കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തര്‍ക്കത്തിന്റെ പേരിൽ സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന പ്രതി കുറ്റക്കാരനെന്ന് കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
2022 മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്
കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി. കോട്ടയം സെഷൻസ് കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽവച്ച് ഇളയ സഹോദരൻ രഞ്ജു കുര്യനെയും മാതൃ സഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയയെയും (പൂച്ചക്കൽ രാജു) ജോർജ് കുര്യൻ വെടിവച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
2022 മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
സംഭവ സമയം വീട്ടിലുണ്ടായിരുന്ന രഞ്ജു കുര്യന്‍റെയും ജോർജ് കുര്യന്‍റെയും മാതാപിതാക്കളടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
advertisement
കാഞ്ഞിരപ്പള്ളിയിലെ ഉയർന്ന സാമ്പത്തിക ഭദ്രതയുള്ള പുരാതന കുടുംബത്തിലെ അംഗമായ കരിമ്പനാൽ ജോർജ് കുര്യന്റെ സാമ്പത്തിക തകർച്ചയാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. പ്ലാന്റേഴ്സ് കുടുംബമാണ് കരിമ്പനാൽ. കരിമ്പനാൽ കുര്യന്റെ മക്കളായ ജോർജും രഞ്ജുവും കളിച്ചു വളർന്ന കുടുംബവീട്ടിലാണ് രണ്ടുപേർ കൊല ചെയ്യപ്പെട്ടത്.
ഫ്ലാറ്റ് നിർമാണ വ്യാപാര രംഗത്ത് സജീവമായ ജോർജിന് പെട്ടന്നുണ്ടായ സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് പിതാവ് കുടുംബ വീടിനോട് ചേർന്ന് രണ്ടര ഏക്കർ നൽകിയത്. ഇതിലെ അമർഷം സഹോദരങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾക്കിടയാക്കി.
തന്റെ സ്വയരക്ഷക്കാണ് വെടിവെക്കേണ്ടി വന്നതെന്നാണ് ജോർജ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ, കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് പൊലീസിന്റെ വാദം.
Location :
Kottayam,Kottayam,Kerala
First Published :
December 19, 2024 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തര്‍ക്കത്തിന്റെ പേരിൽ സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന പ്രതി കുറ്റക്കാരനെന്ന് കോടതി