ബാലഭാസ്കർ കേസ്: സിബിഐയ്ക്ക് മുന്നിലുള്ള 21 ദുരൂഹതകൾ

ബാലഭാസ്കറുമായുള്ള അടുപ്പം സംശയ നിഴലിലുള്ളർ മുതലെടുക്കുകയും അനധികൃത ബിസിനസുകൾക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നോ ? തുടങ്ങി 21 ചോദ്യങ്ങൾക്ക് സിബിഐ ഉത്തരം കണ്ടെത്തേണ്ടതുണ്ട്...

News18 Malayalam | news18-malayalam
Updated: December 10, 2019, 3:51 PM IST
ബാലഭാസ്കർ കേസ്: സിബിഐയ്ക്ക് മുന്നിലുള്ള 21 ദുരൂഹതകൾ
ബാലഭാസ്ക്കർ
  • Share this:
2018 സെപ്തംബർ 25ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചുണ്ടായ കാർ അപകടത്തിൽ ബാലഭാസ്കറും മകൾ തേജസ്വിനി ബാലയും മരിച്ചതുമുതലുള്ള ദുരൂഹതകളുടെ ചുരുളാണ് സിബിഐ അഴിക്കേണ്ടത്...

സിബിഐ എന്ന വഴി

അപകടത്തിലും മരണത്തിലും നിരവധി ദുരൂഹതകളാണ് ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണിയും ബന്ധുക്കളും നിരത്തുന്നത്. അപകടം നടന്ന സ്ഥലത്തും വാഹനത്തിലും ലോക്കൽ പൊലീസ് സാധാരണഗതിയിൽ നടത്തേണ്ട പരിശോധനകൾ പോലും ബാലഭാസ്കർ സംഭവത്തിൽ നടത്തിയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കൂടാതെ വാഹനം ഓടിച്ച വ്യക്തി ആരാണെന്ന് സ്ഥിരീകരിക്കാൻ പോലും ലോക്കൽ പൊലീസ് തയ്യാറായിരുന്നില്ല. ഏതായാലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വാഹനം ഓടിച്ചിരുന്നത്
ഡ്രൈവർ അർജുൻ തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയക്കപ്പെട്ടു. കൂടാതെ മരണത്തിൽ ദുരൂഹതകളില്ലെന്നും വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അതേസമയം ബാലഭാസ്കറിന്റെ പിതാവോ ബന്ധുക്കളോ നൽകിയ വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണത്തിലൂടെ മാത്രമെ വസ്തുതകൾ വെളിപ്പെടുകയുള്ളൂവെന്ന് ബാലഭാസ്കറിന്റെ കുടുംബം വിശ്വസിച്ചത്. തുടർന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെസി ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

സിബിഐ അന്വേഷണത്തിന് ഡിജിപിയോ ക്രൈംബ്രാഞ്ചോ എതിരായിരുന്നില്ല. പൊലീസ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ റിപ്പോർട്ട് സംഭവം നടന്ന് പതിനാലുമാസം കഴിഞ്ഞിട്ടും പൂർത്തിയായിരുന്നില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ഏതായാലും സംഭവത്തിലെ ദുരൂഹതകൾ നീക്കാൻ സിബിഐ എത്തുമെന്ന വാർത്തപോലും സന്തോഷകരമാണെന്ന് ബാലഭാസ്കറിന്റെ ബന്ധുക്കൾ പറയുന്നു.

എന്തൊക്കെയാണ് ആ ദുരൂഹതകളും സംശയങ്ങളും

1. അപകടം നടന്ന സമയത്തിലെ കൃത്യത ഇനിയും ഉറപ്പാക്കിയിട്ടില്ല

2. അപകട വിവരം എന്തുകൊണ്ട് ബാലഭാസ്കറിന്റെ ബന്ധുക്കളെ അറിയിക്കാൻ വൈകി ?

3. എന്തുകൊണ്ട് തലസ്ഥാനത്തെ സ്വാകാര്യ ആശുപത്രിയിൽ പരുക്കേറ്റവരെ പ്രവേശിപ്പിച്ചു.? ആ നിർണായക തീരുമാനം എടുക്കുന്നതിന് മുമ്പ് ബാലഭാസ്കറിന്റെ ബന്ധുക്കളോട് ആലോചിക്കാത്തത് എന്തുകൊണ്ട്?

4. വാഹനം ഓടിച്ചിരുന്ന അർജുൻ സംശയ നിഴലിലുള്ള പൂന്തോട്ടം ആയു‌ർവേദ റിസോർട്ട് ഉടമയുടെ ബന്ധുവാണ്. ഇയാളെ ഡ്രൈവറായി നിയോഗിച്ചതിന് പിന്നിൽ എന്തെങ്കിലും പ്രത്യേക കാരണമോ ആസൂത്രണമോ നടന്നിട്ടുണ്ടോ?

5. തിരുവന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതികളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ജമീൽ ജബ്ബാർ എന്നിവർക്ക് അപകടവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ?

6. അപകടത്തിന് ശേഷം ബാലഭാസ്കറിന്റെ ബന്ധുക്കളെ (അച്ഛൻ, അമ്മാവൻ മറ്റ് ബന്ധുക്കൾ) എന്തിനാണ് സംശയ നിഴലിലുള്ളവർ ആശുപത്രിയിൽ നിന്നുപോലും ആട്ടിയകറ്റാൻ ശ്രമിച്ചത്?

7. ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ, പേഴ്സ്, ബെൻസ് കാർ എന്നിവ പ്രകാശ് തമ്പി എന്തിനാണ് ഉപയോഗിച്ചത്. മൊബൈൽ രേഖകൾ ഇയാൾ നശിപ്പിച്ചിരുന്നോ ?

8. ബാലഭാസ്കറിന്റെ ഹിരണ്മയ എന്ന വീട്ടിൽ സിസിടിവി സ്ഥാപിച്ച് നിരീക്ഷണത്തിലാക്കാൻ വിഷ്ണുവിനെയും തമ്പിയേയും പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാണ്?

9. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയോ ബ്ലാക് മെയിലിംഗോ നേരിടുന്നുണ്ടോ ?

10. വിഷ്ണു സോമസുന്ദരം ബാലഭാസ്കറിൽ നിന്ന് ബിസിനസ് ആവശ്യത്തിനുവേണ്ടി വാങ്ങിയ പണം എന്തിനുവേണ്ടിയാണ് ഉപയോഗിച്ചത്?

11. തമ്പിയും വിഷ്ണുവും ചേർന്ന് ബാലഭാസ്കറിനെ ഏതെങ്കിലും കെണിയിൽ അകപ്പെടുത്തിയിരുന്നോ?

12. വീട്ടുകാരുമായി ബാലഭാസ്കറിന് അടുപ്പമുണ്ടായിരുന്നില്ലെന്നും കുടുംബങ്ങൾ തമ്മിൽ ശത്രുതയിലായിരുന്നുവെന്നും നുണക്കഥ പ്രചരിപ്പിച്ചത് എന്തിനുവേണ്ടിയായിരുന്നു?

13. കലാഭവൻ സോബി കൊടുത്ത മൊഴിയും വെളിപ്പെടുത്തലും നിസ്സാരവത്ക്കരിച്ചത് എന്തിനുവേണ്ടിയായിരുന്നു?

14. ഡ്രൈവർ അർജുൻ ആരുടെയെങ്കിലും ഏജന്റായിരുന്നോ ?

15. സംഭവ ദിവസം രാത്രിയാത്ര നടത്തിയത് ആരുടെ നിർദ്ദേശം അനുസരിച്ചായിരുന്നു?

16. സംശയ നിഴലിലുള്ള പൂന്തോട്ടം ആശുപത്രി ഉടമയുടെ ഭാര്യ സംഭവ ദിവസം രാത്രി വൈകിയും ബാലഭാസ്കറിനെ പല ആവർത്തി വിളിച്ചത് എന്തിനായിരുന്നു?

17. അപകടശേഷം തമ്പിയും കൂട്ടുകാരും ചേർന്ന് കൊല്ലത്തെ ജ്യൂസ് കടയിൽ പോയി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത് എന്തിനുവേണ്ടിയായിരുന്നു?

18. ഡിആർഐ കണ്ടെത്തിയ വിവരങ്ങൾ ക്രൈംബ്രാഞ്ച് എന്തുകൊണ്ട് നിസ്സാരവത്കരിച്ചു ?

19. സ്വർണക്കടത്തുകാരുടെ ഗൂഢ പദ്ധതികളെക്കുറിച്ച് ബാലഭാസ്കറിന് എതെങ്കിലും തരത്തിൽ അറിവുണ്ടായിരുന്നോ? ബാലു മരിച്ച് ദിവസങ്ങൾക്കുള്ളിൽ വിഷ്ണുവും തമ്പിയും എങ്ങനെ സ്വർണക്കള്ളക്കടത്ത് തുടങ്ങി? ആസൂത്രണവും ഉന്നത ബന്ധങ്ങളുമില്ലാതെ സ്വർണക്കടത്ത് നടക്കില്ലെന്നിരിക്കെ വളരെ കുറച്ച് നാളുകൾ കൊണ്ട് 700 കിലോയിലധികം സ്വർണം ഇവർ എങ്ങനെ കടത്തി?

20. ബാലഭാസ്കറിനെ ഇല്ലായ്മ ചെയ്യാൻ വിഷ്ണുവോ തമ്പിയോ പൂന്തോട്ടത്തിലുള്ളവരോ ആസൂത്രണം നടത്തിയിരുന്നോ ?

21. ബാലഭാസ്കറുമായുള്ള അടുപ്പം സംശയ നിഴലിലുള്ളർ മുതലെടുക്കുകയും അനധികൃത ബിസിനസുകൾക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നോ ?

ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ടാണ് സംശയങ്ങളും ദുരൂഹതകളും നീക്കേണ്ടത്.

എന്നാൽ ഡിആർഐ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞ വസ്തുകളുടെ അടിസ്ഥാനത്തിലാകും സിബിഐ സംഘവും കേസ് അന്വേഷിക്കുക എന്നാണ് ലഭ്യമായ വിവരം. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിറക്കിയെങ്കിലും ഇനിയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലെ കേസ് സിബിഐ അന്വേഷിച്ച് തുടങ്ങുകയുള്ളു. ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരം സിബിഐ യൂണിറ്റിൽ കേസ് ഫയൽ കൈമാറുകയും വേണം. ഏതായാലും സിബിഐ എത്തുന്നതോടെ ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള എല്ലാ ദുരൂഹതകളും നീങ്ങുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
First published: December 10, 2019, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading