ഓണേഴ്സ് ഡിഗ്രിയും ഇന്റഗ്രേറ്റഡ് ഡിഗ്രിയും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
പ്രൊജക്ടുകൾക്കും ഗവേഷണ അഭിരുചിക്കും പ്രാമുഖ്യം നൽകുന്ന നാലുവർഷ ബിരുദ പ്രോഗ്രാമാണ് ഓണേഴ്സ് ഡിഗ്രി
ഓണേഴ്സ് പ്രോഗ്രാമുകളും ഇന്റേഗ്രേറ്റഡ് പ്രോഗ്രാമുകളും ഇന്നിന്റെ അനിവാര്യതയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയമുൾപ്പടെയുളള നയരൂപീകരണങ്ങളിലും യുജിസിയുടെ മാർഗ്ഗ നിർദ്ദേശങ്ങളിലും അതാതു സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ നയങ്ങളിലും വലിയ പ്രാധാന്യം ഈ കാലയളവിൽ ഈ പ്രോഗ്രാമുകൾക്ക് ലഭിച്ചിട്ടുണ്ടെന്ന് യാഥാർത്ഥ്യവുമാണ്.
സാമ്പ്രദായിക വിദ്യാഭ്യാസ പ്രക്രിയകൾക്കപ്പുറം കുറെ കൂടി വിശാലവും ഗവേഷണാഭിമുഖ്യവുമുള്ള കാഴ്ചപ്പാട്, വിദ്യാർത്ഥികളിൽ ജനിപ്പിക്കാൻ നാലു വർഷ ദൈർഘ്യമുള്ള ഓണേഴ്സ് പ്രോഗ്രാമുകളിലൂടെയും അഞ്ചു വർഷ ദൈർഘ്യമുള്ള ഇന്റേഗ്രേറ്റഡ് പ്രോഗ്രാമുകളിലൂടെയും സാധിക്കുമെന്നാണ്, വിദ്യാഭ്യസ വിചക്ഷകർ പ്രത്യാശ പ്രകടിപ്പിക്കുന്നത്. ഇതിനു തന്നെയാണ്, ദേശീയ വിദ്യാഭ്യാസ നയം ഊന്നൽ നൽകുന്നത്.
അഞ്ചു വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ തത്വത്തിൽ യു.ജി-പി.ജി. (ബ്ബിരുദ -ബിരുദാനന്തര ബിരുദ) പ്രായോഗികമായിക്കഴിഞ്ഞു. ബിരുദ-ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ സമന്വയമായതു കൊണ്ട് , നിലവിലെ സാഹചര്യത്തിൽ ( 3 + 2 പാറ്റേൺ പ്രകാരം) പ്രായോഗികമാക്കാൻ എളുപ്പവുമായിരുന്നു. എന്നാൽ 4 വർഷം ദൈർഘ്യമുള്ള ഓണേഴ്സ് പ്രോഗ്രാമുകളുടെ പ്രായോഗികതയിൽ, കരിക്കുലം – സിലബസ് എന്നിവ സംബന്ധിച്ചുമൊക്കെ വിശദമായ ചർച്ചകളും കൂടിയാലോചനകളും അനിവാര്യമായതു കൊണ്ടു മാത്രമാണ്, അത് വരും വർഷത്തേക്കു മാറ്റി വെയ്ക്കപ്പെട്ടത്.
advertisement
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ
ഓണേഴ്സ് പ്രോഗ്രാമുകൾക്കും ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ക്കും, വലിയ പ്രാമുഖ്യമാണ് ഈയടുത്ത നാളുകളിലായി കണ്ടുവരുന്നത്. പഠന മേഖലയിൽ ആഴത്തിലുള്ള പഠനത്തിനുള്ള അവസരമാണ് ഇന്റഗ്രേറ്റഡ് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നത്. ദേശീയ വിദ്യാഭ്യാസ നയമുൾപ്പടെയുള്ള നയരൂപീകരണ സമിതികളിൽ കൂടുതൽ പ്രാധാന്യം ഈ കോഴ്സുകൾക്ക് നൽകപ്പെട്ടത് , ഗവേഷണ മേഖലയിലെ അഭിരുചി കൂടി പരിഗണിച്ചാണ്. അഞ്ചുവർഷത്തെ (Integrated Course) ഇന്റഗ്രേറ്റഡ് എം. എസ് സി. / ഇന്റഗ്രേറ്റഡ് എം.എ. പഠനത്തിന് അതുകൊണ്ട് തന്നെ, വലിയ പ്രാധാന്യം കഴിഞ്ഞ വർഷക്കാലയളവിലുണ്ടായിട്ടുണ്ട്. ഇതിന്റ ചുവടുപിടിച്ചാണ്, കഴിഞ്ഞ അധ്യയന വർഷത്തിൽ തന്നെ രാജ്യത്തെ കുറേയെറെ കോളേജുകളിൽ ഇന്റഗ്രേറ്റഡ് പഠനമെന്ന ആശയത്തിന് പ്രായോഗികത കൈവന്നത്.
