• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Second Wave | കോവിഡ് രണ്ടാം തരംഗത്തിൽ രോഗലക്ഷണങ്ങളിൽ പ്രകടമായ മാറ്റങ്ങളെന്ന് റിപ്പോർട്ട്

Covid Second Wave | കോവിഡ് രണ്ടാം തരംഗത്തിൽ രോഗലക്ഷണങ്ങളിൽ പ്രകടമായ മാറ്റങ്ങളെന്ന് റിപ്പോർട്ട്

കോവിഡ് 19-ന്റെ ആദ്യകാല രോഗലക്ഷണങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ രോഗലക്ഷണങ്ങൾ ഇപ്പോൾ കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളിൽ ഉണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ

News18 Malayalam

News18 Malayalam

  • Share this:
    ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലായി ദിവസേന സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം തികഞ്ഞ സാഹചര്യത്തിൽ കോവിഡിന്റെ ഈ രണ്ടാം തരംഗം കൂടുതൽ നിയന്ത്രണങ്ങൾ അനിവാര്യമാകുന്ന ഒരു ഘട്ടത്തിലേക്കാണ് നയിക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ആദ്യത്തെ തരംഗത്തേക്കാൾ രൂക്ഷമായ പ്രത്യാഘാതങ്ങൾ കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിച്ചേക്കാം എന്ന ആശങ്കയും വ്യാപകമാകുന്നുണ്ട്.

    പൊതുസ്ഥലത്തെ ആളുകളുടെ ഇടപെടലിലെ അശ്രദ്ധയും ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ പുതിയ വകഭേദങ്ങളുടെ കടന്നുവരവും മഹാമാരിയുടെ വ്യാപനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഒപ്പം വൈറസ് അണുബാധയുടെ രോഗലക്ഷണങ്ങളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും രാജ്യത്തെ ആരോഗ്യ വിദഗ്ധർ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഗുജറാത്തിൽ അസ്വാഭാവികമായ രോഗലക്ഷണങ്ങളോടൊപ്പം കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യം കൂടി ഉടലെടുത്തതോടെ ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം വരവ് ആദ്യത്തേതിനേക്കാൾ വ്യത്യസ്തമാണെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

    Also Read-Covid Updates | 24 മണിക്കൂറിനിടെ 1.15 ലക്ഷത്തിലധികം കോവിഡ് കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിനകണക്കുമായി ഇന്ത്യ

    ബ്രസീലിയൻ, കെന്റ് വകഭേദങ്ങൾ ഉൾപ്പെടെയുള്ള ജനിതകമാറ്റം സംഭവിച്ച വൈറസുകൾ കൂടുതൽ ശക്തമായ രോഗലക്ഷണങ്ങൾക്ക് കാരണമാകുന്നതായും അവയ്ക്ക് ശരീരത്തിലെ സുപ്രധാനമായ അവയവങ്ങളെ കൂടുതൽ ഗൗരവമായ തരത്തിൽ ബാധിക്കാനുള്ള കഴിവുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കോവിഡ് 19-ന്റെ ആദ്യകാല രോഗലക്ഷണങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ രോഗലക്ഷണങ്ങൾ ഇപ്പോൾ കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളിൽ ഉണ്ടാകുന്നുണ്ടെന്ന് ഇന്ത്യയിലെ ആശുപത്രികളിൽ നിന്ന് പുറത്തുവരുന്ന ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു.

    വയറുവേദന, ഓക്കാനം, ഛർദ്ദി, ജലദോഷം എന്നിവ ഉൾപ്പെടെയുള്ള അസാധാരണമായ ലക്ഷണങ്ങളാണ് രോഗികൾ ഇപ്പോൾ പ്രകടിപ്പിക്കുന്നതെന്ന് ഗുജറാത്തിലെ ഡോക്ടർമാർ പറയുന്നു. അതുകൊണ്ടുതന്നെ, കോവിഡിന്റെ പ്രധാന ലക്ഷണങ്ങളായി കണ്ടിരുന്ന പനിയും ചുമയും ഇല്ലെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ നിർദ്ദേശിക്കുകയാണ് ഡോക്ടർമാർ.

    Also Read-കോവിഡ് കേസുകൾ ഉയരുന്നു; രാത്രികര്‍ഫ്യു പ്രഖ്യാപിച്ച് ഡൽഹി സർക്കാർ; നിയന്ത്രണങ്ങൾ കർശനമാക്കും

    മിക്ക കോവിഡ് കേസുകളും ഗൗരവസ്വഭാവം കുറഞ്ഞതും രോഗലക്ഷണങ്ങൾ ഇല്ലാത്തതുമാണ്. എന്നാൽ, വൈറസ് ശരീരത്തെ ബാധിക്കുന്ന രീതിയിൽ വരുന്ന വ്യത്യാസങ്ങൾ രോഗബാധയുടെ തീവ്രത വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. വ്യക്തമായ തെളിവുകൾ ലഭ്യമല്ലെങ്കിലും മഹാരാഷ്ട്രയിൽ കണ്ടെത്തിയിട്ടുള്ള ജനിതകമാറ്റം സംഭവിച്ച വൈറസുകൾക്ക് ശരീരത്തെ വ്യത്യസ്തമായ രീതിയിൽ ബാധിക്കാനുള്ള കഴിവുണ്ടെന്ന് വിദഗ്ധർ കരുതുന്നു. അവയ്ക്ക് തീവ്രമായ അണുബാധസൃഷ്ടിക്കാനും എളുപ്പത്തിൽ ശ്വാസകോശത്തിലേക്ക് വ്യാപിക്കാനും ന്യുമോണിയയ്ക്ക് കാരണമാകാനുമുള്ള ശേഷിയുണ്ട്. ഇത് രോഗബാധയെ കൂടുതൽ സങ്കീർണമാക്കും.



    വയറുവേദനപോലുള്ള ലക്ഷണങ്ങൾ അവഗണിച്ചു കളയരുത്. ഇപ്പോൾ വൈറസ് ശക്തമായി ദഹനനാളിയെയും ദഹനവ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്നും പുതുതായി കണ്ടുവരുന്ന ഡയേറിയ, ഓക്കാനം, വേദന, ഛർദ്ദിൽ തുടങ്ങിയ ലക്ഷണങ്ങൾ അതിന്റെ സൂചനയാണെന്നും ഡോക്ടർമാർ പറയുന്നു. ആദ്യമൊക്കെ പ്രായമായ ആളുകളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് കോവിഡ് രോഗബാധ കൂടുതൽ സങ്കീർണമാകുക എന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും, ഈയിടെയായി പ്രതിരോധ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിലെ ജാഗ്രതക്കുറവും രോഗവ്യാപനത്തിന്റെ സ്വഭാവത്തിലുണ്ടായ വ്യത്യാസവും കാരണം കൂടുതൽ യുവാക്കൾ രോഗ ബാധിതരാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
    Published by:Asha Sulfiker
    First published: