പത്തനംതിട്ട: ഇറ്റലിയിൽ നിന്നും കൊറോണാ ബാധിതനായി നാട്ടിലെത്തിയ റാന്നിയിലെ യുവാവിന്റെ ആരോപണങ്ങൾ തള്ളി ജില്ലാ കളക്ടർ. നാട്ടിലെത്തി ഒരാഴ്ച ചെലവഴിച്ച ശേഷവും ആരോഗ്യവകുപ്പിന് വിവരം അറിയിച്ചില്ല. ബന്ധുവിന് രോഗലക്ഷണം കണ്ടപ്പോള്‍ ആരോഗ്യപ്രവർത്തകരും ജില്ലാ ഭരണകൂടവും അങ്ങോട്ട് സമീപിക്കുകയായിരുന്നെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു.
ഇറ്റലിയിൽ നിന്നെത്തിയ യുവാവും മാതാപിതാക്കളും റാന്നിയിലെ ആശുപത്രിയില്‍ പോയി പനിക്കുള്ള മരുന്ന് വാങ്ങിയിരുന്നു. എന്നാൽ രോഗബാധ മറച്ചു വെക്കുകയാണ് ചെയ്തത്. മരുന്നിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മാത്രമാണ് പനിയുടെ കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. രോഗബാധിതര്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കണ്ടെത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
നിലവിൽ ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് പത്ത് പേരാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇറ്റലിയിൽ നിന്നെത്തിയവരുടെ മാതാപിതാക്കളെ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കോട്ടയത്തേക്ക് മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ ചെക്കപ്പ് വേണമെന്ന് വിമാനത്താവളത്തിലോ നാട്ടിലെത്തിയശേഷമോ ഒരു നിർദേശവും ലഭിച്ചില്ലെന്നായിരുന്നു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച യുവാവിന്റെ ആരോപണം. ബന്ധു സർക്കാർ ആശുപത്രിയിൽ ചികിത്സതേടി എത്തിയതിനെ തുടർന്ന് മാർച്ച് ആറിനാണ് ആരോഗ്യവകുപ്പധികൃതർ വീട്ടിലെത്തുന്നത്. ഇവരുടെ നിർദേശത്തെ തുടർന്ന് സ്വയം കാറോടിച്ച് ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിലെത്തുകയായിരുന്നെന്നും യുവാവ് പറഞ്ഞിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.