'കന്യകയാകാൻ ശസ്ത്രക്രിയ; പരിചയക്കാരെക്കണ്ട് കുരയ്ക്കാതിരുന്ന നായകൾ'; അഭയാകേസിൽ നിർണായകമായ 18 കാര്യങ്ങൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കേസിൽ സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചാണ് ഫോ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് കോടതി വിധിച്ചത്.കാരണങ്ങൾ വിധിന്യായത്തിൽ അക്കമിട്ട് തന്നെ നിരത്തുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: ഇരുപത്തിയെട്ട് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിക്കുന്നത്. അട്ടിമറികളും സാക്ഷി കൂറുമാറ്റങ്ങളും വിവാദങ്ങളും ഒക്കെയായി നീണ്ടു പോയ, കോട്ടയം പയസ് ടെൻത് കോൺവെന്റിൽ 1992 മാർച്ച് 27ന് കോട്ടയം ബിസിഎം കോളജ് വിദ്യാർത്ഥി അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചാണ് ഫോ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് കോടതി വിധിച്ചത്.കാരണങ്ങൾ വിധിന്യായത്തിൽ അക്കമിട്ട് തന്നെ നിരത്തുകയും ചെയ്തിരുന്നു.
അഭയാകേസിൽ നിർണായകമായ 18 കാര്യങ്ങള്‍:
1. 'സംഭവിക്കരുതാത്തത് സംഭവിച്ചു' എന്ന തരത്തിൽ ഫാദർ തോമസ് കോട്ടൂരിന്‍റെ തുറന്നു പറച്ചിൽ. ആറാം സാക്ഷിയായ പൊതുപ്രവർത്തകൻ കളർകോട് വേണുഗോപാലിന്‍റെ ഈ മൊഴി ജുഡീഷ്യറിക്ക് പുറത്തുള്ള കുറ്റസമ്മതമായി കണക്കാക്കപ്പെട്ടു. 'പച്ചയായ മനുഷ്യന്റെ എല്ലാ വികാരങ്ങളും തനിക്കുണ്ടെന്നും തെറ്റു ചെയ്‌തെന്നുമാണ് സിസ്‌റ്റര്‍ സെഫിയുമായുള്ള ബന്ധത്തില്‍ കുറ്റസമ്മതം നടത്തിയതായി ഫാ. കോട്ടൂര്‍ പറഞ്ഞതെന്നാണ് ഇദ്ദേഹം മൊഴി നൽകിയത്. അഭയയെ കൊലപ്പെടുത്തിയതില്‍ ദുഃഖം പ്രകടിപ്പിച്ച ഫാ. കോട്ടൂര്‍, സംഭവിക്കരുതാത്തതു സംഭവിച്ചു എന്നു പറഞ്ഞെന്നും വേണുഗോപാലന്റെ മൊഴി.
advertisement
2.സിസ്റ്റർ അഭയയുടെ ശരീരത്തിൽ മരണത്തിന് മുമ്പ് സംഭവിച്ച ആറു മുറിവുകളുണ്ടായിരുന്നു എന്ന് പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ്. ഒപ്പം 33-ാം സാക്ഷിയായ പൊലീസ് സർജൻ ഡോ. രാധാകൃഷ്‌ണന്‍ നൽകിയ തെളിവ്.
3.അഭയയുടെ കഴുത്തില്‍ നഖങ്ങള്‍ കൊണ്ടുള്ള മുറിപ്പാടുകളുണ്ടായിരുന്നു എന്ന് ഏഴാം സാക്ഷി വര്‍ഗീസ് ചാക്കോയുടെ മൊഴി. പൊലീസ് നിര്‍ദേശപ്രകാരം മൃതദേഹത്തിന്റെ ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫര്‍ ആയിരുന്നു വർഗ്ഗീസ് ചാക്കോ.
4.നഖപ്പാടുകള്‍ വെള്ളത്തില്‍ മുങ്ങുന്നതിനു മുമ്പുണ്ടായതാണെന്നു വ്യക്‌തമെന്ന് സാക്ഷിമൊഴി.
4.പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ മുറിവുകള്‍ വെള്ളത്തില്‍ മുങ്ങുന്നതിനു മുമ്പ് മറ്റാരെങ്കിലും ഏല്‍പ്പിച്ചതാണെന്നു വ്യക്‌തമാക്കുന്ന ഡോ. രാധാകൃഷ്‌ണന്റെയും ഡോ.കന്തസ്വാമിയുടെയും (31-ാം സാക്ഷി. മെഡിക്കല്‍ വിദഗ്‌ധന്‍) സാക്ഷിമൊഴികള്‍.
advertisement
5.അഭയയുടെ തലയോട് പൊട്ടിയിരുന്നെന്ന ഡോ. രാധാകൃഷ്‌ണന്റെ സാക്ഷ്യപ്പെടുത്തല്‍.
