ഷാരോൺ വധക്കേസ്: തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം
- Published by:Rajesh V
- news18-malayalam
Last Updated:
കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേരള പൊലീസ് അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകവും ആസൂത്രണവും നടന്നത് തമിഴ്നാട്ടിലാണ്. തൊണ്ടിമുതൽ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിൽ നിന്നാണ്. ഇതിനാൽ കേസ് തമിഴ്നാട് പൊലീസിന് കൈമാറണമെന്നാണ് റൂറൽ എസ് പിക്ക് ലഭിച്ച നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേരള പൊലീസ് അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്.
കേരള പൊലീസ് അന്വേഷണം നടത്തുന്നത് ഭാവിയില്‍ നിയമപ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കാന്‍ സാധ്യതയുണ്ട്. പ്രതി ഇതിനെ കോടതിയില്‍ ചോദ്യം ചെയ്‌തേക്കാം. ഇതു കണക്കിലെടുത്താണ് അന്വേഷണവും വിചാരണയും തമിഴ്‌നാട്ടില്‍ നടത്തുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശത്തില്‍ പറയുന്നത്. ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ്. ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. തെളിവുകള്‍ കണ്ടെടുത്തതും ഇവിടെ നിന്നാണ്.
advertisement
ഷാരോണ്‍ വധക്കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും കേരളത്തിലെ പാറശ്ശാല പൊലീസാണ്. ഇതു പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടില്‍ ആയതിനാല്‍ അന്വേഷണവുമായി മുന്നോട്ടുപോവുന്നതില്‍ നിയമപ്രശ്‌നമുണ്ടോ എന്നറിയാനാണ്, ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്.
കേസില്‍ കൊല്ലപ്പെട്ട ഷാരോണിന്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിർമല്‍ കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രീഷ്മയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ വിഷക്കുപ്പി ഉള്‍പ്പെടെ കണ്ടെടുക്കുകയും ചെയ്തു.
നെയ്യൂരിലെ സ്വകാര്യ കോളജിൽ ബി എസ്‌സി റേഡിയോളജി അവസാന വർഷ വിദ്യാർത്ഥിയായിരുന്ന ഷാരോൺ രാജ് ഒരു ബസ് യാത്രക്കിടെയാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇരുവരും ഒരുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് ഷാരോൺ രാജിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
advertisement
Also Read- ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കോളേജ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് അറസ്റ്റിൽ
ഷാരോണിന്റെ സുഹൃത്തായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Location :
First Published :
November 03, 2022 11:48 AM IST