കോട്ടയം മുണ്ടക്കയത്ത് കാട്ടിനുള്ളിൽ എക്സൈസ് റെയ്ഡ് 1235 ലിറ്റർ കോട പിടികൂടി
- Published by:Rajesh V
- news18-malayalam
Last Updated:
പ്ലാചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂന്നോലി കാരിശ്ശേരി തേക്ക് പ്ലാന്റേഷൻ ഭാഗത്തു നിന്ന് ആണ് 1235 ലിറ്റർ കോട കണ്ടെത്തിയത്.
കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ വൻതോതിൽ വ്യാജമദ്യം നിർമ്മാണം നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വൻതോതിൽ കോട ശേഖരം പിടികൂടിയത്. പ്ലാചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂന്നോലി കാരിശ്ശേരി തേക്ക് പ്ലാന്റേഷൻ ഭാഗത്തു നിന്ന് ആണ് 1235 ലിറ്റർ കോട കണ്ടെത്തിയത്.
വന പ്രദേശമായ ഇവിടെ രഹസ്യമായി വ്യാജ വാറ്റ് നടന്നിരുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ചാരായം വാറ്റാൻ പാകപ്പെടുത്തി നിലയിലാണ് കോടശേഖരം കണ്ടെടുത്തത്.
500 ലിറ്ററിന്റെ രണ്ട് സിന്തറ്റിക്ക് ടാങ്കിലും 200 ലിറ്ററിന്റെ ബാരലിലും 35 ലിറ്ററിന്റെ കന്നാസിലുമായി ആണ് കോട സൂക്ഷിച്ചിരുന്നത്.
കാട്ടാനയുടെയും വന്യ ജിവികളുടെയും വിഹാരകേന്ദ്രങ്ങളാണ് ഇവിടം. പരിശോധകൾ ഉണ്ടാകില്ല എന്ന് കരുതിയാണ് ഈ മേഖലയിൽ കോട സൂക്ഷിച്ചിരുന്നത് എന്ന് എക്സൈസ് സംഘം വിലയിരുത്തുന്നത്. പാറകെട്ടുകളിലും മറ്റുമായിട്ടാണ് കോട സൂക്ഷിച്ചിരുന്നത്. ഇവിടെത്തന്നെ വാറ്റ് ഉൾപ്പെടെയുള്ള നടപടികൾ നടന്നിരുന്നതായി ആണ് കരുതുന്നത്.
advertisement
കഴിഞ്ഞ രണ്ടാഴ്ച കാലമായി ഈ മേഖലകളിൽ എക്സൈസ് വ്യാപകമായ പരിശോധന നടത്തി വരുന്നുണ്ട്. കുഴിമാവ്, കോപ്പാറ വന മേഖല,504 കോളനി, പുഞ്ചവയൽ, പാക്കാനം, കാറിശ്ശേരി ഭാഗങ്ങളിൽ വിവര ശേഖരണവും രഹസ്യ നിരീക്ഷണവും നടത്തിയിരുന്നു. ഇതിൻ പ്രകാരം കുഴിമാവ് ചെങ്കമലക്കാനയ്ക്ക് സമീപം മുക്കുളം പുറത്ത് വീട്ടിൽ തങ്കപ്പന്റെ മകൻ എം ടി സാമിനെ എക്സൈസ് പിടികൂടിയിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും 8 ലിറ്റർ ചാരായവും 95 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തിരുന്നു.
advertisement
ഇതിന് പിന്നാലെ കുഴിമാവ് ടോപ്പ് ഭാഗത്ത് ആൾ താമസമില്ലാത്ത വിടിന് സമീപം സൂക്ഷിച്ചുവച്ചിരുന 20 ലിറ്റർ ചാരായവും കണ്ടെടുത്തിരുന്നു. ഈ പ്രദേശങ്ങളിൽ നിന്ന് വൻതോതിൽ വാറ്റുചാരായം മറ്റു സ്ഥലങ്ങളിലേയ്ക്ക് കയറ്റി കൊണ്ടു പോകുന്നതായിവിവരം ലഭിച്ചിരുന്നു. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം കെ എൻ സുരേഷ്കുമാറിന് ആണ് രഹസ്യവിവരം ലഭിച്ചത്. ഇതിനെ തുടർന്ന് കോട്ടയം എക്സൈസ് എൻഫോഴ്സ് ആന്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സുരാജ് ആണ് പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്.
advertisement
എക്സൈസ് ഇൻസ്പെക്ടർ അമൽ രാജനും സംഘവും പ്ലാച്ചേരി സെക്ഷൻഫോറസ്റ്റ് ഓഫിസർ അരുൺ ജി നായരും സംഘവുമായി ചേർന്ന് ആണ് പരിശോധന നടത്തിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ കെ രാജിവ് , സിവി എക്സൈസ് ഓഫിസർമാരായ അഞ്ചിത്ത് രമേശ്, സന്തോഷ് കുമാർ വി ജി,സുരേഷ് കുമാർ കെ എൻ, ഡ്രൈവർ അനിൽ കെ കെ എന്നിവർ പങ്കെടുത്തു.
നേരത്തെ മുണ്ടക്കയം മേഖലയിൽ വ്യാപകമായി വാറ്റ് ചാരായം പിടിച്ചെടുത്തിരുന്നു. മുണ്ടക്കയം ബിവറേജസ് ഔട്ട്ലെറ്റ് തന്നെ ലോക്ക് ഡൗൺ കാലത്ത് അനധികൃത മദ്യ വിൽപ്പനയുടെ കേന്ദ്രമായി മാറിയിരുന്നു എന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ആയിരം ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ആണ് ഈ ഔട്ട്ലെറ്റിൽ നിന്നും അനധികൃതമായി കടത്തി വിറ്റ് അഴിച്ചത്. ഇവിടുത്തെ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും അന്ന് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
Location :
First Published :
July 02, 2021 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയം മുണ്ടക്കയത്ത് കാട്ടിനുള്ളിൽ എക്സൈസ് റെയ്ഡ് 1235 ലിറ്റർ കോട പിടികൂടി