മംഗളൂരു: ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർഥികളെ പൊലീസ് അറസ്റ്റുചെയ്തു. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർഥികൾ അറസ്റ്റിലാവുന്നത്. മംഗളൂരു ഉള്ളാൾ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളായ വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നത്തെ റോബിൻ ബിജു (20), വൈക്കം എടയാറിലെ ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്‌റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസർകോട് കടുമേനിയിലെ ജാഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂരിലെ ആസിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കനകരിയിലെ കെ എസ് അക്ഷയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Also Read- സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു: തുടര്‍ച്ചയായ അഞ്ചാംദിവസവും വില മുകളിലോട്ട്
കോളജിലെ ജൂനിയറായ 5 മലയാളി വിദ്യാർഥികളെയാണ് 11 അംഗ മലയാളി വിദ്യാർഥിസംഘം റാഗ് ചെയ്തത്. മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പുകൊണ്ട് മുറി അളപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി റാഗിങ്ങിനിരയായ വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്. റാഗിങ്ങിനിരയായ അഞ്ച് വിദ്യാർഥികളും ചേർന്ന് കഴിഞ്ഞദിവസം കോളജ് മാനേജ്‌മെന്റിന് പരാതി നൽകുകയായിരുന്നു. മാനേജ്‌മെന്റാണ് പൊലീസിനെ വിവരമറിയിച്ചത്.
18 പേരടങ്ങിയ സംഘമാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. നിലവിൽ പരാതിയിൽ പറഞ്ഞ 11 പേർക്കെതിരേയാണ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു.
മറ്റൊരു സംഭവം-
കൊല്ലം കൊട്ടിയത്ത് പതിനഞ്ചുകാരിയെ അച്ഛനും സഹോദരന്‍റെ സുഹൃത്തും പീഡിപ്പിച്ചു. മൂന്നു മാസം ഗർഭിണിയായ കുട്ടിയെ ചൈൽഡ് ലൈനിന്‍റെ സംരക്ഷണയിലേക്ക് മാറ്റി. അറസ്റ്റിലായ അച്ഛനെയും മറ്റൊരു പ്രതിയായ യുവാവിനെയും കോടതി റിമാൻഡ് ചെയ്തു. ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെയാണ് സ്വന്തം അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരന്‍റെ സുഹൃത്തുമാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. തുടർന്ന് പോലീസ് സഹായത്തോടെ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പീഡനവിവരം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നില്ല.
Also Read- 'ഒരച്ഛനെന്ന നിലയിൽ ഏറെ അഭിമാനം'; മകൾ വിസ്മയയുടെ പുസ്തകം പ്രണയ ദിനത്തിൽ പുറത്തിറങ്ങുമെന്ന് മോഹൻലാൽ
2020 മുതൽ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് പെൺകുട്ടി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ചാത്തന്നൂർ പൊലീസ് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സഹോദരന്റെ സുഹൃത്തും അടുപ്പം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. കാമുകൻ നൗഷാദിനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിൽ ആണ്. തുടർ അന്വേഷണത്തിലാണ് പിതാവിന്റെ പീഡനവും പുറത്തറിഞ്ഞത്. ചാത്തന്നൂർ സി ഐ ഡി. അനീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. കൊല്ലം ജില്ലയിൽ 17കാരിയെ 12ഓളം പേർ ചേർന്നു പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനടക്കം നാലു പേരെക്കൂടി പൂയപ്പള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തത് രണ്ടു ദിവസം മുമ്പാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: College ragging, Mangaluru, Mangaluru police