കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ; ഒരാളെ വിട്ടയച്ചു; ശിക്ഷാവിധി ചൊവ്വാഴ്ച
- Published by:Rajesh V
- news18-malayalam
Last Updated:
നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീം രാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്
കൊല്ലം കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. നാലാം പ്രതിയെ വിട്ടയച്ചു. പ്രിൻസിപ്പൽ സെഷൻ ജഡ്ജി ജി ഗോപകുമാറാണ് കേസ് പരിഗണിച്ചത്. ശിക്ഷാവിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും. നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീം രാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്.
നാലാം പ്രതിയായിരുന്ന ഷംസുദ്ദീനെയാണ് കോടതി വിട്ടയച്ചത്. അഞ്ചാം പ്രതിയായ മുഹമ്മദ് അയൂബിനെ മാപ്പു സാക്ഷിയാക്കിയാണ് കേസ് വിസ്തരിച്ചത്. കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
2016 ജൂൺ 15ന് രാവിലെ കൊല്ലം കളക്ടറേറ്റ് വളപ്പിൽ ഉപയോഗശൂന്യമായി കിടന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിനടിയിൽ അധികം പ്രഹരശേഷിയില്ലാത്ത ബോംബ് സ്ഥാപിച്ചാണ് സ്ഫോടനം നടത്തിയത്. ചോറ്റുപാത്രത്തിൽ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പഞ്ചായത്ത് മുൻ വൈ പ്രസിഡന്റ് സാബുവിന് പരിക്കേറ്റിരുന്നു.
സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 15 ബാറ്ററികളും 17 ഫ്യൂസ് വയറുകളും ബാഗും പൊലീസ് കണ്ടെടുത്തു. കളക്ടറേറ്റിലേക്ക് ജനങ്ങൾ എത്തുന്ന ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സ്‌ഫോടനം. രണ്ടാം പ്രതി ഷംസൂൺ കരീം രാജയാണ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ. സ്‌ഫോടനത്തിന്റെ ഒരാഴ്ച മുമ്പ് കരിംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
advertisement
ചിത്രങ്ങളുമായി മധുരയിലെത്തിയാണ് മറ്റ് നാലുപേരുമായി ചേർന്ന് സ്ഫോടനം ആസൂത്രണം ചെയ്തത്. സ്ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് കരിംരാജ ബോംബുമായി കൊല്ലത്തെത്തിയത്. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ കളക്ടറേറ്റ് വളപ്പിൽ എത്തി ബോംബ് സ്ഥാപിക്കുകയായിരുന്നു. സംഭവം അന്വേഷിച്ച കേരള പൊലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. വെല്ലൂർ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻഐഎ സംഘമാണ് പ്രതികളെ പിടികൂടിയത്. നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതികൾ.
Location :
Kollam,Kollam,Kerala
First Published :
November 04, 2024 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ; ഒരാളെ വിട്ടയച്ചു; ശിക്ഷാവിധി ചൊവ്വാഴ്ച