6-ാം ക്ളാസുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിലായ അദ്ധ്യാപകനെതിരെ 9-ാം ക്ളാസുകാരിയുടെ വെളിപ്പെടുത്തലിൽ വീണ്ടും പോക്സോ
- Published by:Nandu Krishnan
- news18-malayalam
Last Updated:
സ്കൂളിലെ ഓണാഘോഷ പരിപാടിക്കിടെയാണ് അദ്ധ്യാപകൻ തന്നെ ലൈംഗികമായി അതിക്രമിച്ചതെന്നും ആരോടു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും 9-ാം ക്ളാസുകാരി വെളിപ്പെടുത്തി
ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിലായ അദ്ധ്യാപകനെതിരെ അതേ സ്കൂളിലെ ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തു. വട്ടിയൂർക്കാവ് സ്വദേശി അരുൺമോഹനെതിരെയാണ്( 32) പോക്സോ വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി ഫോർട്ട് പൊലീസ് വീണ്ടും കേസെടുത്തത്. ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ഫോർട്ട് പൊലീസാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. നിലവിൽ റിമാൻഡിലായതിനാൽ പുതിയ കേസിലും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
മണക്കാടുള്ള ഒരു സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് അദ്ധ്യാപകനെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. സംഭവം കുട്ടി കൂട്ടുകാരോടും ആയയോടും പറഞ്ഞതിനെ തുടർന്ന് സ്കൂൾ പ്രിൻസിപ്പിനെ വിവരം അറിയിച്ചു. എന്നാൽ സംഭവം പ്രിൻസിപ്പൽ രഹസ്യമാക്കി വെച്ചു എന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. പിന്നീട് കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അധ്യാപകനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമം അറിഞ്ഞിട്ടും വിവരം മറച്ചുവെച്ചതിന് സ്കൂൾ പ്രിൻസിപ്പൽ എതിരെയും പൊലീസ് കേസെടുത്തിരുന്നു. പിന്നീട് പ്രിൻസിപ്പലിനെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
advertisement
ഈ വാർത്ത പുറത്തായതോടെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും തനിക്ക് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. സ്കൂളിലെ ഓണാഘോഷ പരിപാടിക്കിടെയാണ് അദ്ധ്യാപകൻ തന്നെ ലൈംഗികമായി അതിക്രമിച്ചത് എന്നും ആരോടു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി വെളിപ്പെടുത്തി. തുടർന്ന് വീട്ടുകാർ ഫോർട്ട് പൊലീസിന് പരാതി നൽകുകയായിരുന്നു.
Location :
Thiruvananthapuram,Kerala
First Published :
January 30, 2025 12:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
6-ാം ക്ളാസുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിലായ അദ്ധ്യാപകനെതിരെ 9-ാം ക്ളാസുകാരിയുടെ വെളിപ്പെടുത്തലിൽ വീണ്ടും പോക്സോ