advertisement
നമ്മുടെ കേരളത്തിലും 2021-2022 അധ്യയന വർഷം മുതൽ നിരവധിയിടങ്ങളിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ ആരംഭിച്ചിട്ടുണ്ടെന്നതും ആശാവഹമാണ്. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷനു കീഴിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന റീജണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും, ഐസർ, നൈസർ, ഐ.ഐ.ടി. പോലുള്ള രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളിലും ഇന്റഗ്രേറ്റഡ് കോഴ്സുകൾ ആരംഭിച്ച് വിജയകരമായി നടപ്പിലാക്കി വരുന്നതും ദേശീയ വിദ്യാഭ്യാസ നയത്തിൽ നിഴലിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്.
advertisement
താൽപ്പര്യമുള്ള മേഖലയിൽ സ്ഥായിയായതും തുടർച്ചയായതുമായ വിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കുക വഴി, വിദ്യാർത്ഥികളിൽ നിർദ്ദിഷ്ട വിഷയങ്ങളിലെ ഗവേഷണാഭിമുഖ്യവും സ്ഥിരോൽസാഹവും ഊട്ടിയുറപ്പിക്കപ്പെടുമെന്ന് തീർച്ചയാണ്. എന്നാൽ രണ്ടു വർഷ ദൈർഘ്യമുള്ള ബി എഡ് പ്രോഗ്രാമുകൾ നടത്തുന്ന ബി.എഡ് കോളേജുകളിൽ 4 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ ബി.എസ് സി.എഡ്, ബി എ.എഡ് എന്നിവയും ആറുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ എം.എസ് സി.എഡ്, എം.എ.എഡ്, എം.കോം. എഡ് എന്നിവ ക്രമീകരിക്കുമ്പോഴുള്ള സാങ്കേതിക തടസ്സങ്ങൾ ബുദ്ധിമുട്ടില്ലാതെ പരിഹരിക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്.
advertisement
ഓണേഴ്സ് പ്രോഗ്രാമുകൾ
പ്രൊജക്ടുകൾക്കും ഗവേഷണ അഭിരുചിക്കും പ്രാമുഖ്യം നൽകുന്ന നാലുവർഷ ബിരുദ പ്രോഗ്രാമായ ഓണേഴ്സ് ഡിഗ്രിയും ഇക്കാലയളവിൽ പ്രചുര പ്രചാരം നേടിയിട്ടുണ്ട്. വിദേശ സർവ്വകലാശാലകളിൽ പലതിലും ബിരുദാനന്തര ബിരുദ പഠനങ്ങൾക്ക് നാലു വർഷ ബിരുദ പ്രോഗ്രാമാണ്, അടിസ്ഥാനയോഗ്യതയെന്നത് മുഖവിലക്കെടുക്കേണ്ടതുണ്ട്. മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കുന്ന പരമ്പരാഗത ബിരുദ പ്രോഗ്രാമുകൾക്കപ്പുറത്ത് ഗവേഷണ ശൈലികളെ പരിചയപെടുത്തുന്ന, എക്സിറ്റ് ഒപ്ഷൻ ഉണ്ടാകാനിടയുള്ള ഓണേഴ്സ് പ്രോഗ്രാമുകൾ വരും വർഷങ്ങളിൽ പ്രതീക്ഷിക്കാം. ബ്രിട്ടീഷുകാരുടെ ഭരണകാലത്തു തന്നെ, അക്കാലത്തെ പ്രധാന യൂണിവേഴ്സിറ്റികളിൽ ഓണേഴ്സ് ബിരുദമുണ്ടായിരുന്നതും ഇന്ത്യയിൽ പലയിടങ്ങളിലും ഓണേഴ്സ് ബിരുദങ്ങൾ തുടരുന്നതും ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ മെറിറ്റിനെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും മാറ്റാനിടയാക്കും.