6. തലയ്‌ക്കേറ്റ പരുക്കും വെള്ളത്തില്‍ മുങ്ങിയതുമാണു മരണകാരണമെന്ന് ഡോ. രാധാകൃഷ്‌ണന്റെയും ഡോ. കന്തസ്വാമിയുടെയും സാക്ഷ്യപ്പെടുത്തൽ
7. അഭയ മിടുക്കിയും സന്തോഷവതിയും സത്യസന്ധയും സമര്‍ഥയുമായിരുന്നെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമുള്ള കോണ്‍വെന്റ് അന്തേവാസികളുടെയും അധ്യാപിക ത്രേസ്യാമ്മയുടെയും മൊഴികള്‍.
8. തലയ്‌ക്കേറ്റ ഗുരുതര പരുക്കും മുങ്ങിയതുമാണ് മരണത്തിന് ഇടയാക്കിയതെന്ന ശാസ്‌ത്രീയ തെളിവുകള്‍.
9. കൊലപാതകമാണെന്നു വ്യക്‌തമാക്കുന്ന മെഡിക്കല്‍ തെളിവുകളും ഡോ. രാധാകൃഷ്‌ണന്‍, ഡോ. കന്തസ്വാമി എന്നിവരുടെയും പ്രഫ. ത്രേസ്യാമ്മ അടക്കമുള്ളവരുടെയും മൊഴികളും.
advertisement
10.കോണ്‍വെന്റ് അടുക്കളയുടെ വര്‍ക്ക് ഏരിയയും വാഷ് ഏരിയയും സംഭവദിവസം അലങ്കോലമായി കിടക്കുകയായിരുന്നെന്ന് പാചകക്കാരി അച്ചാമ്മ, സംഭവസ്‌ഥലത്ത് ആദ്യമെത്തിയവരിലൊരാളായ എം.എം. തോമസ്, ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ തുടങ്ങിയവരുടെ സാക്ഷിമൊഴികൾ.
11. അടുക്കളമൂലയില്‍ കൈക്കോടാലി കിടക്കുന്നതും ഫ്രിഡ്‌ജ് തുറന്നുകിടക്കുന്നതും ഫ്രിഡ്‌ജിനരികില്‍ വെള്ളം കുപ്പി കിടക്കുന്നതും അടുക്കളയുടെ പിന്‍വാതില്‍പ്പാളികള്‍ക്കിടയില്‍ ഒരു കന്യാസ്‌ത്രീയുടെ ശിരോവസ്‌ത്രം ഉടക്കിക്കിടക്കുന്നതും എം.എം. തോമസ് കണ്ടിരുന്നു. ഒരു ജോഡി ചെരുപ്പ് രണ്ടിടത്തായി കിടന്നിരുന്നു.
12. പുരോഹിതര്‍ കോണ്‍വെന്റ് ഹോസ്‌റ്റലില്‍ പതിവായി വന്നിരുന്നെന്നും സമൃദ്ധമായ വിഭവങ്ങള്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും അച്ചാമ്മയുടെ മൊഴി.
advertisement
13. കോണ്‍വെന്റില്‍ നായ്‌ക്കളെ വളര്‍ത്തിയിരുന്നു. സംഭവം നടന്ന രാത്രി അവ കുരയ്‌ക്കുന്നതായി ആരും കേട്ടില്ല. പുരോഹിതര്‍ പതിവായി വരുമായിരുന്നു എന്ന അച്ചാമ്മയുടെ മൊഴി നായ്‌ക്കള്‍ കുരയ്‌ക്കാതിരുന്നതിന്റെ കാരണമായി വ്യക്‌തമായി.
