ഹൈറിച്ച്: 2300 കോടി രൂപയുടെ തട്ടിപ്പെന്ന് ഇ.ഡി; ക്രിപ്റ്റോ കറൻസി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവിലും വൻതട്ടിപ്പ്
- Published by:Anuraj GR
- news18-malayalam
Last Updated:
ഹൈറിച്ച് ഉടമ പ്രതാപന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്
കൊച്ചി: ഹൈറിച്ച് ഓൺലൈൻ ഷോപ്പിയ്ക്ക് പുറമെ ക്രിപ്റ്റോ കറന്‍സി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവിലും വൻ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2300 കോടി രൂപ പ്രതികൾ തട്ടിയെടുത്തതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഹൈറിച്ച് ഉടമ പ്രതാപന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഒളിവിൽ പോയ പ്രതാപനും ഭാര്യ ശ്രീനിയ്ക്കും വേണ്ടി അന്വേഷണം തുടരുകയാണ്.
ക്രിപ്റ്റോ കറന്‍സി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവിലാണ് ഹൈറിച്ച് എംഡി വി.ഡി പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും 1157 കോടി രൂപ തട്ടിയതെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ഇതില്‍ വലിയൊരു പങ്ക് വിദേശത്തേക്കു കടത്തിയ ഉടമകള്‍, കാനഡയില്‍ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കാനഡയില്‍ കമ്പനി രൂപീകരിച്ചത് ഹവാല ഇടപാടുകളുടെ ഭാഗമായാണെന്നുമാണ് ഇഡിക്കു ലഭിച്ചിരിക്കുന്ന വിവരം. ഇടപാടുകള്‍ക്ക് ഇടനിലക്കാരായ പത്തിലേറെ പൊലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും.
advertisement
പലചരക്ക് ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. കമ്പനി സമാഹരിച്ച പണത്തില്‍ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോകറന്‍സി വഴിയാണെന്നും ഇഡി കണ്ടെത്തി. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ക്രിപ്റ്റോ ഇടപാടുകള്‍ നടത്തിയതെന്നും കണ്ടെത്തലുണ്ട്.
ഇതിന് പുറമെയാണ് ഒടിടി പ്ലാറ്റ്ഫോമിന്റെ പേരിലും ഇവർ തട്ടിപ്പ് നടത്തിയത്. പുതിയ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്ത് സബ്സ്ക്രൈബേഴ്സിനെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ആയിരകണക്കിന് ആളുകളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം നിക്ഷേപം വാങ്ങിയായിരുന്നു തട്ടിപ്പ്.
advertisement
ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, മണിചെയിന്‍ ഇടപാടുകള്‍ക്കു പുറമെ ഹൈറിച്ച് ഉടമകള്‍ കോടികള്‍ തട്ടിയെടുത്ത മറ്റ് വഴികളിലൂടെയാണ് ഇഡി അന്വേഷണം നടത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് ഉള്‍പ്പെടെയുള്ള ബിസിനസുകളുടെ മറവില്‍ ‘ഹൈറിച്ച്’ കമ്പനി 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ റെയ്ഡിന് എത്തുംമുമ്പ് അറസ്റ്റ് ഭയന്ന് കടന്നുകളഞ്ഞ കമ്പനി എംഡി പ്രതാപന്‍ ദാസനും സിഇഒയും ഭാര്യയുമായ ശ്രീനയ്ക്കും വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Location :
Kochi,Ernakulam,Kerala
First Published :
January 27, 2024 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹൈറിച്ച്: 2300 കോടി രൂപയുടെ തട്ടിപ്പെന്ന് ഇ.ഡി; ക്രിപ്റ്റോ കറൻസി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവിലും വൻതട്ടിപ്പ്