തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും പിന്നാലെ ഏഴു പ്രതികൾക്കെതിരെ കൂടി കൊഫെപോസ ചുമത്തുന്നു. ഒന്നാം പ്രതി പി.എസ്.സരിത്, രണ്ടാം പ്രതി കെ.ടി.റമീസ്, മറ്റു പ്രധാന പ്രതികളായ ജലാൽ, അംജത് അലി, സെയ്തലവി, ടി.എം. ഷംജു, മുഹമ്മദ് ഷാഫി എന്നിവർക്കെതിരെ കൊഫേപോസ ചുമത്താനാണു അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ ഡോളർ കടത്തു കേസിലും ഈന്തപ്പഴം വിതരണം ചെയ്തതിലും ശിവശങ്കറിനെ പ്രതിചേർക്കുമെന്നാണു വിവരം.
ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയാലുടൻ എറണാകുളം, തൃശൂർ വിയ്യൂർ ജയിലുകളിൽ നിന്ന് ഇവരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റും. കൊഫേപോസചുമത്തിയാൽ ഒരു വർഷത്തേക്കു പുറത്തിറങ്ങാനാകില്ല. കോഫേപോസ ചുമത്തപ്പെട്ട സ്വപ്ന സുരേഷ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും സന്ദീപ് നായർ പൂജപ്പുര സെൻട്രൽ ജയിലിലുമാണ് ഇപ്പോൾ കഴിയുന്നത്.
പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് കൊഫേപോസ ചുമത്തുന്നത്. ഇവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയും കേസെടുത്തിട്ടുണ്ട്. സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന മറ്റ് ഏജൻസികൾക്കും ഇവരെ ജയിലിൽ ചോദ്യം ചെയ്യാം. സ്വർണക്കടത്തു കേസിലെ സൂത്രധാരൻ ഫൈസൽ ഫരീദിനെ വൈകാതെ കേരളത്തിലെത്തിക്കുമെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.