗ്, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ പരമ്പരാഗത മേഖലകളിലും തൊഴില്‍ വളര്‍ച്ച രേഖപ്പെടുത്തും. കര്‍ഷകത്തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, ഡെലിവറി ഡ്രൈവര്‍മാര്‍ തുടങ്ങിയ തസ്തികകളിലായിരിക്കും 2030 ആകുമ്പോഴേക്കും ഏറ്റവും വലിയ തൊഴില്‍ വര്‍ധനവ് അനുഭവപ്പെടുക. എഐ, ബിഗ് ഡാറ്റ, സൈബര്‍ സുരക്ഷ എന്നിവയിലും ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടാകും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ തൊഴില്‍ വിപണിയില്‍ മെച്ചപ്പെടുന്നതിന് ബിസിനസുകള്‍ക്ക് സാങ്കേതികപരമായും സോഫ്റ്റ് സ്‌കില്ലും(മറ്റുള്ളവരുമായി നല്ല രീതിയില്‍ ഇടപഴകാനുള്ള വ്യക്തിഗത ഗുണങ്ങള്‍) തമ്മില്‍ സന്തുലിതാവസ്ഥ ആവശ്യമാണെന്ന് റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു.
advertisement
''ജനറേറ്റീവ് എഐ, ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങള്‍ തുടങ്ങിയ പ്രവണതകള്‍ വ്യവസായങ്ങളെയും തൊഴില്‍ വിപണിയെയും ഉണര്‍ത്തും. ഇത് വലിയ തോതിലുള്ള അവസരങ്ങള്‍ സൃഷ്ടിക്കുമെങ്കിലും പിന്നില്‍ അപകടസാധ്യതകളുണ്ട്,'' ലോക സാമ്പത്തിക ഫോറത്തിലെ തൊഴില്‍, വേതനം, ജോബ് ക്രിയേഷന്‍ വിഭാഗം മേധാവി ടില്‍ ലിയോപോള്‍ഡ് പറഞ്ഞു. ''ബിസിനസുകളും സര്‍ക്കാരുകളും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കാനും നൈപുണ്യമേഖലയില്‍ നിക്ഷപിക്കാനും തുല്യവും തടസ്സങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ ഒരു ആഗോള തൊഴില്‍ ശക്തി കെട്ടിപ്പടുക്കാനുമുള്ള സമയമാണിത്,'' അദ്ദേഹം പറഞ്ഞു.
നൈപുണ്യത്തിലെ വിടവ്
ബിസിനസ് പരിവര്‍ത്തനത്തിനുള്ള പ്രധാന തടസ്സമായി നിലനില്‍ക്കുന്നത് നൈപുണ്യ വികസനത്തിലെ വിടവാണ്. 63 ശതമാനം തൊഴിലുടമകളും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന തടസ്സമായി ഇതിനെ നോക്കിക്കാണുന്നു. 2030 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള ഓരോ 100 തൊഴിലാളികളില്‍ 59 പേര്‍ക്കും നൈപുണ്യ വികസനത്തിനോ അല്ലെങ്കില്‍ പുനര്‍ നൈപുണ്യ വികസനത്തിനോ വിധേയമാകേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ശ്രമം നടത്താത്ത 12 കോടിയലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
advertisement
നൂതന സാങ്കേതിക കഴിവുകള്‍ക്ക് ഉയര്‍ന്ന ആവശ്യകതയുണ്ടെങ്കിലും പ്രശ്‌ന പരിഹാരം, നേതൃത്വം തുടങ്ങിയ മനുഷ്യകഴിവുകളുടെ ആവശ്യകത ഒഴിച്ചുകൂടാനാവാത്തതായി തുടരും. സാങ്കേതികവൈദഗ്ധ്യവും സോഫ്റ്റ് സ്‌കില്ലും ഉള്ള ഉദ്യോഗാര്‍ഥികളെ തൊഴിലുടമകള്‍ കൂടുതലായി അന്വേഷിച്ച് തുടങ്ങും.
എഐയുടെ സ്വാധീനം
എഐയുടെ വളര്‍ച്ച ബിസിനസ് രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. 50 ശതമാനം തൊഴിലുടമകളും എഐ നയിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് അവരുടെ ബിസിനസ് തന്ത്രങ്ങള്‍ മാറ്റാന്‍ പദ്ധതിയിടുന്നു. പുതിയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിലവിലുള്ള തൊഴിലാളികളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനും വലിയൊരു വിഭാഗം തൊഴിലുടമകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പക്ഷേ, ചില മേഖലകളില്‍ എഐ ഓട്ടോമേഷന്‍ വരുന്നത് 41 ശതമാനം തൊഴിലുടമകള്‍ക്കും തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് കരുതുന്നു.
advertisement
സാമ്പത്തികവും ജനസംഖ്യാപരവുമായ മാറ്റങ്ങള്‍
സാങ്കേതികവിദ്യക്ക് അപ്പുറം, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ പിരിമുറുക്കങ്ങളും ജനസംഖ്യാപരമായ മാറ്റങ്ങളും തൊഴില്‍ വിപണിയെ മാറ്റിമറിക്കുകയാണ്. മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച 2030 ആകുമ്പോഴേക്കും ആഗോളതലത്തില്‍ 60 ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കും.
ഈ വെല്ലുവിളികളെ നേരിടാന്‍ വേഗത്തിലുള്ളതും കൂട്ടായതുമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. നൈപുണ്യത്തിലെ വിടവ് നികത്തുന്നതിനും പുനര്‍ നൈപുണ്യ സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നതിനും ഉയര്‍ന്നുവരുന്ന തൊഴില്‍ മേഖലകളിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാവുന്ന വഴികള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാരുകളും ബിസിനസ് സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും റിപ്പോർട്ട് കൂട്ടച്ചേർത്തു.
advertisement
22 വ്യവസായങ്ങള്‍, 55 സമ്പദ് വ്യവസ്ഥകള്‍ എന്നിവയുള്‍പ്പെടുന്ന 1000 കമ്പനികളിലെ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് റിപ്പോര്‍ട്ട് 2025 തയ്യാറാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
January 16, 2025 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
അടുത്ത 5 വർഷത്തിൽ 17 കോടി തൊഴിലവസരങ്ങള്‍; കഴിവുകൾ മെച്ചപ്പെടുത്താത്തവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്ന് ലോക സാമ്പത്തിക ഫോറം