വീട്ടിൽ ഒന്നിച്ചു താമസിക്കുന്നതിലുള്ള വിരോധം; കണ്ണൂരിൽ വയോധികയെ പേരക്കുട്ടി തല്ലിക്കൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
പരിക്കേറ്റ ലീലയെ ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു
കണ്ണൂർ: പേരക്കുട്ടിയുടെ മർദനമേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം മണിയറ വീട്ടിൽ കാർത്ത്യായനി അമ്മ (88) യാണ് മരിച്ചത്. മേയ് 11ന് ഉച്ചക്കാണ് കാർത്ത്യായനി അമ്മയുടെ മകൾ ലീലയുടെ മകൻ റിജു ഇവരെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
സ്വത്ത് വീതംവെച്ചപ്പോൾ കാർത്ത്യായനിയുടെ സംരക്ഷണ ചുമതല മകൾ ലീല ഏറ്റടുത്തിരുന്നു . അതിനാൽ കാർത്ത്യായനി അമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലയ്ക്ക് എഴുതി നൽകി. പിന്നീട് അവർ ആ വീട് വാടകയ്ക്ക് നൽകി. ലീലയും മക്കളും താമസിക്കുന്ന കണ്ടങ്കാളിയിലെ വീട്ടിലേക്ക് വയോധികയെ കൂട്ടുകയും പരിചരിക്കാനായി ഹോം നഴ്സിനെ ഏർപ്പാടാക്കുകയും ചെയ്തിരുന്നു.
എന്നാൽ, റിജുവിൻ്റെ ഭാര്യ പ്രസവിച്ച ശേഷം ഇരട്ട കുട്ടികളുമായി ഇവർ വീട്ടിലെത്തിയതോടെ ഇവരെ ഒന്നിച്ച് താമസിപ്പിക്കുന്നതിലുള്ള വിരോധത്തിൻ്റെ പേരിൽ റിജു അക്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ ലീലയെ ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആദ്യം തീവ്ര പരിചരണ വിഭാഗത്തിലും പിന്നീട് വെൻ്റിലേറ്ററിലേക്കും മാറ്റി.
advertisement
വീണു പരിക്കേറ്റു എന്നായിരുന്നു വീട്ടുകാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇവരെ പരിചരിച്ചിരുന്ന ഹോം നഴ്സ് ആലക്കോട് ഉദയഗിരി സ്വദേശിനി അമ്മിണി രാമകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. പരേതനായ പൂക്കുടി ചിണ്ടൻ ആണ് കാർത്ത്യായനി അമ്മയുടെ ഭർത്താവ്. മക്കൾ: ലീല, പരേതനായ ഗംഗാധരൻ. മരുമക്കൾ: ചന്ദ്രൻ, യമുന. സഹോദരങ്ങൾ: പത്മനാഭൻ (റിട്ട. ഉദ്യോഗസ്ഥൻ പഞ്ചാബ് നാഷണൽ ബാങ്ക്), വേലായുധൻ (റിട്ട. സിഐഎസ്എഫ് ഉദ്യോഗസ്ഥൻ), പരേതരായ കരുണാകരൻ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ), രാഘവൻ (റിട്ട. സിഐഎസ്എഫ് ഉദ്യോഗസ്ഥൻ). മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Location :
Kannur,Kannur,Kerala
First Published :
May 22, 2025 7:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിൽ ഒന്നിച്ചു താമസിക്കുന്നതിലുള്ള വിരോധം; കണ്ണൂരിൽ വയോധികയെ പേരക്കുട്ടി തല്ലിക്കൊന്നു