advertisement
ഇരട്ട ബിരുദം
പരമ്പരാഗതമായി തന്നെ ബിരുദ പഠനത്തിനൊപ്പം മറ്റേതെങ്കിലും ഡിപ്ലോമയോ സർട്ടിഫിക്കറ്റ് കോഴ്‌സോ ചെയ്യാനുളള അനുമതി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടായിരുന്നു. എന്നാൽ നിലവിൽ രൂപീകൃതമായ ദേശീയ വിദ്യാഭ്യാസ നയം, സമൂലമായ മാറ്റങ്ങളാണ് , കോഴ്സുകളെ സംബന്ധിച്ചും അതിന്റ ഘടനകൾ സംബന്ധിച്ചും കാലപരിധി സംബന്ധിച്ചും നിർദേശിച്ചിട്ടുളളത്. ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകൾ ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെന്നത്, വിപ്ലവകരമായ വലിയ മാറ്റമായിട്ടാണ് അക്കാദമിക രംഗത്തെ വിദഗ്ധർ നോക്കിക്കാണുന്നത്. ആർട്‌സ്, സയൻസ് എന്നിങ്ങനെ വിഷയ കേന്ദ്രീകൃതമായ വേർതിരിവുകളിൽ ഒതുങ്ങി നിൽക്കാതെ വിദ്യാർത്ഥികളുടെ അക്കാദമിക് ജീവിതം സമഗ്രമായി വികസിപ്പിക്കുക എന്നതുതന്നെയാണ് , സമിതി വിഭാവനം ചെയ്ത ഈ പരിഷ്‌കരണത്തിന്റെ പ്രധാന ലക്ഷ്യം.
advertisement
എന്നാൽ ഈ പരിഷ്‌കാരം, പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ബാധകമായിരിക്കില്ലെന്ന് , പ്രത്യേകം സൂചിപ്പിച്ചിട്ടുമുണ്ട്. ഒരു വിദ്യാർത്ഥിക്ക് ,ഒരേ സമയം രണ്ട് മുഴുനീള കോഴ്‌സുകൾ ചെയ്യാനവസരം യുജിസി നൽകിയതോടെ വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും, ഇതു സംബന്ധിച്ച് നിരവധി സംശയങ്ങളാണ് നിലനിൽക്കുന്നത്. ഒരു റഗുലർ പ്രോഗ്രാമും ഒരു ഓൺലൈൻ / വിദൂര വിദ്യാഭ്യാസ പ്രോഗ്രാമും ഒരേ സമയം ചെയ്യുമ്പോൾ ക്ലാസ് സമയ ക്രമത്തിന്റെ ഭാഗമായുണ്ടാകുന്ന വലിയ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയെന്നതാണ് വിദ്യാർത്ഥിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുമ്പിലുള്ള വലിയ വെല്ലുവിളി.
ആർക്കാണ് അവസരം?
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി,ബിരുദ, ബിരുദാനന്തര, ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മാത്രമാണ് , ഈ അവസരം നിജപെടുത്തിയിരിക്കുന്നത്. ഒരു സർവ്വകലാശാലയുടെ ബിരുദത്തിന് ഒരു അഫിലിയേറ്റഡ് കോളേജിൽ പഠിക്കുമ്പോൾ തന്നെ മറ്റൊരു സർവ്വകലാശാലയുടെ ബിരുദത്തിന് ഓൺലൈനായി ചേരാൻ സാധിക്കും. അതുമല്ലെങ്കിൽ രണ്ട് ഓൺലൈൻ കോഴ്‌സുകൾക്ക് , ഒരേ സമയം ചേർന്ന് പൂർത്തീകരിക്കാനും തടസ്സമില്ല. പരിഷ്ക്കരണ നിർദ്ദേശപ്രകാരം,പുതുതായി ബിരുദത്തിന് ചേരുന്നവർക്കും നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദം ചെയ്യാൻ സാധിക്കും. ഇതു കൂടാതെ ഇപ്പോൾ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന രണ്ടാംവർഷക്കാർക്കും മൂന്നാം വർഷക്കാർക്കും , താൽപ്പര്യാനുസരണം ഒന്നാം വർഷ കോഴ്സിന് ചേരാവുന്നതാണ്.
