ന്യൂഡല്‍ഹി: 18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതോടെ മിക്ക സംസ്ഥാനങ്ങളും സമ്മര്‍ദ്ദത്തിലായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒന്നിലധികം സംസ്ഥാനങ്ങള്‍ മൊത്തം 21 കോടി വാക്‌സിനേഷന്‍ ഡോസുകള്‍ക്കായി ആഗോള ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സ്റ്റോക്കുകള്‍ ബാച്ചുകളായി വിതരണം ചെയ്യുന്നതിന് മൂന്ന് മുതല്‍ ആറ് മാസം വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. വാക്‌സിനുകള്‍ക്കായുള്ള ആഗോള പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ ഇത് സംസ്ഥാനങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും.
18 മുതല്‍ 44 വയസ് പ്രായമുള്ളവരില്‍ നിന്ന് വാക്‌സിന്‍ ഷോട്ടുകള്‍ക്കായി വലിയ ആവശ്യം നേരിടേണ്ടി വരുന്നതിനാല്‍ മിക്ക സംസ്ഥാനങ്ങളും കടുത്ത സമ്മര്‍ദ്ദത്തിലാണ്. മെയ് 1 മുതല്‍ ഈ വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ എത്തിക്കുക എന്നത് അതത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ മുതല്‍ ജൂലൈ മാസങ്ങള്‍ക്കിടയില്‍ 30 കോടി ഡോസുകള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അവകാശപ്പെടുന്നു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ എല്ലാ പ്രായക്കാര്‍ക്കും ലഭിക്കത്തക്കവിധം 216 കോടി ഡോസുകള്‍ കൂടി ലഭ്യമാകുമെന്നാണ് കേന്ദ്രത്തിന്റെ അവകാശ വാദം. എന്നാല്‍ ഇത് പല സംസ്ഥാനങ്ങളും വിശ്വാസത്തിലെടുത്തിട്ടില്ല.
18-44 പ്രായപരിധിയിലുള്ളവര്‍ക്ക് ജൂണ്‍ അവസാനം വരെ രണ്ട് വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നായി 5 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്ന് സര്‍ക്കാര്‍ ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ യുപി പോലുള്ള സംസ്ഥാനങ്ങള്‍ 4 കോടി ഡോസിനാണ് ആഗോള ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. തമിഴ്നാട് 5 കോടി ഡോസ്, ഒഡീഷ 3.8 കോടി ഡോസ്, കേരളം 3 കോടി ഡോസ്, ചെറിയ സംസ്ഥാനങ്ങള്‍ 1-2 കോടി ഡോസ് എന്നിങ്ങനെയാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.
Also Read-Black Fungus | ബ്ലാക്ക് ഫംഗസിനെ പകര്ച്ചവ്യാധിയായി പ്രഖ്യാപിക്കാന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്ദേശം
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ഏപ്രില്‍ 28 ന് എന്റോള്‍മെന്റ് ആരംഭിച്ചതിന് ശേഷം 18-44 പ്രായ വിഭാഗത്തിലെ 6.5 കോടിയിലധികം ആളുകള്‍ വാക്‌സിന്‍ ഡോസിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അതില്‍ 10 ശതമാനം ആളുകള്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചത്. 18 മുതല്‍ 44 വയസ്സു വരെയുള്ള വിഭാഗത്തിലെ വാക്‌സിനേഷന്‍ നില വ്യാഴാഴ്ച വരെ 70 ലക്ഷമാണ്.
അതായത്, ഈ വിഭാഗത്തിലുള്ള ആറ് കോടി രജിസ്റ്റര്‍ ചെയ്ത ആളുകള്‍ ഇപ്പോഴും വാക്‌സിനേഷനായി കാത്തിരിക്കുകയാണ്. പ്രതിദിനം 20 ലക്ഷം കൂടുതല്‍ രജിസ്‌ട്രേഷനുകളും നടക്കുന്നുണ്ട്. അതായത് 18-44 പ്രായത്തിലുള്ളവരുടെ മൊത്തം രജിസ്‌ട്രേഷനുകള്‍ അവസാനിക്കുമ്പോള്‍ മൊത്തം 20 കോടി വരെ ആകാം. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയാണ് ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിനുകള്‍ വിതരണം ചെയ്യുന്നത്. ജൂലൈ അവസാനത്തോടെ മൊത്തം 13 കോടി വാക്‌സിനുകളാണ് ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നത്.
