നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി ഇന്ന്; ദിലീപ് കുറ്റവിമുക്തനായതെങ്ങനെ എന്ന് വിധിപ്പകർപ്പ് പറയും
- Published by:Rajesh V
- news18-malayalam
Last Updated:
പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദംകേട്ട ശേഷമായിരിക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ശിക്ഷ വിധിക്കുക
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദംകേട്ട ശേഷമായിരിക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ശിക്ഷ വിധിക്കുക. ഒന്നുമുതൽ ആറുവരെ പ്രതികളായ എൻ എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു.
കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കും. കുറ്റവിമുക്തനാക്കിയതിനാൽ കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് അടക്കമുള്ളവർ കോടതിയിൽ ഹാജരാകേണ്ട. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്. ജീവപര്യന്തം തടവോ അല്ലെങ്കിൽ കുറഞ്ഞത് 20 വർഷം കഠിനതടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
ഒന്നാം പ്രതി പള്‍സർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. എന്നാൽ പ്രതികൾ ഏഴര വർഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്. ഒന്നാം പ്രതി പൾസർ സുനി ഏഴര വർഷവും രണ്ടാം പ്രതി മാർട്ടിനടക്കമുളളവർ ആറര വർഷവും റിമാൻഡ് കാലാവധിയിൽ തടവിൽക്കഴിഞ്ഞു. അത് കണക്കാക്കി ശിക്ഷ ഇളവ് ചെയ്യണമെന്നാകും ആവശ്യപ്പെടുക.
advertisement
ശിക്ഷ പ്രഖ്യാപിച്ചശേഷമേ വിധിപ്പകർപ്പ് ലഭിക്കൂ. ദിലീപടക്കമുള്ളവരെ എന്തുകൊണ്ടാണ് കുറ്റവിമുക്തരാക്കിയെന്നത് ഉത്തരവ് പുറത്തുവന്നാൽ വ്യക്തമാകും. ഉത്തരവ് പുറത്തുവന്നാലുടൻ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നാണ് വിവരം. കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾ നിലവിൽ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
Summary: The sentencing of the six convicts found guilty in actress assault case will be pronounced today. Ernakulam Principal Sessions Judge Honey M. Varghese will pronounce the sentence after hearing arguments from both the prosecution and the defense. The court had found the first to sixth accused—N.S. Sunil (Pulsar Suni), Martin Antony, B. Manikandan, V.P. Vijeesh, H. Salim (Vadival Salim), and Pradeep—guilty on Monday.
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 12, 2025 6:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി ഇന്ന്; ദിലീപ് കുറ്റവിമുക്തനായതെങ്ങനെ എന്ന് വിധിപ്പകർപ്പ് പറയും