ഉദാഹരണം
ബിഎസ് സി കെമിസ്ട്രിക്കു മൂന്നാം വർഷത്തിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് താൽപ്പര്യമുണ്ടെങ്കിൽ പുതുതായി ബിഎ ഇക്കണോമിക്‌സിന് ചേരാവുന്നതും. എംഎസ് സി കമ്പ്യൂട്ടർ സയൻസു പഠിക്കുന്ന വിദ്യാർത്ഥിക്ക് , ബിഎ ഹിസ്റ്ററിക്കും പഠിക്കാനവസരമുണ്ടെന്നു ചുരുക്കം. അതായത്,റെഗുലർ എൽ.എൽ.ബി. പഠനം കോളേജിൽ ചെയ്യുന്ന വിദ്യാർത്ഥിക്ക് , താൽപര്യമുണ്ടെങ്കിൽ സായാഹ്ന കോളേജിൽ ബി.എസ് സി. മാത്തമാറ്റിക്സിനു ചേരാവുന്നതുമാണ്. ഇതിനു പുറമെ, ഒരേ സമയം രണ്ട് ബിരുദാനന്തര കോഴ്‌സുകൾ ചെയ്യാനും അവസരമുണ്ടാകും. എന്നാൽ പഠന മേഖലകൾവ്യത്യസ്ഥമായിരിക്കണം.
മറ്റു സവിശേഷതകൾ
യുജിസിയുടെ നിഗമനമനുസരിച്ച്, ഈ പരിഷ്കരണത്തിലൂടെ സർവകലാശാലകൾ രണ്ട് ബിരുദം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കും.വിദ്യാർത്ഥിക്ക് , തനിക്ക് പ്രവേശനം ലഭിച്ചിട്ടുള്ള സർവ്വകലാശാലക്കപ്പുറം, മറ്റൊരു സർവ്വകലാശാലയുടെ കോഴ്‌സ് പഠിക്കാമോയെന്നത് തീരുമാനിക്കാനുള്ള അധികാരം,അതതു സർവ്വകലാശാലയ്‌ക്കാണ്. ഇതോടൊപ്പം തന്നെ,ഇരട്ട കോഴ്‌സ് സൗകര്യം ലഭ്യമാക്കാനോ നിഷേധിക്കാനോ ഉള്ള സ്വാതന്ത്യം അതാതു സർവ്വകലാശാലകൾക്ക് ഉണ്ടാകുമെന്ന കാര്യത്തിലും തർക്കമില്ല.കോഴ്‌സുകളുടെ സമയക്രമം ഏകോപിപ്പിക്കേണ്ടത് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാത്രം ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികളുടെ താൽപ്പര്യത്തിനനുസരിച്ച് ഒരു കോഴ്‌സ് ഓൺലൈനായോ വിദൂരപഠനമായോ രണ്ടാമത്തെ കോഴ്‌സ് കോളേജിൽ നേരിട്ട് പോയോ പഠിക്കാവുന്നതും വേണമെങ്കിൽ,രണ്ട് കോഴ്‌സുകളും ഓൺലൈനായോ ഡിസ്റ്റന്റ് എജുക്കേഷൻ മോഡിലോ ചെയ്യാനും തടസ്സമില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓൺലൈൻ വിദൂര കോഴ്‌സുകൾ തെരഞ്ഞെടുക്കുമ്പോൾ യുജിസി അംഗീകാരമുള്ള സർവ്വകലാശാലകളെ മാത്രം തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണം. അതാതു സർവ്വകലാശാലകളുടേയും കോളേജുകളുടേയും മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും വിദ്യാർത്ഥിയുടെ പ്രവേശനം നടക്കുക. മാത്രമല്ല; സ്ഥാപനത്തിലെ ഹാജർ നിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമ തീരുമാനം സർവ്വകലാശാലയുടേതു മാത്രമാകും. കോഴ്സുകളുടെ നടത്തിപ്പിനാവശ്യമായ മാർഗ്ഗരേഖ നൽകുകയെന്നതാണ് , യുജിസിയുടെ കർത്തവ്യം. ഈ മാർഗ്ഗരേഖയെ അടിസ്ഥാനമാക്കി , അതാതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം യുജിസി നൽകിയിട്ടുണ്ട്.
