ഹൈദരാബാദ്: സുഹൃത്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യലിന് വിളിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് (Suicide) ശ്രമിച്ചു. ഹൈദരാബാദിലാണ് സംഭവം. ഇരുപത്തിനാലുകാരനായ യുവാവാണ് ഹെയർ ഡൈ (hair dye)കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ അകാരണമായി കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് യുവാവിന്റെ ആരോപണം. ഹെയർ ഡൈ കുടിച്ചതിനു ശേഷം വീഡിയോ എടുത്ത യുവാവ് ഇത് സുഹൃത്തുക്കൾക്ക് അയക്കുകയും ചെയ്തിരുന്നു.
കാർ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ ആരോഗ്യനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം, സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ മാത്രമാണ് വിളിച്ചതെന്നും കേസിൽ കുടുക്കാൻ ശ്രമം നടന്നെന്ന ആരോപണവും പൊലീസ് നിഷേധിച്ചു.
Also Read-
ഭാര്യവീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
ഹൈദരാബാദിലെ മഞ്ചേരിയൽ ജില്ലയിലുള്ള കാശിപേട്ട് സ്വദേശിയായ സാഗർ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസമാണ് സാഗറിന്റെ സുഹൃത്തായ മഹേന്ദർ(29) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
കാശിപേട്ടിലെ റെയിൽവേ ട്രാക്കിലാണ് മഹേന്ദറിന്റെ മൃതദേഹം കണ്ടെത്തിയത്. മഹേന്ദറിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം മൃതദേഹവുമായി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസിൽ കാശിപേട്ട് പൊലീസ് കേസന്വേഷണം ഏറ്റെടുത്തിരുന്നു. ഇത് പുരോഗമിക്കുകയാണ്.
പ്രാഥമിക അന്വേഷണത്തിൽ, മഹേന്ദർ ഗ്രാമത്തിലെ മറ്റൊരാളുമായി വഴക്കിടുന്നതും സുഹൃത്തുക്കളായ സാഗറും രാജയ്യയും ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ പൊലീസിന് ലഭിച്ചു. വീഡിയോയുടെ അവസാനം രാജയ്യ മഹേന്ദറിനെ തള്ളിയിടുന്നതായും ഇയാൾ അനക്കമില്ലാതെ കിടക്കുന്നതും കാണാമായിരുന്നു.
Also Read-
15-കാരിയെ ബലാത്സംഗം ചെയ്തു; കോൺഗ്രസ് എംഎൽഎയുടെ മകനുൾപ്പെടെ 5 പേർക്കെതിരെ കേസ്; ലക്ഷങ്ങൾ തട്ടി
തുടർന്ന് രാജയ്യയെ പൊലീസ് ചോദ്യം ചെയ്യലിന് വിളിച്ചിരുന്നു. എന്നാൽ വീഡിയോ പ്രാങ്ക് ആയിരുന്നുവെന്നും ഇത്തരത്തിൽ ചിത്രീകരിച്ച മറ്റു പല വീഡിയോസും പൊലീസിന് മുന്നിൽ കാണിക്കുകയും ചെയ്തതായി തണ്ടൂർ സിഐ കെ ജഗദീഷ് പറഞ്ഞു.
ഇതിനു ശേഷമാണ് സാഗറിനെ ചോദ്യം ചെയ്യാൻ വിളിച്ചതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സാഗറിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.
എന്നാൽ പൊലീസ് തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും താൻ ഹെയർ ഡൈ കുടിച്ചെന്നും പറയുന്ന വീഡിയോ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. മഹേന്ദറിന്റെ മരണവുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ തീർക്കാൻ വേണ്ടി മാത്രമാണ് സാഗറിനെ വിളിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.