ഇന്റർഫേസ് /വാർത്ത /Corona / വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകള്‍ കൂടി; നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇളവില്ലെന്ന് മുഖ്യമന്ത്രി

വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകള്‍ കൂടി; നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇളവില്ലെന്ന് മുഖ്യമന്ത്രി

പിണറായി വിജയൻ

പിണറായി വിജയൻ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വർധിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് കൂടുതല്‍.

  • Share this:

തിരുവനന്തപുരം: വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വർധിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് കൂടുതല്‍. ടി പി ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി ഇടപെടണം. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. - മുഖ്യമന്ത്രി പറ‍ഞ്ഞു.

മൈക്രോ കണ്‍ടൈന്‍മെന്‍റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ കോവിഡ് വാക്സിൻ സ്വീകരിച്ചവർ 3.5 ലക്ഷത്തിന് മുകളിൽ; റെക്കോർഡ് സൃഷ്ടിച്ച് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനിൽ റെക്കോഡ് സൃഷ്ടിച്ച് ആരോഗ്യവകുപ്പ്. ഇന്നലെ മൂന്നര ലക്ഷത്തിലധികം പേർക്കാണ് സംസ്ഥാനത്ത് വാക്സിൻ നൽകിയത്. 3,53,454 പേർ ഇന്നലെ വാക്സിൻ സ്വീകരിച്ചു. 46,264 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരമാണ് ഒന്നാമത്. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. 41,039 പേര്‍ക്കാണ് എറണാകുളം ജില്ലയിൽ വാക്സിൻ നൽകിയത്. കോഴിക്കോട് 35000 ന് മുകളിലും വാക്സിനേഷൻ നടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. എല്ലാ ജില്ലകളിലും 10,000 ലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

1504 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,397 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 107 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. സംസ്ഥാനത്തെ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കി വരികയായിരുന്നു. രണ്ട് ലക്ഷം മുതല്‍ രണ്ടര വരെ പ്രതിദിനം വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്.

ചില ദിവസങ്ങളില്‍ ഈ ലക്ഷ്യവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പലപ്പോഴും വാക്‌സിന്റെ ലഭ്യത കുറവ് കാരണം കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും സ്ലോട്ടും അനുവദിക്കാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ട് ദിവസങ്ങളിലായി 11 ലക്ഷത്തിലേറെ വാക്‌സിന്‍ വന്നതോടെ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സർക്കാർ തീരുമാനിക്കുകയായിരുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ വന്നില്ലെങ്കില്‍ വീണ്ടും ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ പ്രയത്‌നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്ത് ദിവസവും 3 ലക്ഷം വാക്‌സിന്‍ വച്ച് നല്‍കാനായി ഒരു മാസത്തേക്ക് 90 ലക്ഷം വാക്‌സിനാണ് ആവശ്യം. അതിനാലാണ് കേന്ദ്ര സംഘം വന്നപ്പോള്‍ 90 ലക്ഷം വാക്‌സിന്‍ ആവശ്യപ്പെട്ടത്. വരുന്ന രണ്ട് മാസത്തേയ്ക്ക് 60 ലക്ഷം നൽകണമെന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇനിയും ഇതുപോലെ ഒരുമിച്ച് വാക്‌സിന്‍ വന്നാല്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,70,57,347 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,21,55,765 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 40,01,582 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

First published:

Tags: Chief Minister Pinarayi Vijayan, Covid, Covid 19 in Kerala, Kerala Lockdown