വിദൂരവിദ്യാഭ്യാസ ബിരുദങ്ങൾ ഇനി റഗുലറിന് തുല്യം
വിദൂര വിദ്യാഭ്യാസത്തിലൂടെ കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സർട്ടിഫിക്കേറ്റും റഗുലർ വിദ്യാർത്ഥികൾക്കു ലഭിക്കുന്ന സർട്ടിഫിക്കേറ്റും തമ്മിലുള്ള വ്യത്യാസം, വിദൂര വിദ്യാഭ്യാസ സ്കീമിലുള്ള വിദ്യാർത്ഥികളെയും റഗുലർ വിദ്യാർത്ഥികളേയും അക്കാദമിക തലത്തിൽ വേർതിരിക്കുന്നതായിരുന്നു. ഭൂരിഭാഗം സർവകലാശാലകളും വിദൂര വിദ്യാഭ്യാസത്തിലൂടെ നേടുന്ന സർട്ടിഫിക്കറ്റുകളിൽ വിദൂര വിദ്യാഭ്യാസമെന്ന് രേഖപ്പെടുത്തുന്നതിനാൽ കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികളിൽ വലിയ പരാതികളും ഇതു സംബന്ധിച്ച് നിലവിലുണ്ടായിരുന്നു.
എന്നാൽ യുജിസിയുടെ ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാംസ് ആൻഡ് ഓൺലൈൻ പ്രോഗ്രാംസ് ചട്ടം 22 അനുസരിച്ച്, വിദൂര വിദ്യാഭ്യാസത്തിലൂടെയും ഓൺലൈൻ വഴിയും അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടുന്ന ബിരുദവും ബിരുദാനന്തര ബിരുദവും ഇനി റഗുലർ ബിരുദങ്ങൾക്ക് തുല്യമാകും. കാലങ്ങളായി വിദൂര വിദ്യാഭ്യാസ വിദ്യാർഥികൾ, അക്കാദമിക രംഗത്ത് നരിട്ടിരുന്ന വിവേചനത്തിന് ഏറെ ആശ്വാസകരമാണ്,യുജിസി കൈകൊണ്ട ഈ തീരുമാനം. നാട്ടിലേയും വിദേശ രാജ്യങ്ങളിലേയുമടക്കം , വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ജോലി സ്ഥാനക്കയറ്റത്തിനും തുടർപഠനത്തിനും പരിഗണിക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾക്ക് ഏകീകരണത്തിന് യുജിസി തീരുമാനമെടുത്തത്.
ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ, കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ പ്രക്രിയയിലൂടെ കടന്നുപോകാനുള്ള ശ്രമങ്ങൾ, നമ്മുടെ വിദ്യാർത്ഥി സമൂഹം കാണിക്കണം.വിദ്യാഭ്യാസ പ്രക്രിയ അടിമുടി മാറുകയാണ്. വിദ്യാഭ്യാസയോഗ്യതയോടെ ജോലിയിൽ പ്രവേശിക്കുകയെന്ന സാമ്പ്രദായിക ശൈലിയിൽ നിന്നും വിദ്യാഭ്യാസയോഗ്യതക്കൊപ്പം തന്നെ മികവു കൂടി അടിസ്ഥാനമാക്കി, ജോലി സാധ്യതകൾ ഭൂരിപക്ഷവും മാറി കഴിഞ്ഞു. കേവല ബിരുദത്തിനപ്പുറം ഗവേഷണത്തിനും അഭിരുചിക്കും പ്രാമുഖ്യം നൽകുന്ന ശൈലിയെ വിദ്യാർത്ഥികൾ പുൽകിയാൽ മാത്രമേ, ഇന്നത്തെ സാഹചര്യത്തിൽ വിദ്യാഭ്യാസ അതിജീവനമുണ്ടാകുകയുള്ളൂ. അതിനുള്ള മുന്നൊരുക്കങ്ങൾ, നമ്മുടെ വിദ്യാർത്ഥി സമൂഹം ആരംഭിക്കുകയും പ്രാവർത്തികമാക്കുകയും ചെയേണ്ടിയിരിക്കുന്നു.
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 16, 2023 4:52 PM IST