തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച യുവാവാണ് ആത്മഹത്യാ ശ്രമം നടത്തിയത്. നെടുമങ്ങാട് മുത്താം കോണം സ്വദേശി മനു (29) ആണ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ വെൻറ്റിലേഷനിൽ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ബാത്ത്റൂമിൽ കയറിയ മനുവിനെ ഏറെ നേരമായിട്ടും കാണാതായിതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വാതില്‍ അകത്ത് നന്ന് കുറ്റിയിട്ടിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ബാത്ത്റൂമിന്‍റെ വാതിൽ ചവിട്ടി തുറന്ന് നോക്കുമ്പോൾ ആണ് മനുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ മനുവിനെ താങ്ങി നിര്‍ത്തി. തുടർന്ന് മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എത്തി കഴുത്തിലെ കെട്ട് അറുത്ത് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
ഉടൻ തന്നെ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് മനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. യുവതിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് യുവാവ് ആത്മഹത്യ ശ്രമം നടത്തിയത്.
മുൻപ് പാറശ്ശാലയിൽ കാമുകൻ ഷാരോണിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്ന കേസിൽ കസ്റ്റഡിയിലെടുത്ത ഗ്രീഷ്മയും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സംഭവത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരായ ഗായത്രി, സുമ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ശുചിമുറിയിൽവച്ച് ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.