14. കോണ്‍വെന്റ് ഹോസ്‌റ്റലിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ മുറിയില്‍ സിസ്‌റ്റര്‍ സെഫി തനിച്ചേ ഉണ്ടാകാറുള്ളൂ എന്ന സാക്ഷിമൊഴികള്‍
15. സംഭവം നടന്ന ദിവസം രാത്രി കോൺവെന്‍റ് ഹോസ്‌റ്റലില്‍ ഫാ. തോമസ് കോട്ടുരിനെ കണ്ടെന്ന് അവിടെ മോഷണത്തിനെത്തിയ മൂന്നാം സാക്ഷി രാജുവിന്റെ (അടയ്‌ക്കാ രാജു) മൊഴി.രണ്ടു പുരുഷന്മാര്‍ പിന്നിലെ പടിയിറങ്ങിവരുന്നതു കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. അതിലൊന്ന് ഫാ. കോട്ടുരായിരുന്നെന്ന് തിരിച്ചറിഞ്ഞു. രണ്ടാമത്തെയാളെ തിരിച്ചറിയാന്‍ രാജുവിനു കഴിഞ്ഞിരുന്നില്ല. ഇതാണ് രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണയില്‍നിന്ന് ഒഴിവാക്കാന്‍ കാരണമായത്.
advertisement
16. ആക്‌ഷന്‍ കൗണ്‍സിലിന്റെ യോഗത്തില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോള്‍ കുമരകത്ത് ഒരു ഹോട്ടലിനടുത്തുവച്ച് ഫാ. കോട്ടൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് 42-ാം സാക്ഷി ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെ മൊഴി
17. കന്യകയാണെന്നു സ്‌ഥാപിക്കാന്‍ സിസ്‌റ്റര്‍ സെഫി ഹൈമനോപ്ലാസ്‌റ്റി ശസ്‌ത്രക്രിയ നടത്തിയിരുന്നെന്ന് ഡോ. ലളിതാംബിക കരുണാകരന്‍ (19-ാം സാക്ഷി), ഡോ. പി. രമ (29-ാം സാക്ഷി) എന്നിവരുടെ മൊഴികളും മെഡിക്കല്‍ തെളിവുകളും. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്ന് സിസ്‌റ്റര്‍ സെഫി തങ്ങളോടു സമ്മതിച്ചെന്ന ഡോ. ലളിതാംബികയുടെയും ഡോ. രമയുടെയും മൊഴിയും സിസ്‌റ്റര്‍ സെഫിയുടെ വൈദ്യപരിശോധനാ രേഖകളും.
advertisement
17. കോണ്‍വെന്റ് അടുക്കള, വര്‍ക്ക് ഏരിയ, വാഷ് ഏരിയ എന്നിവിടങ്ങളിൽ രാത്രി പത്തരയ്‌ക്കും രാവിലെ അഞ്ചിനുമിടയില്‍ പുരുഷന്മാര്‍ക്കു പ്രവേശമില്ലെന്ന ഹോസ്‌റ്റല്‍ ചട്ടം. പുരുഷസാന്നിധ്യം പൂര്‍ണമായും വിലക്കിയ സമയത്തും സ്‌ഥലത്തുമാണ് അഭയ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഹോസ്‌റ്റലില്‍ ചെന്നതിന് മതിയായ വിശദീകരണം നല്‍കാന്‍ ഫാ. കോട്ടൂരിനും കഴിഞ്ഞില്ല. ഫാ. കോട്ടൂരിനും സിസ്‌റ്റര്‍ സെഫിക്കുമിടയില്‍ അധാര്‍മിക ബന്ധമുണ്ടായിരുന്നു എന്ന് വ്യക്‌തമാക്കുന്ന തെളിവായിരുന്നു ഇത്.
സിസ്റ്റർ സെഫിയുടെ സഹായത്തോടെയാണ് ഫാ.കോട്ടൂർ ഹോസ്റ്റലിൽ എത്തിയത്. ഇത് കണ്ട അഭയയെ മൂർച്ചയില്ലാത്ത ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു. തെളിവുകളുടെ കണ്ണിമുറിയാത്ത ശൃംഖല പ്രതികളുടെ കുറ്റം തെളിയിക്കാന്‍ പര്യാപ്‌തമാണ്. പ്രതികള്‍, അവര്‍ മാത്രമേ, ഹോസ്‌റ്റലില്‍ ആ സമയത്ത് അഭയയെ മാരകമായി ആക്രമിക്കാനും കിണറ്റിലിടാനും സാധ്യതയുള്ളൂ എന്നു വ്യക്‌തമാണെന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞു.
Location :
First Published :
December 24, 2020 9:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'കന്യകയാകാൻ ശസ്ത്രക്രിയ; പരിചയക്കാരെക്കണ്ട് കുരയ്ക്കാതിരുന്ന നായകൾ'; അഭയാകേസിൽ നിർണായകമായ 18 കാര്യങ്ങൾ


