ത്രികോണ പ്രണയത്തിനൊടുവിൽ കൊലപാതകം; കൊൽക്കത്തയിൽ കമിതാക്കൾ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
വ്യവസായിയായ യുവാവ് വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന യുവതിയുമായി പ്രണയത്തിലായതോടെയാണ് സങ്കീർണമായ സംഭവങ്ങളുടെ തുടക്കം
കൊൽക്കത്ത: തിങ്കളാഴ്ച ഗുവാഹത്തിയിലെ ഒരു ആഡംബര ഹോട്ടലിൽ വ്യവസായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽനിന്നുള്ള കമിതാക്കൾ അറസ്റ്റിലായി. പൂനെയിൽ നിന്നുള്ള വ്യാപാരിയായ സന്ദീപ് കാംബ്ലിയെ (42) ഗുവാഹത്തിയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കൊൽക്കത്ത വിമാനത്താവളത്തിലെ ഒരു റെസ്റ്റോറൻ്റിൽ ജോലി ചെയ്യുന്ന 25 കാരിയായ അഞ്ജലി ഷായും കാമുകൻ രാകേഷ് ഷായുമായി ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ വച്ച് കാംബ്ലിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം ഉണ്ടായത്.
ഈ സംഭവത്തിന് പിന്നിൽ സങ്കീർണമായ ബന്ധങ്ങളാണെന്ന് പൊലീസ് പറയുന്നു. ഒരേസമയം കാംബ്ലിയുമായും രാകേഷ് ഷായുമായും അഞ്ജലി പ്രണയത്തിലായിരുന്നു. കാംബ്ലി അഞ്ജലിയുമായി ബന്ധം സ്ഥാപിക്കുകയും തന്നെ വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. അഞ്ജലിയ്ക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങളും കാംബ്ലിയുടെ കൈവശം ഉണ്ടായിരുന്നു.
advertisement
അതിനിടെ രാകേഷുമായുള്ള ബന്ധവും അഞ്ജലി തുടർന്നു. കാംബ്ലി വിവാഹത്തിന് നിർബന്ധിക്കുന്നതും സ്വകാര്യചിത്രങ്ങൾ എടുത്തതുമൊക്കെ അഞ്ജലി രാകേഷ് ഷായോട് പറഞ്ഞു. ഇതോടെ കാംബ്ലിയിൽനിന്ന് ആ സ്വകാര്യചിത്രങ്ങൾ കൈവശപ്പെടുത്താൻ ഇരുവരും തീരുമാനിച്ചു.
മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം കാംബ്ലിയെ അഞ്ജലി കൊൽക്കത്തയിലേക്ക് വിളിച്ചുവരുത്തി. എന്നാൽ അഞ്ജലിയുമായി കാംബ്ലി കൊൽക്കത്തയിലേക്ക് പോകുകയായിരുന്നു. അവിടെ റാഡിസൺ ബ്ലൂ ഹോട്ടലിൽ ഒരു മുറി ബുക്ക് ചെയ്തു. ഇതിനിടെ അഞ്ജലി അറിയിച്ചത് അനുസരിച്ച് രാകേഷും ഇതേ ഹോട്ടലിലെത്തി മുറിയെടുത്തു.
തിങ്കളാഴ്ച അഞ്ജലിയും കാംബ്ലിയും താമസിക്കുന്ന മുറിയിലേക്ക് രാകേഷ് എത്തിയതോടെ ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. വാക്കുതർക്കം കൈയേറ്റത്തിലേക്ക് വഴിമാറി. രാകേഷ് കാംബ്ലിയെ ക്രൂരമായി മർദിച്ച് അവശനാക്കി. കാംബ്ലി അബോധാവസ്ഥയിലായതോടെ രാകേഷും അഞ്ജലിയും അവിടെനിന്ന് കടന്നുകളഞ്ഞു.
advertisement
ജീവനക്കാർ നടത്തിയ പരിശോധനയിലാണ് സന്ദീപ് കാംബ്ലിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാർ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ, അതിഥികളുടെ വിവരങ്ങൾ എന്നി പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ രാകേഷ് ഷായെയും അഞ്ജലിയെയും പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ഷായെയും അഞ്ജലിയെയും അസറയ്ക്ക് സമീപം പൊലീസ് കണ്ടെത്തിയത്.
Location :
Kolkata,Kolkata,West Bengal
First Published :
February 06, 2024 3:22 PM IST