കണക്കുകള്‍ പ്രകാരം 18-44 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജൂലൈ വരെ ഏഴ് കോടി വാക്സിനുകളുടെ കുറവുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സംസ്ഥാനത്തെ, 4 കോടി വാക്സിനുകളുടെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ. യുപിയില്‍ 18-44 വയസ്സിനിടയില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന വാക്‌സിന്‍ ആവശ്യകത ദൈനംദിന വാക്‌സിനേഷനുകളുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍, രാജ്യത്ത് മൊത്തം 39 ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതില്‍, 17 ലക്ഷം ആളുകള്‍ അതായത് 44 ശതമാനം ആളുകളും 18-44 പ്രായപരിധിയിലുള്ളവരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read-'മുഖ്യമന്ത്രിമാര് പാവകളെപ്പോലെ ഇരിക്കുന്നു'; കോവിഡ് അവലോകന യോഗത്തില് സംസാരിക്കാന് അവസരം നല്കിയില്ലെന്ന് മമത ബാനര്ജി
രണ്ടാമത്തെ ഡോസിനുള്ള ഇടവേള 12-16 ആഴ്ചയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതിന് ശേഷം കഴിഞ്ഞ ഒരാഴ്ച മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍, പ്രത്യേകിച്ച് രണ്ടാമത്തെ ഡോസിനുള്ള വാക്‌സിന്‍ ആവശ്യകത കുറഞ്ഞു. 45 വയസ്സിന് മുകളിലുള്ളവര്‍ക്ക്, പ്രത്യേകിച്ച് കോവിഷീല്‍ഡിന് ധാരാളം സംസ്ഥാനങ്ങളില്‍ മതിയായ സ്റ്റോക്ക് ഉണ്ടെങ്കിലും 18-44 വയസ് പ്രായമുള്ളവര്‍ക്ക് നല്‍കുന്നതിന് പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്.
കേന്ദ്രത്തില്‍ നിന്ന് വരുന്ന സ്റ്റോക്കുകള്‍ 18-44 പ്രായപരിധിയിലേക്ക് തിരിച്ചുവിടാന്‍ കേന്ദ്രത്തിന്റെ നയം സംസ്ഥാനങ്ങളെ അനുവദിക്കുന്നില്ല. 18-44 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ തമിഴ്നാട്ടിലും കേരളത്തിലും യഥാക്രമം 41319, 7401 പേര്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ. ആന്ധ്രയിലും തെലങ്കാനയിലും യഥാക്രമം 4605, 500 പേര്‍ക്ക് മാത്രമേ വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂ. എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ 18-44 പ്രായപരിധിയിലുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷനുകള്‍ വളരെ ഉയര്‍ന്നതാണ്.
വാക്‌സിന്റെ ആവശ്യം ഉയര്‍ന്നതോടെ ആഗോള ബിഡ്ഡുകള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ പരസ്പരം മത്സരിക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞയാഴ്ച ആഗോള ടെണ്ടര്‍ നല്‍കുന്നതായി ഹരിയാന പ്രഖ്യാപിച്ചതോടെ പഞ്ചാബിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അമീന്ദര്‍ സിംഗ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്ന് ഒരു കോടി വാക്സിനുകള്‍ക്കുള്ള ടെന്‍ഡര്‍ നല്‍കിയ ഉടന്‍ തന്നെ ഒരു കോടി വാക്സിനുകള്‍ക്കുള്ള
ടെന്‍ഡര്‍ ബുധനാഴ്ച തെലങ്കാനയും നല്‍കി.
5 കോടി വാക്സിനുകള്‍ക്കായുള്ള ഏറ്റവും വലിയ ആഗോള ടെണ്ടര്‍ നല്‍കിയിരിക്കുന്നത് തമിഴ്നാടാണ്. യുപി 4 കോടി വാക്‌സിനുകള്‍ക്കുള്ള ടെന്‍ഡറാണ് നല്‍കിയിരിക്കുന്നത്. ടെന്‍ഡര്‍ നല്‍കിയില്ലെങ്കിലും രാജസ്ഥാന്‍, ബീഹാര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ 18-44 വയസ്സിനിടയില്‍ യഥാക്രമം 10.6 ലക്ഷം, 8.9 ലക്ഷം, 8.3 ലക്ഷം എന്നിങ്ങനെ വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്. 18-44 വിഭാഗത്തില്‍ വാക്‌സിനുകളുടെ എണ്ണത്തില്‍ കുറവ് നേരിടുന്നതായി ഡല്‍ഹിയും അറിയിച്ചു.