23 വർഷം മുമ്പ് കോടികളുടെ സ്വത്തുടമ ബിന്ദുവിന്റെ തിരോധാനം: ചോദ്യം ചെയ്യാനിരിക്കെ യുവാവ് മരിച്ച നിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സെബാസ്റ്റ്യന്റെ വീട്ടിൽ വരുന്നതിനു മുൻപു ബിന്ദു സ്ഥിരമായി വിളിച്ചിരുന്ന ഓട്ടോക്കാരനായിരുന്നു മനോജ്. ഇയാളെ ചോദ്യം ചെയ്യലിന് പൊലീസ് വിളിപ്പിച്ചിരുന്നതിന് തലേന്നാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ആലപ്പുഴ: 23 വർഷം മുമ്പ് കാണാതായ ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനു(44) വേണ്ടിയുള്ള അന്വേഷണം പൊലീസ് തുടരുന്നതിനിടെയാണ് 5 വർഷം മുൻപ് സംഭവത്തിൽ ദുരൂഹതയേറ്റി യുവാവിന്റെ മരണം. പള്ളിപ്പുറം തൈകൂട്ടത്തിൽ മനോജാണു(46) ജീവനൊടുക്കിയത്. കേസിലെ മുഖ്യപ്രതിയായ സെബാസ്റ്റ്യന്റെ വീട്ടിൽ വരുന്നതിനു മുൻപു ബിന്ദു സ്ഥിരമായി വിളിച്ചിരുന്ന ഓട്ടോക്കാരനായിരുന്നു മനോജ്. ഇയാളെ ചോദ്യം ചെയ്യലിന് പൊലീസ് വിളിപ്പിച്ചിരുന്നതിന് തലേന്നാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബിന്ദു പത്മനാഭനെ കാണാതായത് 2022ൽ
ആലുങ്കലില്‍ പത്മനിവാസിൽ പി പ്രവീൺകുമാറാണു സഹോദരി ബിന്ദുവിനെ കാണാതായതു സംബന്ധിച്ച് ആഭ്യന്തര വകുപ്പിനു പരാതി നൽകിയത്. പഠിക്കാനെന്ന പേരിൽ ബെംഗളൂരുവിലേക്കുപോയ ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരം ബന്ധുക്കൾക്കു പോലുമില്ല. ഇവരെ എന്നുമുതൽ കാണാതായി എന്നതിനു പോലും വ്യക്തതയില്ലാത്ത പശ്ചാത്തലത്തിലാണ് പൊലീസ് അന്വഷണത്തിന് ഇറങ്ങിയിരിക്കുന്നത്. 2002ലാണ് ഇവരെ കാണാതാകുന്നത്.
വ്യാജ വിൽപത്രവും മറ്റു രേഖകളും ചമച്ച് കോടികളുടെ സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നതായാണ് സഹോദരന്റെ പരാതി. എന്നാൽ പരാതി നൽകിയ ഇദ്ദേഹം വിദേശത്താണെന്നതിനാൽ ആദ്യം അന്വേഷണത്തിനു വേണ്ടത്ര പുരോഗതിയുണ്ടായില്ല. മാധ്യമങ്ങളും മറ്റും ഏറ്റു പിടിച്ചതോടെയാണ് പൊലീസ് അന്വേഷിക്കാനിറങ്ങിയത്.
advertisement
ഇതും വായിക്കുക: എട്ടുമാസം മുൻപ് കാണാതായ ജെയ്നമ്മയുടെ ഫോണിൽ നിന്ന് മിസ് കോൾ വരുന്നതെങ്ങനെ?
കോടികളുടെ ഇടപാടു നടന്ന ഭൂമി ഇടപാടു കേസ് കൂടി വെളിച്ചത്തുവന്നതോടെ പൊലീസ് പണം വാങ്ങി പ്രതികൾക്കു വേണ്ടി അന്വേഷണം മരവിപ്പിച്ചെന്ന ആരോപണമുയർന്നു. ഇതോടെ വെട്ടിലായ പൊലീസ് അന്വേഷണം സജീവമാക്കി.
സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ പത്മനാഭപിള്ളയുടെ പേരിലുള്ള കുടുംബ പെൻഷൻ അവിവാഹിതയായ ബിന്ദുവിന് അർഹതപ്പെട്ടതായിരുന്നു. കാണാതാകുന്നതിന് അഞ്ചു വർഷം മുമ്പു വരെ അവരതു കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതു കൈപ്പറ്റിയിട്ടില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
വ്യാജരേഖയും ആൾ മാറാട്ടവും
പിതാവിന്റെ മരണ സമയത്താണ് ബിന്ദു അവസാനമായി നാട്ടിലെത്തിയത്. ബന്ധുക്കളുമായി അടുപ്പമില്ലാതിരുന്നതിനാലും സഹോദരൻ സ്ഥലത്ത് ഇല്ലാതിരുന്നതിനാലുമാകണം ഇവർ പള്ളിപ്പുറം സ്വദേശിയെ ബ്രോക്കറാക്കി ഇടപ്പള്ളിയിലെ വസ്തു വിൽക്കാൻ ശ്രമിച്ചത്. ആദ്യ ഘട്ടത്തിൽ വിൽപന നടക്കാതിരുന്നതിനാൽ മുക്ത്യാർ നൽകിയ ശേഷം ബിന്ദു തിരിച്ചു പോയെന്ന നിലപാടിലായിരുന്നു പള്ളിപ്പുറം സ്വദേശി.
എന്നാൽ മുക്ത്യാർ രജിസ്റ്റർ ചെയ്തത് വ്യാജമാണെന്നു വ്യക്തമായതോടെ പൊലീസ് ബിന്ദുവിനായുള്ള അന്വേഷണം തുടങ്ങി. ബിന്ദുവിന്റെ പേരിൽ വ്യാജ മുക്ത്യാർ രജിസ്റ്റർ ചെയ്ത് ഇടപ്പള്ളിയിലെ ഭൂമി വിൽപന നടത്തിയെന്നാണ് കേസ്. പലതവണ പൊലീസ് ബ്രോക്കറെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. ഇവർ ജീവിച്ചിരിപ്പുണ്ടോ എന്നുറപ്പാക്കാൻ പോലും പൊലീസിനായിട്ടില്ല എന്നതാണ് വസ്തുത.
advertisement
പരാതി നൽകിയത് 2017ൽ
ബിന്ദുപത്മനാഭനെ 2002 മുതൽ കാണാനില്ലെന്നു കാട്ടി 2017 ലാണ് സഹോദരൻ പ്രവീൺ പൊലീസിൽ പരാതി നൽകിയത്. സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടെങ്കിലും ഇതുവരെ കേസിനു തുമ്പുണ്ടാക്കാനായില്ല. ബിന്ദു പത്മനാഭനെ കാണാതായ പരാതിയുണ്ടായ 2017 മുതൽ സെബാസ്റ്റ്യൻ വിവിധ അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു.
പലതവണ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും സെബാസ്റ്റ്യന്റെ പള്ളിപ്പുറം ചെങ്ങുംതറയിൽ പരിശോധനകൾ നടത്തിയിരുന്നു. വീടിന്റെ പലഭാഗത്തും കുഴിച്ചും വീടിനുള്ളിൽ പലരീതിയിലും നടത്തിയ പരിശോധനകളിലൊന്നും തെളിവുകളൊന്നും ലഭിച്ചില്ല. 2017 അവസാനം ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്‌തെങ്കിലും ഇയാൾ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. നുണപരിശോധനയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചെങ്കിലും സെബാസ്റ്റ്യൻ വിസമ്മതിച്ചതിനാൽ അതും നടന്നില്ല.
Location :
Alappuzha,Alappuzha,Kerala
First Published :
July 29, 2025 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
23 വർഷം മുമ്പ് കോടികളുടെ സ്വത്തുടമ ബിന്ദുവിന്റെ തിരോധാനം: ചോദ്യം ചെയ്യാനിരിക്കെ യുവാവ് മരിച്ച നിലയിൽ