കോവിഡ് സെന്ററിലെ സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ വോളന്റിയർ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
നിരീക്ഷണത്തിൽ കഴിഞ്ഞ ഒരാൾ പോസറ്റീവ് ആയപ്പോൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം ഇരുവരും ക്വറന്റൈനിലായി. ഇതിനിടയിലായിരുന്നു വിവാഹ വാഗ്ദാനം നൽകി പീഡനം
പത്തനംതിട്ട: കോവിഡ് സെന്ററിൽ ഒപ്പം ജോലി ചെയ്ത യുവതിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശി മനു എന്ന പ്രദീപാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന നേതാവിനെ മൂന്ന് വർഷത്തിന് ശേഷം ഡൽഹിയിൽ വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.
2020ലാണ് കേസിനാസ്പദമായ സംഭവം. സീതത്തോടിലെ കോവിഡ് സെന്റർ വൊളന്റിയറായിരുന്ന പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലാവുകയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. ആങ്ങമൂഴിയിൽ മാർത്തോമ സഭയുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് കോവിഡ് സെന്റർ പ്രവർത്തിച്ചിരുന്നത്. ഇവിടെ വൊളന്റിയറായിരുന്നു മനു. നിരീക്ഷണത്തിൽ കഴിഞ്ഞ ഒരാൾ പോസറ്റീവ് ആയപ്പോൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം മനുവും യുവതിയും ക്വറന്റൈനിലായി.
തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹിതനായ കാര്യം മറച്ചുവെച്ചാണ് ഇയാൾ അടുപ്പം സ്ഥാപിച്ചത്. തുടർന്ന് രണ്ട് പേരും ഒരു മുറിയിലേക്ക് താമസം മാറി. പിന്നീടാണ് മനു വിവാഹിതനാണ് എന്നുള്ള കാര്യം യുവതി അറിഞ്ഞത്. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്. ഒളിവിലായിരുന്ന മനുവിനായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം പ്രത്യേക ടീമിനെ രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് മനു പിടിയിലായത്.
advertisement
പരാതിക്കാരിയായ യുവതിയുടെ കുടുംബവും സിപിഎം അനുഭാവികളാണ്. പ്രതിയെ പാർട്ടി സംരക്ഷിക്കുകയാണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്.
Location :
Pathanamthitta,Pathanamthitta,Kerala
First Published :
June 15, 2023 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോവിഡ് സെന്ററിലെ സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ വോളന്റിയർ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