മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോർത്താൻ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്
- Published by:Rajesh V
- news18-malayalam
- Reported by:Anumod
Last Updated:
മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസ് ആണ് ഷാബാ ഷെരീഫ് കേസ്
വിവാദം സൃഷ്ടിച്ച മൈസൂർ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതക കേസിൽ വിധി വ്യാഴാഴ്ച. മൃതദേഹമോ മൃതദേഹ അവശിഷ്ടങ്ങളോ ഒന്നും ലഭിക്കാത്ത കേസിൽ നിർണായകമാവുക ശാസ്ത്രീയ പരിശോധന ഫലങ്ങളാണ്. മഞ്ചേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് കേസിൽ വിധി പറയുമ്പോൾ കേരള പോലീസിന്റെ അന്വേഷണ ചരിത്രത്തിൽ അത് ഏറെ നിർണായകമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്.
മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസ് ആണ് ഷാബാ ഷെരീഫ് കേസ്. 2019 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സൂരു സ്വദേശി ഷാബാ ഷെരീഫിനെ മൂലക്കുരുവിൻ്റെ ഒറ്റമൂലി രഹസ്യം അറിയാൻ വേണ്ടി നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫിൻ്റെ സംഘം തട്ടിക്കൊണ്ടു വന്നു ഒരു വർഷത്തിൽ അധികം ഷൈബിൻ്റെ മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചെന്നും പിന്നീട് 2020 ഒക്ടോബറിൽ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് കേസ്. മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതു കൊണ്ടുതന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലവും കേസിന് ലഭിച്ചില്ല.
advertisement
കേസിൽ നിർണായകം ആയിരിക്കുന്നത് ഷബാ ഷരീഫിന്റെ തലമുടിയുടെ മൈറ്റോകോൺട്രിയോ ഡിഎൻഎ പരിശോധന ഫലം ആണ്. ഷൈബിൻ അഷ്റഫിന്റെ കാറിൽ നിന്നാണ് ഈ തലമുടി കണ്ടെത്തിയത്. ഇത് ഷാബാ ഷെരീഫിന്റെ ആണെന്ന് മൈറ്റോകോൺട്രിയ ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. ഈ ശാസ്ത്രീയ പരിശോധന ഫലവും മാപ്പുസാക്ഷിയാക്കപ്പെട്ട കേസിലെ ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനു (42)വിന്റെ സാക്ഷി മൊഴികളും ആണ് കേസിൽ നിർണായകമായത്. നൗഷാദ് വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് ഷാബാ ഷെരീഫ് വധം പുറം ലോകം അറിഞ്ഞത്. ഷാബാ ഷെരീഫിനെ കെട്ടിയിട്ട ദൃശ്യങ്ങളും നൗഷാദ് പകർത്തിയിരുന്നു. ഇതും കേസിൽനിർണായകമാണ്.
advertisement
2024 ഫെബ്രുവരി 15ന് ആയിരുന്നു കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ കേസിൽ വിസ്തരിച്ചു. സംസ്ഥാനത്ത് മറ്റൊരു കേസിലും ഇല്ലാത്ത രീതിയിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളും കോടതിക്കു മുമ്പിൽ നിർണായക തെളിവുകളായി. ഷാബാ ഷെരീഫിന്റെ ഭാര്യയും മക്കളും ഷൈബിൻ അഷ്റഫിന്റെ സംഘത്തെ തിരിച്ചറിഞ്ഞിരുന്നു.
കേസിൽ മുഖ്യപ്രതി ഷൈബിൻ അഷറഫ് അടക്കം 15 പ്രതികളാണുള്ളത്. ഏഴാം പ്രതിയായ നൗഷാദ് മാപ്പ് സാക്ഷിയായി. പിടികിട്ടാൻ ഉണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ വച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിൽ ആണ്. നൗഷാദ് സാമ്പത്തിക ലാഭത്തിനുവേണ്ടി കള്ളം പറയുന്നുവെന്ന് മറുവാദമാണ് പ്രതിയുടെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചത്. ഈ കേസിന്റെ വിചാരണ നടക്കുമ്പോൾ തന്നെ മുൻപ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങൾ ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരം ആയിരുന്നുവെന്ന പരാതികളിൽ സിബിഐ അന്വേഷണം തുടങ്ങിയിരുന്നു.
Location :
Malappuram,Malappuram,Kerala
First Published :
March 19, 2025 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോർത്താൻ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്