ഹത്രാസ് കേസില്‍ പോപ്പുലർ ഫ്രണ്ട് അംഗം കെ.പി. കമാല്‍ അറസ്റ്റിൽ; നടപടി സിദ്ദീഖ് കാപ്പന്റെ മൊബൈലിൽ നിന്ന് കണ്ടെത്തിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലെന്ന് യുപി STF
- Published by:Rajesh V
- news18-malayalam
Last Updated:
ഹത്രാസ് സംഭവത്തിനിടെ അക്രമം അഴിച്ചുവിടാൻ രഹസ്യയോഗം നടത്താൻ കമാൽ വോയ്സ് നോട്ട് അയച്ചതായി പൊലീസ്. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്നാണ് ഇത് കണ്ടെടുത്തത്
ലഖ്നൗ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായ കെ പി കമാലിനെ ഹത്രാസ് കേസിൽ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയാണ്. കേസിൽ യുഎപിഎ പ്രകാരം അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്ന് കണ്ടെത്തിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഹത്രാസ് സംഭവത്തിനിടെ അക്രമം അഴിച്ചുവിടാൻ രഹസ്യയോഗം നടത്താൻ കമാൽ വോയ്സ് നോട്ട് അയച്ചതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്നാണ് വോയ്‌സ് നോട്ട് കണ്ടെടുത്തത്. അറസ്റ്റിലായ കമാലിന് ലഖ്‌നൗവിൽ നിന്നുള്ള മറ്റൊരു പിഎഫ്‌ഐ അംഗമായ ബദ്‌റുദ്ദീനുമായും ബന്ധമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഹത്രാസ് ബലാത്സംഗ-കൊലപാതക കേസിലെ മുഖ്യപ്രതികൾക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവും മറ്റ് മൂന്ന് പ്രതികളെ വെറുതെവിട്ടതിന് തൊട്ടുപിന്നാലെയാണ് കമാലിന്റെ അറസ്റ്റ്. നേരത്തെ ഇയാളെ പിടികൂടുന്നതിന് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2020 സെപ്റ്റംബർ 14 ന് 19 കാരിയായ ദളിത് യുവതിയെ ഗ്രാമത്തിലെ നാല് പുരുഷന്മാർ കൂട്ടബലാത്സംഗം ചെയുകയും, ക്രൂര പീഡനത്തിന് ഇരയായ കുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സയിലിരിക്കെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിക്കുകയും ചെയ്തു.
advertisement
പിന്നീട് മൃതദേഹം അർധരാത്രി ഹത്രാസിനടുത്തുള്ള ഗ്രാമത്തിൽ സംസ്കരിച്ചു. തങ്ങളുടെ സമ്മതമില്ലാതെയാണ് മകളുടെ സംസ്‌കാരം യുപി പൊലീസ് നടത്തിയെന്നും മൃതദേഹം അവസാനമായി വീട്ടിലേക്ക് കൊണ്ടുവരാൻ പോലും അനുവദിച്ചില്ലെന്നും ഇരയുടെ കുടുംബം ആരോപിച്ചിച്ചു. പിന്നീട് വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറി. അക്രമത്തിന് പ്രേരിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Location :
Lucknow,Lucknow,Uttar Pradesh
First Published :
March 04, 2023 11:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹത്രാസ് കേസില്‍ പോപ്പുലർ ഫ്രണ്ട് അംഗം കെ.പി. കമാല്‍ അറസ്റ്റിൽ; നടപടി സിദ്ദീഖ് കാപ്പന്റെ മൊബൈലിൽ നിന്ന് കണ്ടെത്തിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലെന്ന് യുപി STF