ഗൃഹനാഥൻ പള്ളിയിൽ നിസ്കരിക്കാൻ പോയസമയം വീട്ടിൽ കയറി സ്വർണാഭരണങ്ങളും പണവും കവർന്ന പത്താംക്ലാസുകാരൻ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പത്താം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ നിന്നും വരുന്ന വഴി വീട്ടിൽ നിന്നും ഇറങ്ങി വരുന്ന വയോധികനെ കാണുകയും കുശലാന്വേഷണത്തിൽ വയോധികൻ പള്ളിയിൽ നമസ്കരിക്കാൻ പോകുന്നു എന്നുള്ള വിവരം മനസിലാക്കുകയും ചെയ്തിരുന്നു
വർക്കലയിൽ ഗൃഹനാഥൻ പള്ളിയിൽ നമസ്കരിക്കാൻ പോയ സമയം വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും കവർന്ന കേസില്‍ പത്താംക്ലാസുകാരനും സുഹൃത്തായ യുവാവും പിടിയിൽ. പത്താം ക്ലാസ് വിദ്യാർത്ഥിയും വർക്കല കാപ്പിൽ സ്വദേശിയായ കൃഷ്ണാഭവനിൽ സായ് കൃഷ്ണനും (25) ആണ് അയിരൂർ പൊലീസിന്റെ പിടിയിലായത്. വർക്കല കാപ്പിൽ പണിക്കക്കുടി വീട്ടിൽ ഷറഹബീലിന്റെ വീട്ടിലാണ് നട്ടുച്ചസമയം മോഷണം നടന്നത്.
ഉച്ചയ്ക്ക് 12.45 ഓടെ വീട്ടിൽനിന്നിറങ്ങിയ വയോധികൻ പള്ളിയിൽ നമസ്കാരം കഴിഞ്ഞ് രണ്ടുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് അയിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ നിന്നും വരുന്ന വഴി വീട്ടിൽ നിന്നും ഇറങ്ങി വരുന്ന വയോധികനെ കാണുകയും കുശലാന്വേഷണത്തിൽ വയോധികൻ പള്ളിയിൽ നമസ്കരിക്കാൻ പോകുന്നു എന്നുള്ള വിവരം മനസിലാക്കുകയും ചെയ്തിരുന്നു. തുടർന്ന് വയോധികന്റെ വീട്ടിൽ മറ്റാരുമില്ല എന്ന് മനസിലാക്കിയ വിദ്യാർത്ഥി വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് വീടിനുള്ളിൽ പ്രവേശിക്കുകയും മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്നെടുത്തു.
advertisement
ഈ പണം ഉപയോഗിച്ച് വർക്കലയിലെ മൊബൈൽ ഷോപ്പിൽ നിന്നും പുത്തൻ മൊബൈൽ വാങ്ങിക്കുകയും പുത്തൻ വസ്ത്രങ്ങൾ വാങ്ങിക്കുകയും ചെയ്തു. തുടർന്ന് സുഹൃത്തായ സായ് കൃഷ്ണനെ വിദ്യാർത്ഥി വിളിച്ചുവരുത്തി മോഷണവിവരം അറിയിച്ചു. തുടർന്ന് രണ്ടരപ്പവന്റെ മാലയും ഒരു പവന്റെ മോതിരവും അടങ്ങുന്ന സ്വർണാഭരണങ്ങൾ വിദ്യാർത്ഥി സായ് കൃഷ്ണനെ ഏൽപ്പിച്ചു. യുവാവ് സ്വർണ മോതിരം വർക്കലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചു. സ്വർണമാല വീട്ടിൽ ഒളിപ്പിച്ച ശേഷം അത് സ്വർണമല്ലെന്ന് പത്താംക്ലാസുകാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
advertisement
സായി കൃഷ്ണയെ പണയ സ്ഥാപനത്തിലെത്തിച്ച് സ്വർണമോതിരം പൊലീസ് കണ്ടെടുത്തു. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ബാത്ത്റൂമിനകത്ത് ടവ്വൽ ഹോൾഡറിനകത്ത് ഒളിപ്പിച്ചു വച്ചിരുന്ന സ്വർണ മാല പ്രതി പൊലീസിന് എടുത്തു നൽകി. വിദ്യാർത്ഥിയുടെ വീടിനു സമീപത്തു നിന്നും ഒളിപ്പിച്ച നിലയിൽ പുതിയ മൊബൈൽ ഫോണും പുതുവസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു.
അയിരൂർ എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിയെ പൂജപ്പുര ജുവനൈൽ കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് അയച്ചു.
Location :
Varkala,Thiruvananthapuram,Kerala
First Published :
January 30, 2025 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗൃഹനാഥൻ പള്ളിയിൽ നിസ്കരിക്കാൻ പോയസമയം വീട്ടിൽ കയറി സ്വർണാഭരണങ്ങളും പണവും കവർന്ന പത്താംക്ലാസുകാരൻ പിടിയിൽ